കോവിഡ് കേസുകളുടെ എണ്ണം കാര്യമായി ഇടിഞ്ഞതോടെ വിദേശത്തു നിന്നും ഇന്ത്യയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ സർക്കാർ എടുത്തു കളഞ്ഞിരിക്കുകയാണ്. വിദേശങ്ങളിൽ നിന്നും ഇനി മുതൽ ഇന്ത്യയിലേക്ക് എത്തുന്നവർ എയർ സുവിധ ഫോം പൂരിപ്പിക്കേണ്ടതില്ല. അതുപോലെ നെഗറ്റീവ് ആർ ടി- പി സി ആർ റിപ്പോർട്ട് അല്ലെങ്കിൽ പ്രാഥമിക വാക്സിനേഷന്റെ വിശദാംശങ്ങൾ സമർപ്പിക്കണം എന്ന നിബന്ധനയും എടുത്തു കളഞ്ഞിരിക്കുന്നു.

മാറ്റങ്ങൾ വരുത്തിയ ചട്ടങ്ങൾ നവംബർ 22 മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നേരത്തേ വിദേശങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവർക്ക് എയർ സുവിധാ ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധികാലത്തായിരുന്നു ഇത് നിലവിൽ വന്നത്. വിമാന യാത്ര ചെയ്യുന്ന അവസരത്തിൽ മാസ്‌ക് ധരിക്കണം എന്നത് നിർബന്ധമല്ലെന്ന് കഴിഞ്ഞയാഴ്‌ച്ച വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എങ്കിലും, യാത്രക്കാർ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണെന്നും അവർ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് വിദേശങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർ, അവരുടെ രാജ്യത്തെ കോവിഡ് വാക്സിൻ പ്രാഥമിക ഷെഡ്യുൾ പ്രകാരം ഫുള്ളി വാക്സിനേറ്റഡ് ആയിരിക്കണം. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ സെപ്റ്റംബറിൽ നിലവിൽ വന്നനിർദ്ദേശങ്ങൾ ആസാധു ആയിരിക്കുകയാണ്. 5 വയസ്സിനു താഴെയുള്ള കുട്ടികളെ മാത്രമായിരുന്നു യാത്രയ്ക്ക് മുൻപും പിൻപുമുള്ള രോഗ പരിശോധനയിൽ നിന്നും നേരത്തേ ഒഴിവാക്കിയിരുന്നത്.

ഇനിമുതൽ വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർ ഫിസിക്കൽ ഡിസ്റ്റൻസിങ് കാത്തു സൂക്ഷിക്കണം അതുപോലെ എല്ലാ വിദേശയാത്രക്കാരും തെർമൽ സ്‌ക്രീനിംഗിനും വിധേയരാകണം. ഇത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും നടത്തുക. ഈ പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഉടനടി ഐസൊലേറ്റ് ചെയ്യും. ഹെൽത്ത് പ്രൊട്ടോക്കോൾ പ്രകാരം അവരെ സുരക്ഷിതമായ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും.

അതിനു പുറമെ ഇന്ത്യയിൽ എത്തിയതിനു ശേഷം എല്ലാവരും സ്വന്തം ആരോഗ്യകാര്യം നിരീക്ഷിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ നാഷണൽ ഹെൽപ് ലൈൻ നമ്പറായ 1075 ലോ, വിവിധ സംസ്ഥാനങ്ങളുടെ ഹെൽപ് ലൈൻ നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്.