- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ അധികാരികളുടെ കണ്ണു തുറന്നു; ബ്രിട്ടീഷ് പൗരത്വമുള്ളവർക്കും ഇനി ഇ വിസ; ആശ്വാസമാകുന്നത് നാട്ടിലേക്ക് പോകാൻ കഴിയാതെ വിസാ കുരുക്കിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാർക്ക്; മലയാളികൾക്കും ആശ്വാസവാർത്ത
ലണ്ടൻ: ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാർക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വരുന്നത്. വരുന്ന ശൈത്യകാല ഒഴിവു ദിനങ്ങൾ ആരംഭിക്കാനിരിക്കെ ബ്രിട്ടീഷ് പൗരന്മാർക്കും ഇന്ത്യയിലേക്ക് ഇ-വിസയ്ക്കുള്ള സൗകര്യമുണ്ടാകും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിൽ നിർത്തലാക്കിയ ഈ സൗകര്യം ഇപ്പോൾ വീണ്ടും പുനരാരംഭിക്കുകയാണ്. എല്ലാ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇ വിസ സൗകര്യം കോവിഡ് കാലത്ത് നിർത്തി വെച്ചിരുന്നെങ്കിലും യു. കെ, കാനഡ തുടങ്ങി ഏതാനും രാജ്യങ്ങളിലേക്ക് ഒഴിച്ച മറ്റുള്ളയിടങ്ങളിൽ ഈ സൗകര്യം വളരെ നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു.
ഇന്നലെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ട്വീറ്റിലൂടെയായിരുന്നു ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി, ബ്രിട്ടീഷുകാർക്കും എ വിസ സൗകര്യം പുനഃസ്ഥാപിക്കുന്നതായി അറിയിച്ചത്. അതുവഴി, ബ്രിട്ടീഷുകാർക്ക് ഇനി കൂടുതൽ എളുപ്പത്തിൽ ഇന്ത്യ സന്ദർശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിസ വീട്ടുപടിക്കൽ എത്തിക്കുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾക്ക് ഒപ്പം ഈ വിസയും ഇനി മുതൽ ലഭ്യമാകും.
നേരത്തേ, ഇന്ത്യയിലേക്ക് വിസ അനുവദിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധം ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൽ ഉയർന്നിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാർക്ക് നാട്ടിലേക്ക് വരാൻ കാലതാമസം നേരിടുന്നു എന്നു മാത്രമല്ല, ചിലപ്പോഴൊക്ക് വരാൻ സാധിക്കാത്ത സാഹചര്യവും ആയിരുന്നു. വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരിട്ട് അപേക്ഷ സമർപ്പിക്കണം എന്ന നിർദ്ദേശം വന്നതോടെ പൂർണ്ണ സമയ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരിൽ പലർക്കും അതിനു സാധിക്കാതെ പോവുകയായിരുന്നു.
അതുപോലെ പല ബ്രിട്ടീഷുകാർക്കും ഇന്ത്യയിലേക്കുള്ള വിനോദയാത്ര പരിപാടികൾ നീട്ടിവയ്ക്കേണ്ടി വന്നതായോ റദ്ദാക്കേണ്ടി വന്നതായോ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിലേക്ക് ഇ വിസ പുനഃസ്ഥാപിക്കുവാനുള്ള തീരുമാനത്തെ ട്രാവൽ ഏജന്റുമാർ സ്വാഗതം ചെയ്തു. ഇന്ത്യൻ ടൂറിസം മേഖലയ്ക്കും പുത്തനുണർവ് നൽകുന്ന ഒരു തീരുമാനമാണിതെന്നായിരുന്നു അവരുടെ പ്രതികരണം.
മറുനാടന്‍ മലയാളി ബ്യൂറോ