- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങൾക്ക് മുൻപ് യു കെയിലെക്ക് കുടിയേറിയ മലയാളിയായ മുരളി ഇപ്പോൾ ഇംഗ്ലീഷുകാർ പോലും തിരിച്ചറിയുന്ന നടൻ; ഐ ടി മേഖലയിലെ ജോലിക്കൊപ്പം അഭിനയമോഹം വിജയിപ്പിച്ച മുരളി വിദ്യാധരന്റെ കഥ
ലണ്ടൻ: യു കെയിലെ മലയാളികൾക്ക് പലർക്കും ഐ ടി വിദഗ്ധനായ മുരളി വിദ്യാധരനെ അറിയാം, ഒപ്പം സാമൂഹ്യ പ്രവർത്തകനും ഒരുകാലത്ത് ലണ്ടനിലെ ശ്രീ നരായണ ഗുരു മിഷൻ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുകയും ചെയ്തിരുന്ന മുരളിയേയും പരിചയമുണ്ടായിരിക്കും. എന്നാൽ, തന്റെ അഭിനയ ജീവിതത്തിൽ ഒരു പതിറ്റാണ്ട് പിന്നിടുന്ന ഒരു അഭിനയ പ്രതിഭകൂടിയാണ് ഈ വ്യക്തിത്വം. കേരളത്തിലെ സ്‌കൂൾ പഠനകാലത്ത് തന്റെ 11-ാം വയസ്സിൽ അഭിനയം ആരംഭിച്ച ഈ കലാകാരൻ 2021 മുതൽ നിരവധി അന്താരാഷ്ട്ര സിനിമകളിലും അഭിനയിച്ചു. ഇപ്പോഴും സിനിമ അഭിനയം തുടർന്നു കൊണ്ടിരിക്കുന്നു.
സീനിയർ ഐ ടി പ്രൊജ്ജക്ട് മാനേജർ പദവിയിൽ ഇരിക്കുമ്പോഴായിരുന്നു മുരളി ജോലിയിൽ നിന്നും പിരിഞ്ഞത്. പിന്നീട് 2020 മുതൽ ഇംഗ്ലീഷ് സിനിമകളിൽ അഭിനയം ആരംഭിച്ചു. അതിനുശേഷം നിരവധി ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, മ്യുസിക് വീഡിയോസ്, പരസ്യങ്ങൾ എന്നിവയിൽ അഭിനയിച്ചു. കഴിഞ്ഞ രണ്ടു വർഷമായി തിരക്കേറിയ നടനാണ് യു കെ മലയാളിയായ മുരളി വിദ്യാധരൻ.
മുരളി അഭിനയിച്ച പരസ്യങ്ങളിൽ രണ്ടെണ്ണം ഇപ്പോൾ സ്ഥിരമായി ടി വി ചാനലുകളിൽ വരുന്നുണ്ട്. ''ഐ ഫെൽ ഇൻ ലവ് വിത്ത് മൈ സ്റ്റാക്കർ'' എന്ന ഹ്രസ്വ ചിത്രം സിനിമാ ഹാളുകളിൽ പ്രദർശിപ്പിക്കുകയും 48 മണിക്കൂർ ഫിലിം കോമ്പറ്റീഷനിൽ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു. അടുത്തിടെ റിലീസായ ''ഡൊസെഞ്ചാന്റഡ് '' എന്ന ചിത്രത്തിലും മുരളി അഭിനയിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ, സിനിമകൾ, ടി, വി, സെലിബ്രിറ്റികൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും ആധികാരികമായ ഉള്ളടക്കം ഉള്ള ഐ എം ഡി ബി മുരളി വിദ്യാധരനെ പരാമർശിക്കുന്നത് 2021 ൽ പുറത്തിറങ്ങിയ ''അയാം ഇൻ ലവ് വിത്ത് മൈ സ്റ്റാക്കർ'', ദി ബ്ലഡ് മജിഷ്യൻ, 2022 ൽ പുറത്തിറങ്ങിയ ''ബ്രിങ് മെ അ സ്‌കിൻ ഫോർ ഡാൻസിങ് ഇൻ'' എന്നീ സിനിമകളിലെ അഭിനേതാവായിട്ടാണ്.
നിലവിൽ ഏതാനും ചിത്രങ്ങളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരിക്കുന്ന മുരളിയുടെ അടുത്ത പ്രൊജക്ടിന്റെ ചിത്രീകരണം ഡിസംബറിൽ സെർബിയയിൽ ആരംഭിക്കും. 2021 മുതൽ, ഈ രംഗത്ത് കൂടുതൽ സജീവമായതോടെ പ്രൊഫഷണൽ അഭിനേതാക്കളുടെ സംഘടനയായ സ്പോട്ട്ലൈറ്റും മുരളിയെ അംഗീകരിച്ചിട്ടുണ്ട്.
1980 മുതൽ തന്നെ ലണ്ടനിലെ പല മലയാളം നാടകങ്ങളിലും പ്രധാന റോളുകൾ മുരളി കൈകാര്യം ചെയ്തിരുന്നു. മൊത്തത്തിൽ20 ൽ അധികം നാടകങ്ങളിൽ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരു മിഷൻ യു കെയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ മുരളി വിദ്യാധരൻ അതിന്റെ പ്രസഡണ്ട്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൺസൾട്ടന്റ് അനസ്തീസ്റ്റായ ഭാര്യ ഡോ. ജി ചിത്രയോടൊപ്പം ചിഗ്വെല്ലിലാണ് മുരളി താമസിക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ