ബ്രിട്ടനിൽ ജോലി സാധ്യതകൾ വർദ്ധിക്കുന്നതോടെ, അവിടെയും തട്ടിപ്പിനുള്ള രംഗം ഒരുക്കുകയാണ് ചില കുബുദ്ധികൾ. ഇന്റർനെറ്റ് ഉപയോഗിച്ച് വിസ തട്ടിപ്പു നടത്തുന്ന ഒരു സംഘം തട്ടിപ്പുകാർ സജീവമായി രംഗത്തുണ്ടെന്ന മുന്നറിയിപ്പ് നൽകുന്നത് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആയ അലക്സ് എല്ലിസ് ആണ്. യു കെയിൽ വിസ ലഭിക്കുമെന്ന് പറഞ്ഞ് ഹൈക്കമ്മീഷണറുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും അവർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. സത്യമെന്ന് തോന്നത്തക്ക രീതിയിൽ തന്റെ പേര് ഉപയോഗിച്ചാണ് വിസ തട്ടിപ്പ് നടക്കുന്നതെന്നും, അതിൽ വീഴരുതെന്നും അദ്ദേഹം പറയുന്നു. യു കെയിൽ ഒരു ജോലി ലഭിക്കാനോ വിസ ലഭിക്കാനോ വളരെ എളുപ്പമെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് ഇവർ അയയ്ക്കുക.

ഈ മെയിൽ വഴിയോ ഫോൺ വഴിയോ ആയിരിക്കും സന്ദേശം എത്തുക. ഒരുകാരണവശാലം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ പണം നൽകുകയോ ചെയ്യരുതെന്ന് ഹൈക്കമ്മീഷണർ പറയുന്നു. ഹൈക്കമ്മീഷൻ ഒരിക്കലും ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെടുകയില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നലെ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

ബ്രിട്ടീഷ് പൗരത്വമുള്ളവർക്കും ഇ വിസ ലഭ്യമാക്കുന്നു എന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി ട്വീറ്റ് ചെയ്തതിന്രണ്ടു ദിവസങ്ങൾക്ക് ഇപ്പുറമാണ് ഈ ട്വീറ്റ്. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് ഇ വിസ സൗകര്യം ഒരുക്കിയതോടെ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യാക്കാർക്ക് ഇനി കൂടുതൽ എളുപ്പത്തിൽ നാട്ടിൽ വരാൻ കഴിയും.

മത്രമല്ല, ബ്രിട്ടീഷ് വിനോദ സഞ്ചരികൾക്കും ഇത് ഏറെ ഉപകാരപ്രദമാകും എന്നതിനാൽ ഇന്ത്യൻ വിനോദ സഞ്ചാര മേഖലക്കും ഇത് പുത്തനുണർവ് നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.