- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിൽ ഒരു വർഷം കെയററായി ജോലി ചെയ്ത നാട്ടിൽ നഴ്സിങ് ഡിഗ്രി പഠിച്ചവർക്ക് മാന്യമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെങ്കിൽ ഐ ഇ എൽ ടി എസ് അല്ലെങ്കിൽ ഒ ഇ ടി ഇല്ലാതെ നഴ്സാകാൻ അനുമതി; വർഷങ്ങളായി യു കെയിൽ എത്തി ഇംഗ്ലീഷ് പരീക്ഷയിൽ കുടുങ്ങി പണികിട്ടിയവർക്ക് ആശ്വാസം; രണ്ടു പേരുടെ പ്രയത്നം ഫലം കാണുമ്പോൾ
യു കെ മലയാളികളായ ഡോ. അജിമോൾ പ്രദീപ്, ഡോ. ഡില്ല ഡേവിസ് എന്നിവരുടെ പ്രയത്നം അവസാനം ഫലം കണ്ടിരിക്കുന്നു. ഇന്ത്യയിൽ നഴ്സിങ് പരിശീലനം കഴിഞ്ഞ് യു കെയിൽ റെജിസ്റ്റർ ചെയ്യാൻ കഴിയാതിരിക്കുന്ന ആയിരക്കണക്കിന് നഴ്സുമാർക്ക് ഇനി ആശ്വസിക്കാം. റെജിസ്ട്രേഷൻ നിബന്ധനകളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ കാതലായ മാറ്റം വരുത്തുന്നതിന് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ അന്തിമാധികാരം നൽകിയിരിക്കുന്നു.
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുവനുള്ള അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. 2023 മുതലായിരിക്കും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഈ മാറ്റങ്ങൾ അനുസരിച്ച് യു കെയിൽ ഉള്ള നഴ്സിങ് ബിരുദം പൂർത്തിയാക്കിയവർക്ക്, അവരുടെ നഴ്സിങ് പഠനവും പരീക്ഷയും ഇംഗ്ലീഷ് മാധ്യമത്തിലായിരുന്നു എന്ന് തെളിയിക്കുകയും, അവരുടെ നിലവിലെ തൊഴിലുടമ, അവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ റെജിസ്ട്രേഷൻ നടപടികളുമായി മുൻപോട്ട് പോകാം.
ഇനിമുതൽ ഒ ഇ ടി/ ഐ ഇ എൽ ടി എസ് പരീക്ഷകളിൽ നിർബന്ധമായും ജയിച്ചിരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ ഉണ്ടാവുകയില്ല. അതേസമയം, യു കെ യ്ക്ക് പുറത്തുള്ളവർക്ക്, ഇതുവരെ അവർ 6 മാസക്കാലയളവിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകൾ ഒന്നായി കണക്കാക്കാനുള്ള അവസരം ഉണ്ടായിരുന്നത്, 12 മാസക്കാലത്തിനുള്ളിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകളാക്കി മാറ്റിയിട്ടുണ്ട്. ഇതും, മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ നഴ്സുമാർക്ക് ഏറെ അനുഗ്രഹകരമായ കാര്യമായി മാറിയിരിക്കുകയാണ്.
ഈ മാറ്റങ്ങൾക്കായി ഏറെ പ്രയത്നിച്ചത് രണ്ടു മലയാളികൾ ആയിരുന്നു കിങ്സ് കോളേജ് ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്ററായ ഡോ. അജിമോൾ പ്രദീപും, യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിലെ നഴ്സിങ് ലക്ചറർ ഡോ. ഡില്ല ഡെവിസുമായിരുന്നു ഈ മാറ്റങ്ങൾക്കായി പരിശ്ര്മിച്ചത്. ഇന്ത്യയിൽ പരിശീലനം നേടിയെത്തി, ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ മികവ് പുലർത്താനാകാത്തതുകൊണ്ട് മാത്രം റെജിസ്ട്രേഷൻ അവസരം നഷ്ടപ്പെട്ട ആയിരക്കണക്കിന് നഴ്സുമാർക്കായി കഴിഞ്ഞ രണ്ടു വർഷമായി ഇവർ നീണ്ട പോരാട്ടം നടത്തി വരികയായിരുന്നു.
ഇത്തരത്തിൽ, ഇന്ത്യയിൽ നിന്നും നഴ്സിങ് പരിശീലനം കഴിഞ്ഞ് യു കെയിൽ എത്തി ഇംഗ്ലീഷ് പരീക്ഷ വിജയിക്കാനാകാതെ പോയ നിരവധി പേർ വർഷങ്ങളായി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായും കെയറർമാരായും യു കെയി ജോലി ചെയ്യുന്നുണ്ട്. ഇത്തരക്കാർക്ക് തീർച്ചയായും അനുഗ്രഹമായി മാറിയിരിക്കുകയാണ് ഈ മാറ്റങ്ങൾ. ഇവരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ എൻ എം സി ഒരു കൺസൾട്ടേഷന് തയ്യാറായിരുന്നു.
ഈ കൺസൾട്ടേഷനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച്, കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ, കുറഞ്ഞത് ഒരു വർഷമെങ്കിലും യു കെയിലെ ആരോഗ്യ മേഖലയിലോ സോഷ്യൽ കെയർ സെക്ടറിലോ നോൺ- റെജിസ്റ്റേർഡ് ആയി പ്രവർത്തിച്ചു പരിചയമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ നഴ്സിങ് പഠനവും പരീക്ഷയും പൂർത്തിയാക്കി ബിരുദമെടുത്തവർക്ക്, അവരുടെ ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിന് നിലവിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം മതിയാകും.
എന്നാൽ, തങ്ങളുടെ നഴ്സിങ് പഠനവും പരീക്ഷയും ഇംഗ്ലീഷിൽ ആണെന്നുള്ളതിന് അവർ തെളിവ് നൽകേണ്ടതായി വരും.അതല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകളിൽ 0.5 സ്‌കോറിനോ (ഐ ഇ എൽ ടി എസ്) പകുതി ഗ്രേഡിനോ (ഒ ഇ ടി) മാത്രമാണ് പരാജയപ്പെട്ടതെന്ന് തെളിയിച്ചാലും മതിയാകും. എഴുത്ത്, വായന, സംസാരം, മനസ്സിലാക്കൽ എന്നീ നാലു മേഖലകളിലെ ഇംഗ്ലീഷ് പരിജ്ഞാനം വ്യക്തമാക്കുന്ന പരീക്ഷയിൽ ആവശ്യമായ സ്‌കോറിനേക്കാൾ 0.5 സ്‌കോറിൽ കൂടുതൽ കുറയരുത് അല്ലെങ്കിൽ അര ഗ്രേഡിനേക്കാൾ കുറയരുത്.
നിലവിൽ എഴുത്ത്, സംസാരം, മനസ്സിലാക്കൽ എന്നിവ മൂന്നിനും ചേർത്ത് വിജയിക്കാൻ ആവശ്യമായ മിനിമം സ്‌കോർ 6.5 ആണ്. എഴുത്ത് പരീക്ഷിക്കുന്നതിൽ ആവശ്യമായത് 6 ഉം. ഒ ഇ ടിയുടെ കാര്യത്തിൽ ആദ്യ മൂന്നു വിഭാഗങ്ങൾക്കും കൂടി സി * ഗ്രേഡും എഴുത്തിന് സി ഗ്രേഡും ആവശ്യമാണ്. അതുപോലെ നിലവിൽ ആറുമാസക്കാലയളവിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകൾ ഒന്നു ചേർത്ത് പരിഗണിക്കുമെങ്കിൽ ഇനി മുതൽ അത് 12 മാസക്കാലമായി ഉയർത്തിയിട്ടുമുണ്ട്.
തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ലീഡർഷിപ്പ് സ്ഥാനത്തുള്ള വ്യക്തിക്ക് ഇത്തരത്തിൽ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം സാക്ഷ്യപ്പെടുത്താനാവും. അതേ സ്ഥാനത്തുള്ള മറ്റൊരു വ്യക്തി അതിനെ പിന്തുണക്കുകയും വേണം. മാത്രമല്ല, ഇവർ രണ്ടു പേരും എൻ എം സി റെജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുമ്പോൾ ഉറപ്പാക്കേണ്ട സുരക്ഷ ഉറപ്പാക്കുവാനും, അതിനായി ആവശ്യമായ രീതിയിൽ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാൻ കഴിയുമെന്ന് ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്ന് എൻ എം സിയിലെ സ്ട്രാറ്റജി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ മാത്യൂ മെക്ക്ലാൻഡ് പറഞ്ഞു. അതേസമയം, യു കെയിലെ ആരോഗ്യ മേഖലയ്ക്ക് സ്തുത്യർഹമായ സേവനം നൽകിക്കൊണ്ടിരിക്കുന്നവർക്ക് അർഹമായ പരിഗണന നൽകാനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതായാലും ഇപ്പോൾ വരുത്തിയ മാറ്റങ്ങളുടെ പൂർണ്ണമായ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നായിരുന്നു ഡോ. അജിമോൾ പ്രദീപ് ഈ വാർത്തയോട് പ്രതികരിച്ചത്. ഈ മറ്റങ്ങൾ നിലവിൽ യു കെയിൽ ഉള്ള്, നാട്ടിൽ നിന്നും നഴ്സിങ് പടനം പൂർത്തിയാക്കി എത്തിയവർക്കാണ് പ്രയോജനപ്പെടുക. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ പോകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്ന് എന്നായിരുന്നു ഡോ. ഡെല്ല ഡേവിസിന്റെ പ്രതികരണം. പ്രതീക്ഷകളും, ആഗ്രഹങ്ങളും, നിരാശകളും, തിരിച്ചടികളുമൊക്കെ ഉണ്ടായ ഒരു യാത്രയായിരുന്നു തങ്ങളുടേതെന്ന് ഡോ. ഡെല്ല ഓർമ്മിച്ചു.
തങ്ങളുടെ പോരാട്ടം ലക്ഷ്യം കണ്ടതിൽ സന്തോഷം രേഖപ്പെടുത്തിയ ഇരുവരും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിന് എൻ എം സിയോട് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. യു കെയിൽ എത്തി, നിസ്സാര മാർക്കുകൾക്ക് ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയിൽ തോറ്റതുകൊണ്ട് മാത്രം റെജിസ്റ്റർ ചെയ്യാൻ ആകാത്ത ആയിരക്കണക്കിന് വിദേശ നഴ്സുമാർക്ക് ഈ തീരുമാനം അനുഗ്രഹമാകും എന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ