ലണ്ടൻ: നിലവിലെ യു കെ സർക്കാർ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെങ്കിലും നിലവിൽ അത്തരത്തിലുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സൂചനകൾ ഒന്നും തന്നെയില്ല. 2023-ലെ ഇൻടേക്കിനായി ഇത്തവണ ഇന്ത്യയിൽനിന്നും ധാരാളം വിദ്യാർത്ഥികളുടെ അപേക്ഷ പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ആവശ്യമായ രേഖകൾ എല്ലാം തയ്യാറായാൽ ഉടൻ തന്നെ അപേക്ഷിക്കണമെന്നും അതിൽ പറയുന്നു.

യു കെയിലെ വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന ഔദ്യോഗിക വെബ്സൈറ്റിലെ സ്റ്റുഡന്റ് വിസ എന്ന പേജിലേക്കുള്ള ലിങ്കും ട്വീറ്റിൽ നൽകിയിട്ടുണ്ട്. വിദേശ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇതുവരെ മാറ്റങ്ങളില്ലാതെ തുടരുകയാണെന്നും അതിൽ പറയുന്നു. സെപ്റ്റംബറിനു ശേഷം യു കെ യൂണിവേഴ്സിറ്റികളിൽ നടത്തുന്ന ഏറ്റവും വലിയ ഇൻടേക്കാണ് ജനുവരിയിലേത്. 2023 ജനുവരിയിലെ ഇൻടേക്കിൽ 100 ൽ അധികം യൂണിവേഴ്സിറ്റികളാണ് പങ്കെടുക്കുന്നത്.6000 ൽ അധികം അടിസ്ഥാന കോഴ്സുകളും, അണ്ടർ ഗ്രാജ്വേറ്റ് , പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളും വാഗ്ദാനം നൽകുന്നുമുണ്ട്.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകളുമായി ബന്ധപ്പെട്ട് യു കെ ട്രേഡ് സെക്രട്ടറി കെമി ബാഡ്നോക്ക് ഇന്ത്യയിൽ എത്തിയ ദിവസം തന്നെയാണ് ഇന്ത്യയിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഇത്തരത്തിലൊരു ട്വീറ്റ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ, സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ടകാര്യങ്ങൾ താൻ ചർച്ച ചെയ്യുകയില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. അത് ഹോം ഡിപ്പാർട്ട്മെന്റിന്റെ ചുമതലയിൽ പെട്ട കാര്യമാണെന്നും അന്ന് അവർ സൂചിപ്പിച്ചിരുന്നു.