- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ നഴ്സിങ് റിക്രൂട്ടിങ് രംഗത്തുള്ളവർക്ക് കൊള്ളലാഭം; ഒരു വിദേശ നഴ്സിനെ യുകെയിൽ എത്തിക്കുന്നതിന് ആറരലക്ഷം രൂപ; ഒറ്റയടിക്ക് കൂട്ടിയത് 2.79 ലക്ഷം; മത്സരം മൂത്താൽ യുകെയിലേക്കു വരാൻ കാശിങ്ങോട്ടു തരണമെന്ന് മലയാളി നഴ്സുമാർക്ക് ആവശ്യപ്പെടാൻ പറ്റുന്ന കാലത്തിലേക്ക് റിക്രൂട്ടിങ് മാറ്റപ്പെട്ടേക്കാം
ലണ്ടൻ: ജീവിത ഭാരവും കുറഞ്ഞ വേതനവും മൂലം യുകെയിലെ നഴ്സുമാർ സമരത്തിന് തയ്യാറെടുപ്പു തുടങ്ങിയത് ഒരു വശത്ത്. മറുഭാഗത്തു സമാന സാഹചര്യം കൊണ്ട് തന്നെ ജോലി ഉപേക്ഷിച്ചു പോയവർ 40,000. നിലവിലെ നഴ്സുമാരുടെ ക്ഷാമം 50,000 മുകളിലും. യുകെയുടെ ആരോഗ്യ രംഗത്തെ കുറിച്ച് ഏകദേശ രൂപം ലഭിക്കാൻ ഈ കണക്കുകൾ തന്നെ ധാരാളം.
ഈ സാഹചര്യത്തിൽ വർഷങ്ങളായി ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കയ്യിലെ പണം മുടക്കി എൻഎച്ച്എസ് ട്രസ്റ്റുകൾ നഴ്സുമാരെ കൊണ്ടുവരുന്നതിന് സർക്കാർ തന്നെയാണ് വാരിക്കോരി പണം ചെലവാക്കുന്നതും. ഇങ്ങനെ വരുന്നവർക്ക് സൗജന്യമായി വിമാന ടിക്കറ്റും യുകെയിൽ എത്തിയാൽ മൂന്നു മാസത്തേക്ക് സൗജന്യ താമസ സ്ഥലവും മാത്രമല്ല ആവശ്യപ്പെടുന്നവർക്കു വീട്ടുപകരണങ്ങൾ പോലും സൗജന്യമായി നൽകുന്ന ട്രസ്റ്റുകളുമുണ്ട്.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 23,000 വിദേശ നഴ്സുമാർ യുകെയിൽ എത്തി എന്നാണ് സൂചന. ഈ കണക്കിൽ 66 ശതമാനവും സ്വന്തമാക്കിയത് ഫിലിപ്പീൻസ്, ഇന്ത്യ എന്നിവർ ചേർന്നാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് കണക്കുകളാണിത് എന്ന് എൻഎച്ച്എസ് തന്നെ സ്ഥിരീകരിക്കുന്നു. വിദേശ നഴ്സിങ് റിക്രൂട്ടിംഗിന് വാരിക്കോരി പണം ചെലവാക്കുന്ന ട്രസ്റ്റുകൾ നഴ്സിങ് യോഗ്യതയുള്ളവരെ പരിശീലിപ്പിച്ചു ജോലിയിൽ പുനർവിന്യസിക്കുന്നതിനോ നിലവിൽ ഉള്ളവരുടെ കൊഴിഞ്ഞു പോക്ക് തടയാൻ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിലോ ശ്രദ്ധിക്കുന്നില്ല എന്ന ആക്ഷേപം ഉയരുമ്പോഴും അതിനു ചെവി കൊടുക്കേണ്ട എന്ന നിലപാടിൽ തന്നെ തുടരുകയാണ് സർക്കാരും ട്രസ്റ്റുകളും.
റിക്രൂട്ടിങ് ഏജൻസികൾക്ക് ബമ്പർ ലോട്ടറി
ഇപ്പോൾ ഈ സാഹചര്യം കുറച്ചു കൂടി വിപുലപ്പെടുകയാണ്. ഒരു നഴ്സിനെ എത്തിക്കാൻ ട്രസ്റ്റുകൾ മുടക്കിയിരുന്ന 4000 പൗണ്ട് മതിയാകുന്നില്ലെന്ന് ഇടനിലക്കാർ നിരന്തരം പറഞ്ഞതോടെ ഒറ്റയടിക്ക് ആ തുക 7000(ഏതാണ്ട് ആറരലക്ഷം രൂപ) ആക്കി ഉയർത്തിയിരിക്കുകയാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള റിക്രൂട്ടിങ് ഏജൻസികൾക്ക് നിനച്ചിരിക്കാതെ ലഭിച്ച ബമ്പർ ലോട്ടറിയായിരിക്കുകയാണ് ഈ ഉയർന്ന വിഹിതം. നിലവിൽ അടുത്ത വര്ഷം മാർച്ച് 31 വരെയുള്ള വിദേശ നഴ്സ് റിക്രൂട്ടിങ് നടപടികൾക്കാണ് ഓരോ നഴ്സിനും 7000 പൗണ്ട് വീതം വകയിരുത്തിയിരിക്കുന്നത്.
വിദേശ നഴ്സുമാർക്ക് അതാത് രാജ്യങ്ങളിൽ ഉയർന്ന വേതനം നൽകാൻ സാഹചര്യം ഒരുങ്ങുന്നത് തിരിച്ചറിഞ്ഞാണ് യുകെയിലേക്കുള്ള റിക്രൂട്ടിങ് വേഗത്തിലാക്കാൻ എൻഎച്ച്എസ് തീരുമാനം. ഇതോടെ റിക്രൂട്ടിങ് രംഗത്തുള്ള ഏജൻസികൾക്ക് ആയിരക്കണക്കിന് മലയാളി നഴ്സുമാരെക്കൂടി യുകെയിൽ എത്തിക്കാനുള്ള വഴിയാണ് തുറന്നു കിട്ടിയിരിക്കുന്നത്. യുകെയിലെ നഴ്സുമാർ സമരം തുടങ്ങുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടു കൂടുതൽ വിദേശ നഴ്സുമാർ എത്തേണ്ട സാഹചര്യവും എൻഎച്ച്എസ് മനസിലാക്കുകയാണ്. സമര ശേഷം അനേകായിരം നഴ്സുമാർ കൂടി ജോലി ഉപേക്ഷിക്കാനുള്ള സാഹചര്യമാണ് എൻഎച്ച്എസിനെ തേടി എത്തുന്നത്.
അതേസമയം ഉയർന്ന വിമാനക്കൂലി, വീട്ടു വാടകയിൽ വന്ന വർദ്ധനവ്, യുകെയിൽ എത്തിയ ശേഷം എഴുതേണ്ട ഒ്എസ്സിഇ പരീക്ഷ ഫീസും പഠനവും തുടങ്ങി നാണയപ്പെരുപ്പം വരെ കാരണമായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാരണങ്ങൾ ഒക്കെ വരും വർഷവും ഏറെക്കുറെ മാറ്റം ഇല്ലാതെ തുടരുകയും ഒരുപക്ഷെ കൂടുതൽ പ്രയാസമാകുകയും ചെയ്താൽ ഫണ്ടിങ് വീണ്ടും ഉയർന്നേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വന്നതിനേക്കാൾ വേഗത്തിൽ മറ്റിടങ്ങളിലേക്കും ചേക്കേറാൻ പുതുതലമുറക്കാർ
അടുത്ത ഒരു വർഷത്തേക്കുള്ള അധിക ഫണ്ടിങ് ആണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇത് വരും വർഷങ്ങളിലും തുടരും എന്നുറപ്പാണ്. കാരണം ഇപ്പോൾ നിലനിൽക്കുന്ന നഴ്സുമാരുടെ കുറവ് അത്ര വേഗത്തിൽ തീർത്തെടുക്കാൻ സാധിക്കില്ല എന്നത് തന്നെ. മാത്രമല്ല യുകെയിൽ എത്തുന്ന പുതുതലമുറ നഴ്സുമാർ ഇവിടെ ജീവിതം ചിലവേറിയതാണെന്നു തിരിച്ചറിഞ്ഞു വന്നതിനേക്കാൾ വേഗത്തിൽ ഓസ്ട്രേലിയ, ന്യുസിലാൻഡ്, കാനഡ എന്നിവിടങ്ങിലേക്കു കൂടു മാറുന്ന പ്രവണതയും വർധിക്കുകയാണ്.
ഏതാനും വർഷമായി ഓസ്ട്രേലിയൻ കുടിയേറ്റ ട്രെൻഡ് കുറഞ്ഞിരുന്നതാണെങ്കിലും കഴിഞ്ഞ ഏതാനും മാസമായി അനേകായിരങ്ങളാണ് ഓസ്ട്രേലിയ തേടി എത്തികൊണ്ടിരിക്കുന്നത്. യുകെയിലെ വീട് വിലയിൽ ഉണ്ടായ കനത്ത വർധനയും ഉയർന്ന മോർട്ട്ഗേജ് നിരക്കുമൊക്കെ ഇതിന് കാരണമായി മാറുകയാണ്. വിലകൂടിയ വീട് നോക്കി ചെന്ന പുതു തലമുറ മലയാളി കുടുംബങ്ങൾക്ക് മുൻപിൽ യുകെ ബാങ്കുകൾ മോർട്ട്ഗേജ് വായ്പകൾ തുടർച്ചയായി നിരസിക്കുന്നതും ഭാവി ജീവിതം യുകെയിൽ അല്ലെന്നു തിരിച്ചറിയാൻ പലർക്കും കാരണമാണ്.
മറുനാടന് മലയാളി ബ്യൂറോ