- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ ട്രെഫൽഗർ സ്ക്വയറിൽ ഇന്നലെ നിറഞ്ഞു നിന്നത് ഇന്ത്യൻ വസന്തം; ഹിന്ദുക്കളും സിക്കുകാരും ഒരുമിച്ച് ദീപാവലി ആഘോഷത്തിന് ഇറങ്ങിയപ്പോൾ എങ്ങും പാട്ടും നൃത്തവും മാത്രം; ലണ്ടൻ നഗരം ഇന്ത്യൻ നിറത്തിലാടിയപ്പോൾ
ലണ്ടൻ നഗരത്തിലെ ട്രെഫൽഗർ ചത്വരത്തിൽ ഇന്നലെ നടന്ന ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകളായിരുന്നു തടിച്ചു കൂടിയത്. ദീപങ്ങളുടെ ഉത്സവം അതിന്റെ തനത് നിറക്കൂട്ടുകളുമായി വെസ്റ്റ്മിനിസ്റ്ററിൽ ആവേശം വിതച്ചപ്പോൾ ഹിന്ദു, സിക്ക്, ജൈന സമൂഹങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് നൃത്തച്ചുവടുകൾ ചവിട്ടി. ഏകദേശം 200 ഓളം നർത്തകരും കലാകാരന്മാരും ഉത്സവാഘോഷങ്ങൾക്ക് കൊഴുപ്പേകാൻ എത്തിയിരുന്നു.
ദിവാളി ഇൻ ലണ്ടൻ കമ്മിറ്റിയുമായി ചേർന്ന് ലണ്ടൻ മേയർ സാദിഖ്ഖാൻ ആയിരുന്നു സൗജന്യ കുടുംബ മേളക്ക് ആതിഥേയത്വം അരുളിയത്. നമ്മുടെ തലസ്ഥാനത്തെ ഒരു മനോഹര ദിവസം എന്നായിരുന്നു ആഘോഷങ്ങൾക്ക് ശേഷം മേയർ സാദിഖ് ഖാൻ തന്റെ ട്വിറ്ററിൽ കുറിച്ചത്. വളരെ നാളുകൾക്ക് ശേഷം വിവിധ വിശ്വാസങ്ങളിൽ പെട്ടവർ തലസ്ഥാനത്തെ പ്രധാന ചത്വരത്തിൽ ഒരുമിച്ചതിന്റെ സന്തോഷം പങ്കു വച്ച അദ്ദേഹം ഹിന്ദു, സിക്ക്, ജൈന സമുദായങ്ങളിൽ പെട്ടവർക്ക് ദീപാവലി ആശംസകൾ നേരുകയും ചെയ്തു.
തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തെ ഓർമ്മിപ്പിക്കുന്ന, പ്രകാശത്തിന്റെയും നിറങ്ങളുടെയും ഉത്സവം അതിന്റെ എല്ലാ സത്തകളും ഉൾക്കൊണ്ടു തന്നെയായിരുന്നു ട്രെഫൽഗർ ചത്വരത്തിൽ ഇന്നലെ ആഘോഷിക്കപ്പെട്ടത്. ഇന്ത്യൻ സംഗീതത്തിന്റെ ചടുല താളങ്ങൾക്ക് ഒപ്പം ചുവടുകൾ വെച്ച് നർത്തകർ കത്തിക്കയറിയപ്പോൾ ആവേശം മൂത്ത കാണികളും നൃത്തച്ചുവടുകൾ വെച്ചു.
ദാണ്ഡിയ പോലുള്ള പരമ്പരാഗത നൃത്തങ്ങൾ ലണ്ടൻ തെരുവിൽ നിറഞ്ഞാടിയപ്പോൾ നിരവധി തദ്ദേശവാസികളും അത് കാണുവാനായി ഒഴുകിയെത്തി. മേഡ്ലികളും ഫേസ് പെയിന്റിംഗും ഉത്സവാഘോഷത്തിന് നിറക്കൂട്ട് ഏകിയപ്പോൾ നിരവധി വ്യത്യസ്ത രുചികളുമായി എത്തിയ ഗ്ലോബൽ ഫുഡ് സ്റ്റാളുകൾ ആളുകളുടെ വായിൽ വെള്ളമൂറിപ്പിച്ചു.
ലണ്ടനിലെ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ടുള്ളതായിരുന്നു ഇന്നലെ നടന്ന ആഘോഷങ്ങൾ ദീപാവലിക്കായി തയ്യാറെടുക്കുന്ന ഹിന്ദു സിക്ക് ജൈൻ സമുദായാംഗങ്ങൾക്ക് ലണ്ടൻ മേയർ ആശംസകൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ