ലണ്ടൻ: ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ഒരു നല്ല ഭാവി ഉറപ്പു തരുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അതുകൊണ്ടു തന്നെയാണ് ഏത് കഷ്ടപ്പാടുകൾക്കിടയിലും മക്കൾക്ക് വിദേശ വിദ്യാഭ്യാസം ലഭ്യമാക്കാൻ മതാപിതാക്കൾ തയ്യാറാകുന്നത്. എത്ര ബുദ്ധിമുട്ടിയാണെങ്കിലും, നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യവും പേറി ബ്രിട്ടനിൽ വിദ്യാഭ്യാസത്തിനായി എത്തിയ മലയാളികൾ ഉൾപ്പടെയുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ കടുത്ത ദുരിതത്തിൽ ആയിരിക്കുകയാണ്.

ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും പൊലീസും സെർച്ച് വാറന്റുകളുമായി അവരുടെ പിന്നാലെ കൂടിയിരിക്കുകയാണ്. കഴിഞ്ഞയാഴ്‌ച്ച മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായുള്ള സെർച്ച് വാറങ്ങുമായി പൊലീസ് ലണ്ടനിലെ അവരുടെ താമസസ്ഥലത്തെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. 1971-ലെ ഇമിഗ്രേഷൻ ആക്ടിന്റെ സ്‌കെഡ്യുൾ 2 പ്രകാരം വീടിനകത്ത് പ്രവേശിക്കുവാനും പരിശോധിക്കുവാനും അധികാരം നൽകുന്ന വാറന്റുമായി ആണ് അവർ എത്തിയിരിക്കുന്നത്. ഹോം ഓഫീസി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ടീം ആൻഡ് പൊലീസിലെ ഇമിഗ്രേഷൻ ഓഫീസർ ആണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചു എന്ന് പറയപ്പെടുന്ന മൂന്ന് മലയാളി വിദ്യാർത്ഥികളെ തേടിയാണ് കഴിഞ്ഞയാഴ്‌ച്ച അതിരാവിലെ പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, രണ്ടാഴ്‌ച്ച മുൻപ് തന്നെ വിദ്യാർത്ഥികൾ അവിടം വിട്ട് മറ്റൊരിടത്തേക്ക് താമസം മാറ്റിയതിനാൽ പൊലീസിന് അവരെ ചോദ്യം ചെയ്യാൻ ആയില്ല. വിദ്യാർത്ഥികൾ ചെയ്ത കുറ്റം എന്താണെന്ന് വാറന്റിൽ പറയുന്നില്ല. എന്നാൽ, വാഹനമോടിക്കലുമായി ബന്ധപ്പെട്ടുള്ളതുൾപ്പടെയുള്ള ഒരു കുറ്റകൃത്യത്തിലും അവർ പങ്കാളികളല്ല എന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ അവർക്ക് മേൽ ഉള്ള കുറ്റം അനുവദനീയമായ 20 മണിക്കൂറിൽ അധികം ജോലി ചെയ്തു എന്നതായിരിക്കും എന്ന് അനുമാനിക്കുന്നു.

ഈ റെയ്ഡുകൾ വ്യക്തമാക്കുന്നത് വിദേശ വിദ്യാർത്ഥികൾ കൂട്ടത്തോടെ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ പൊലീസ് ഗൗരവമായി എടുക്കുന്നു എന്ന് തന്നെയാണ്. കോവിഡ് പ്രതിസന്ധികാലത്ത് പൊലീസ് ഇത്രയും ജാഗരൂകരായിരുന്നില്ല. ആ അവസരം ഉപയോഗിച്ച് മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ അനുവദനീയമായതിലും അധികം സമയം ജോലി ചെയ്തിരുന്നു.എന്നാൽ, ഇപ്പോൾ കാര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയപ്പോൾ ഹോം ഓഫീസ് ഇക്കാര്യം ഗൗരവത്തോടെ എടുക്കുകയാണ്.

യു കെ ഇമിഗ്രേഷൻ നിയമം അനുസരിച്ച്, ഡിഗ്രി ലെവലിൽ പൂർണ്ണ സമയ കോഴ്സിനു പഠിക്കുന്ന ഒരു വിദേശ വിദ്യാർത്ഥിക്ക് ആഴ്‌ച്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ വിസ ചട്ടം ലംഘിക്കുകയാണ്. അതുവഴി ഭാവിയിൽ പുതിയ വിസ നിങ്ങൾക്ക് ലഭ്യമാകാതെ വന്നേക്കും. ഒരുപക്ഷെ തുടർപഠനവും സാധ്യമാകില്ല. അതുപോലെ, വിദേശ വിദ്യാർത്ഥികൾക്ക് ജോലിചെയ്യാൻ അനുവാദമില്ലാത്ത മേഖലകളിൽ ജോലി ചെയ്താലും വിസ ചട്ട ലംഘന പ്രകാരമുള്ള ശിക്ഷ ലഭിക്കും.

ഇത്തരത്തിൽ അധിക സമയം ജോലി ചെയ്യുന്ന വിദ്യാർത്ഥികളിൽ പലരും തെറ്റിദ്ധാരണയുടെ പുറത്താണ് അപ്രകാരം ചെയ്യുന്നത്. നാട്ടിൽ നിന്നും സ്റ്റുഡന്റ് വിസ ഒരുക്കുന്ന ഏജന്റുമാർ നൽകുന്ന വ്യാജ ഉപദേശമായിരിക്കും പലപ്പോഴും ഇവരെ അപകടത്തിൽ ചാടിക്കുന്നത്. അമിത സമയം ജോലി ചെയ്യുവാൻ തുടങ്ങുന്നതിനു മുൻപായി ഏതെങ്കിലും ഇമിഗ്രേഷൻ അഡ്വൈസറുമായി ബന്ധപ്പെട്ട് ഉപദേശം സ്വീകരിക്കുന്നത് നല്ലതായിരിക്കും.

അതിനിടയിൽ ലണ്ടൻ ഇമിഗ്രേഷൻ റിമൂവൽ സെന്ററിൽ അക്രമം നടന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. തങ്ങളുടെ മുറികളിൽ നിന്നും ആയുധങ്ങളുമായി ക്യാമ്പിന്റെ പൂമുഖത്തെത്തിയ ഒരു സംഘം അഭയാർത്ഥികൾ അഴിഞ്ഞാടുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാർമോണ്ട്സ്വർത്ത് റിമൂവൽ സെന്ററിലായിരുന്നു സംഭവം നടന്നത്. ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല.

ഹീത്രൂ വിമാനത്താവളത്തിനടുത്തുള്ള റിമൂവൽ സെന്ററിൽ പതിവില്ലാതെ വൈദ്യൂതിബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നായിരുന്നുപ്രശ്നങ്ങളാരംഭിച്ചത്. അനധികൃതമായി എത്തിയ അഭയാർത്ഥികളും, വിദേശ കുറ്റവാളികളും നാടുകടത്തപ്പെടുന്നതിനു മുൻപ് താമസിപ്പിക്കുന്ന ഇടമാണിത്. അക്രമം നടത്തിയവർ ആരും പക്ഷെ, ക്യാമ്പ് വിട്ട് പോയിട്ടില്ല എന്നും അധികൃതർ അറിയിച്ചു.