കടയ്ക്കൽ: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ ബഹുനിലക്കെട്ടിടത്തിൽനിന്നു വീണ് മലയാളി യുവാവിന് ദാരുണ മരണം. കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലു കൃഷ്ണൻ (30) ആണ് മരിച്ചത്. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണാണ് മരണം.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറാണ് ബിലു കൃഷ്ണൻ. സുഹൃത്തായ പഞ്ചാബ് സ്വദേശി വീഴാൻ പോകുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നു ഇരുവരും താഴെവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണൻ തത്ക്ഷണം മരിച്ചു. സുഹൃത്തിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിട്ട. എസ്‌ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണൻ. നാലുമാസംമുമ്പ് അന്തരിച്ച അച്ഛന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ബിലുകൃഷ്ണൻ അവസാനം നാട്ടിലെത്തിയത്. ഒരുവർഷംമുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.