- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുന്നു; ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ഡൽഹിയിൽ എത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തി; സ്റ്റുഡന്റ് വിസ നിയന്ത്രണങ്ങൾ അജണ്ടയിലില്ലെന്ന് ബ്രിട്ടൻ
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ ഏറ്റവുമധികം പ്രാധാന്യം നൽകുന്ന ഒന്നാണ് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ. അതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. യഥാർത്ഥത്തിൽ ദീപാവലിക്ക് മുൻപായി ഒപ്പിടാൻ ഇരുന്നതായിരുന്നു ഈ കരാർ. എന്നാൽ, അതിനിടയിൽ ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങൾ കാരണം ചർച്ച നീളുകയായിരുന്നു. ഇപ്പോൾ അതിന്റെ അന്തിമ വട്ട ചർച്ചകൾക്കായി ബ്രിട്ടീഷ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കെമി ബാഡ്നോക്ക് ഡൽഹിയിൽ എത്തിയിരിക്കുകയാണ്.
ഇന്ത്യൻ വാണിജ്യകാര്യമന്ത്രി പിയൂഷ് ഗോയലുമായി അവർ ചർച്ചകൾ നടത്തി. ഇപ്പോൾ ചർച്ചയിലുള്ള ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാർ എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നാണ് ചർച്ചകൾക്ക് ശേഷം ഇരുവരും പറഞ്ഞത്. ഇരു കൂട്ടർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ കരാർ വഴി ജോലിസാധ്യതകൾ, നിക്ഷേപം, കയറ്റുമതി എന്നിവ വർദ്ധിക്കുമെന്നും വാണിജ്യകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
നിലവിൽ നടക്കുന്ന ചർച്ചകളിൽ ഇരു കൂട്ടരും സംതൃപ്തരാണെന്നും ഏറ്റവും പെട്ടെന്ന് ഈ കരാർ സാധ്യമാകുന്ന വിധത്തിൽ തുടർച്ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ആ കുറിപ്പിൽ പറയുന്നു. സന്തുലനം പാലിച്ചുകൊണ്ട്, പരസ്പരം ഉപകാരപ്രദമാകുന്ന വിധത്തിൽ കരാർ രൂപപ്പെടുത്താൻ രണ്ടു മന്ത്രിമാരും സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആ വിഷയം ചർച്ചയുടെ അജണ്ടയിൽ ഇല്ലെന്ന മറുപടിയായിരുന്നു യു കെ മന്ത്രി നൽകിയത്.
അക്കാര്യം പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ അവർ, സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കുമിടയിലെ വാണിജ്യം വിപുലീകരിക്കാനും അതുവഴി ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പറഞ്ഞു. ചർച്ചകളുടെ ആറാം റൗണ്ടിന് ആരംഭം കുറിക്കുന്നതിനാണ് യു കെ ട്രേഡ് സെക്രട്ടറി ഡൽഹിയിൽ എത്തിയിരിക്കുന്നത്. ഈ കരാർ നടപ്പിലായാൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഇല്ലാതെയാവുകയോ ഇളവുകൾ ലഭിക്കുകയോ ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ