- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ നിന്നും കാണാതായ മലയാളിയെ ബുറൈദയിൽ കണ്ടെത്തി; അന്വേഷണത്തിൽ വഴിത്തിരവായത് റിയാദിലെ ഒരു സുഹൃത്തിനെ ഫോൺ വിളിച്ചത്: സാമ്പത്തിക പ്രയാസംമൂലം നാടുവിട്ടതെന്ന് റിപ്പോർട്ട്
റിയാദ്ന്: റിയാദിൽ നിന്നു കാണാതായ മലയാളിയെ കണ്ടെത്തി. ദിവസങ്ങളായി കാണാതായ മലപ്പുറം അരിപ്ര മാമ്പ്ര സ്വദേശി ഹംസത്തലിയെ ബുറൈദയിൽ നിന്നുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസംമൂലമുണ്ടായ മാനസിക സമ്മർദ്ദം മൂലം നാടുവിട്ടതെന്നാണ് റിപ്പോർട്ട്. ഈ മാസം 14 മുതലാണ് ഇദ്ദേഹത്തെ കാണാതായിരുന്നത്.
റിയാദിലെ നസീമിലുള്ള ഒരു ബഖാല(ഗ്രോസറി)യിൽ ജോലി ചെയ്തു വരികയായിരുന്നു. 14-ാ തിയതി ഹംസത്തലി ഉച്ചയ്ക്കു കടയടച്ചു പോയ ശേഷമായിരുന്നു കാണാതായത്. ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും അടക്കം വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം പെട്രോൾ സ്റ്റേഷൻ ജീവനക്കാരനായ സുഡാനിയുടെ ഫോണിൽ നിന്ന് ഹംസത്തലി റിയാദിലെ ഒരു സുഹൃത്തിനെ വിളിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
തുടർന്നു സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ഹംസത്തലിയുടെ സഹോദരി ഭർത്താവ് അഷ്റഫ് ഫൈസിയും ചേർന്നു ബുറൈദയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അൽ ഖസീം സിഐഡി ഓഫിസിന്റെ സഹായത്തോടെയാണു ഹംസത്തലിയെ കണ്ടെത്തിയതെന്നു സിദ്ദീഖ് തുവ്വൂർ പറഞ്ഞു.
സാമ്പത്തിക പ്രയാസം മൂലമുണ്ടായ മാനസിക സമ്മർദത്തെ തുടർന്നു സ്ഥലം വിട്ട ഹംസത്തലി തന്നെ കൊള്ളസംഘം തട്ടിക്കൊണ്ടു പോയെന്നാണ് ആദ്യം നാട്ടിലേക്കു വിളിച്ചപ്പോൾ പറഞ്ഞിരുന്നത്.