- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസിക്കാൻ ഇടമില്ല; ലഭ്യമായ വീടുകൾക്ക് താങ്ങാനാവാത്ത വാടക; ജീവിതച്ചെലവും താങ്ങാനാവുന്നില്ല; പഠനത്തോടൊപ്പം പണിയെടുത്ത് ചെലവ് കണ്ടെത്താനെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ബ്രിട്ടൺ ജീവിതം നരകതുല്യം
ലണ്ടൻ: ആഗോളതലത്തിൽ തന്നെ വലിയൊരു വിദ്യാഭ്യാസ ഹബ്ബായി മാറിയിരിക്കുകയാണ് ബ്രിട്ടൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും ഇവിടെ പഠനാർത്ഥം എത്തിച്ചേരുന്നത്. ഈ വർഷം ബ്രിട്ടനിലെത്തിയ വിദേശ വിദ്യാർത്ഥികളിൽ എണ്ണത്തിൽ ഏറ്റവുമധികം ഇന്ത്യാക്കാരാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.
എന്നാൽ, പഠനവും നല്ലൊരു ഭാവിയും പ്രതീക്ഷിച്ച് ബ്രിട്ടനിലെത്തുന്ന വിദ്യാർത്ഥികളിൽ ഏറിയപങ്കും കടുത്ത ദുരിതത്തിലാണെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. അവർ പഠിക്കുന്ന കോളേജോ യൂണിവേഴ്സിറ്റിയോ സ്ഥിതിചെയ്യുന്ന നഗരങ്ങളിൽ ഒരു താമസസ്ഥലം കണ്ടെത്താൻ ആകാത്തതാണ് മിക്കവരും നേരിടുന്ന വലിയ പ്രശ്നം. പണപ്പെരുപ്പം വർദ്ധിച്ചതോടെ പലയിടങ്ങളിലും വാടകയും താങ്ങാനാകാത്തതായിരിക്കുന്നു.
തലചായ്ക്കാൻ ഒരിടമില്ലാതെ കഷ്ടപ്പെടുന്ന നിരവധി വിദ്യർത്ഥികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശ പഠനം എന്ന മോഹം അവരെ ഇന്ന് ദുരിതക്കയത്തിൽ ആഴ്‌ത്തിയിരിക്കുകയാണ്. താമസ സ്ഥലം മാത്രമല്ല, പലപ്പോഴും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെയാണ്. പണപ്പെരുപ്പം കൂടിയതോടെ ഭക്ഷണ സാധനങ്ങൾക്ക് വില കുതിച്ചുയർന്നതാണ്ഇവരെ കഷ്ടത്തിലാക്കിയിരിക്കുന്നത്.
നിലവിലെ പണപ്പെരുപ്പ നിരക്ക് പരിഗണിച്ചാൽ നിലനിൽപ്പിനു പോലും സാധ്യമാകത്ത സ്ഥിതിയാണുള്ളത് എന്നാണ് പല വിദ്യാർത്ഥികളും പറയുന്നത്. ഏഴ് വർഷം മുൻപ് രണ്ടാഴ്‌ച്ചത്തെ ഭക്ഷണത്തിനായി ചെല്വഴിച്ചിരുന്ന പണം ഇപ്പോൾ രണ്ട് ദിവസത്തെ ഭക്ഷണത്തിനായി ചെലവഴിക്കണം എന്നണ് ഏഴു വർഷം മുൻപ് ബാച്ചിലേഴ്സ് പൂർത്തിയാക്കിയ ഒരു ഇന്ത്യൻ വിദ്യാർത്ഥി പറഞ്ഞത്.
അതിനിടയിൽ ബ്രിട്ടനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പല വിദ്യാർത്ഥികളേയും പഠനാവശ്യത്തിനായി ബ്രിട്ടൻ തെരഞ്ഞെടുക്കുന്നതിൽ നിന്നും തടയുന്നു എന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. വിദ്യർത്ഥി വിസയിൽ എത്തിയവർക്ക് തൊഴിലിൽ ഏർപ്പെടുന്നതിന് സമയ നിയന്ത്രണം ഉള്ളതിനാൽ പലർക്കും ഈ പ്രതിസന്ധി മറികടക്കാനും കഴിയുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ