ണ്ട് ലോകമഹായുദ്ധങ്ങളിലും ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് അതിധീരമായി പോരാടിയ ഇന്ത്യൻ സൈനികരാണെന്ന് പല യുദ്ധ വിശാരദന്മാരും വ്യക്തമാക്കിയിട്ടുള്ളതാണ്. ആഘോഷിക്കപ്പെടാതെ പോയ ആ രക്തസാക്ഷിത്വങ്ങൾ എന്നും നിരവധി ഇന്ത്യാക്കാരുടെ തീരാ വേദന തന്നെയായിരുന്നു.

ഇപ്പോഴിതാ രണ്ടു ലോകമഹായുദ്ധങ്ങളിലും ബ്രിട്ടനുവേണ്ടി പോരാടി വീരമൃത്യൂ വരിച്ച ഇന്ത്യൻ സൈനികർക്കായി പുതിയ ബ്രിട്ടീഷ് ഇന്ത്യൻ ആർമി മെമോറിയൽ ഉയരുന്നു. സ്‌കോട്ട്ലാൻഡിലെ നഗരമായ ഗ്ലാസ്ഗോയിലാണ് ഇത് വരുന്നത്. ഇതിന്റെ പ്ലാൻ പ്രാദേശിക കൗൺസിൽ അംഗീകരിച്ചു കഴിഞ്ഞു.

ഗ്ലാസ്ഗോയിലെ കെൽവിൻഗ്രോവ് ആർട്ട് ഗ്യാലറിക്ക് സമീപം ഉയരുന്ന സ്മാരകത്തിന് നിബന്ധനകൾക്ക് വിധേയമായി അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇതോടെ ഇതിന്റെ രൂപകല്പന അന്ത്യഘട്ടത്തിലേക്ക് കടക്കുകയാണ്. സ്‌കോട്ട്ലാൻഡിലെ സൗത്ത് ഏഷ്യൻ കമ്മ്യുണിറ്റിയുടെ പൈതൃകം ആഘോഷിക്കുന്ന കളർഫുൾ ഹെറിറ്റേജ് മൾട്ടിമീഡിയ പ്രൊജക്ട് ആണ് ഇതിനുള്ള ആരംഭം കുറിച്ചത്. 40 ലക്ഷത്തിലധികം വരുന്ന ബ്രിട്ടീഷ് ഇന്ത്യൻ സൈനികരെ ആദരിക്കുന്ന സ്‌കോട്ട്ലാൻഡിലെ ആദ്യത്തെ നിത്യ സ്മാരകമായിരിക്കും ഇത്.

ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ഗൂർഖ തുടങ്ങി വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നും ബ്രിട്ടനോട് തോളോടു തോൾ ചേർന്ന് പോരാടിയ ഇന്ത്യൻ സൈനികരുടെ സ്മരണ നിലനിർത്താനാണ് ഈ സ്മാരകം എന്നാണ് കളർഫുൾ ഹെറിറ്റേജ് പറയുന്നത്. സ്‌കോട്ട്ലാൻഡും പഞ്ചാബി മുസ്ലീങ്ങൾ മാത്രം അടങ്ങിയ ഫോഴ്സ് കെ 6 ഉം തമ്മിലുള്ള പ്രത്യേക ബന്ധവും ഇത് എടുത്തുകാട്ടും. രണ്ടാം ലോക മഹായുദ്ധകാലത്ത് ഡാൺകിർക്കിൽ നിന്നും രക്ഷപ്പെട്ട ഇവർ സ്‌കോട്ട്ലാൻഡിൽ എത്തിച്ചേരുകയായിരുന്നു.

ഈ ഫോഴ്സിന്റെ മുഖമുദ്രയായിരുന്ന, നിസ്വാർത്ഥമായ സമർപ്പണം, മറ്റുള്ളവരോട് ബഹുമാനം എന്നീ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതായിരിക്കും ഈ സ്മാരകം. ആദ്യകാലങ്ങളിൽ സ്‌കോട്ട്ലാൻഡിലേക്ക് എത്തിച്ചേർന്ന സൗത്ത് ഏഷ്യൻ സമൂഹത്തെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്ന കളർഫുൾ ഹെറിറ്റേജീ സ്മാരകത്തിന്റെ അവസാന രൂപ കല്പനക്കായി പല വ്യത്യസ്ത വിഭാഗങ്ങളുടെ അഭിപ്രായങ്ങളും ശേഖരിക്കുന്നുണ്ട്.