ന്യൂയോർക്ക്: കോവിഡ് സമയത്തെ വായ്പകൾ കൈക്കലാക്കി അമേരിക്കയിൽ 80 ലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയ ഇന്ത്യക്കാരനെതിരെ കേസ്. വ്യാജരേഖകൾ ചമച്ച് കോവിഡ് സമയത്ത് അനുവദിച്ച നിരവധി വായ്പകളാണ് ഇയാൾ പല പേരുകളിലായി തരപ്പെടുത്തിയത്. വൻ തട്ടിപ്പു നടത്തിയ ഇന്ത്യക്കാരനായ അഭിഷേക് കൃഷ്ണന് (40) എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നോർത്ത് കാരലൈനയിൽ താമസിച്ചിരുന്ന ഇയാൾ തട്ടിപ്പു നടത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. സാമ്പത്തിക തിരിമറിക്കു പുറമേ ആൾമാറാട്ടം നടത്തിയതിനും കേസുണ്ട്. കോവിഡ് സമയത്ത് അനുവദിച്ച പ്രത്യേക വായ്പകൾക്കായി വ്യാജരേഖകൾ ഉപയോഗിച്ച് ഇയാൾ 17 അപേക്ഷകളാണ് നൽകിയത്. വ്യാജ കമ്പനികളുടെ പേരുകളുപയോഗിച്ചും വ്യാജ നികുതി ബില്ലുകൾ ഉപയോഗിച്ചും ആണ് വായ്പ എടുത്തത്.

മറ്റു പലരുടെയും വ്യക്തിവിവരങ്ങൾ അവരുടെ അനുമതിയില്ലാതെ ഇതിനായി ഉപയോഗിച്ചു. കിട്ടിയ വായ്പ തുകകൾ കൈമാറ്റം ചെയ്യുകയും ചെയ്തു. നോർത്ത് കാരലൈനിലെ കിഴക്കൻ ജില്ലയിൽ സർക്കാർ സ്ഥലം കൈയേറിയതിനും ഇൻഷുറൻസ് തുക തട്ടിയെടുത്തതിനും ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്.