കുടിയേറ്റക്കാരായി എത്തിയ വിദേശികൾ കൂട്ടത്തോടെ വീടുകൾ സ്വന്തമാക്കാൻ തുടങ്ങിയതോടെ കാനഡയിൽ വീടു വിലയിൽ ദൃശ്യമായത് അസാധാരണമായ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു. ഗൃഹ വിപണി അസാധാരണമാം വിധം കുതിക്കുമ്പോൾ അതിനു കടിഞ്ഞാണിടാൻ പുതിയ നിയമവുമായി എത്തുകയാണ് കനേഡിയൻ സർക്കാർ. വിദേശികൾ വീടുകൾ വാങ്ങുന്നത് വിലക്കുന്ന നിയമമാണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് സി എൻ എന്നിനെ ഉദ്ധരിച്ചുകൊണ്ട് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് കാലത്തു തന്നെ വീടുവിലയിൽ ചെറിയൊരു കുതിപ്പ് ദൃശ്യമായിരുന്നു. കോവിഡ് കഴിഞ്ഞതോടെ പക്ഷെ എല്ലാ നിയന്ത്രണങ്ങളും വിട്ട് വീടുകളുടെ വില കുതിച്ചുയരുകയായിരുന്നു. വീടുകൾ കൂടുതൽ സുരക്ഷിതമായ നിക്ഷേപങ്ങളായി കാണുന്ന സ്വഭാവം വന്നതോടെയാണ് വീടുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായതെന്നും വീടുവില കുതിച്ചുയരാൻ ഇടയായതെന്നും ചിലർ പറയുന്നു.

കാനഡയിലെ വീടുകളിൽ ലഭിക്കുന്ന ലാഭം തിരിച്ചറിഞ്ഞ കോർപ്പറേറ്റുകളും മറ്റ് പല വിദേശ നിക്ഷേപകരും വീടുകൾ വാങ്ങാൻ തിരക്ക് കൂട്ടുന്നതായി കഴിഞ്ഞ വർഷം തന്നെ ഭരണകക്ഷി ആരോപിച്ചിരുന്നു. തുടർന്ന് 2021-ലെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്നെ വിദേശം നിക്ഷേപകർക്കും കോർപ്പറേറ്റുകൾക്കും കാനഡയിൽ വീടുകൾ വാങ്ങുന്നതിൽ നിന്നും രണ്ടു വർഷത്തേക്ക് വിലക്ക് കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേവ് പറഞ്ഞിരുന്നു.

ഇത്തരമൊരു ട്രെൻഡ് നിലവിൽ വന്നതോടെ, ഉപയോഗിക്കാത്ത, ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം വർദ്ധിക്കുകയും ആവശ്യക്കാർക്ക് വീടു വാങ്ങാൻ വൻ വില കൊടുക്കേണ്ടുന്ന സാഹചര്യവും ഉണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ വന്ന ലിബറൽ പാർട്ടി ഈ നയം നടപ്പാക്കൻ ആരംഭിച്ചു. ഒപ്പം പ്രധാന വിപണികളായ വാൻകോവർ, ടൊറൊണ്ടോ എന്നിവിടങ്ങളിൽ ഉടമസ്ഥർ താമസിക്കാത്ത വീടുകൾക്കും ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും അധിക നികുതി ചുമത്താനുള്ള നടപടികളും ആരംഭിച്ചു.

എന്നാൽ, ഇപ്പോൾ കൊണ്ടു വന്നിരിക്കുന്ന നിയമം, കനഡയിൽ കുടിയേറുകയും ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത വിദേശികൾക്ക് ബാധകമാകില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വീടുകൾ ജനങ്ങൾക്ക്, നിക്ഷേപകർക്കല്ല എന്ന ലിബറൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

2020-ലും 2021 -ലും വീടുകളുടെ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ, വിദേശ നിക്ഷേപകരെ വീടുകൾ വാങ്ങുന്നതിൽ നിന്നും വിലക്കുന്ന നിയമം കൊണ്ടുവരുമെന്ന വാർത്ത വന്നതോടെ തന്നെ 2022 ൽ വീടുകളുടെ വിലയിൽ കുറവ് വരാൻ തുടങ്ങി.