ലണ്ടൻ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നാളെ ആംബുലൻസ് ഡ്രൈവർമാർ സമരത്തിനിറങ്ങാൻ ഇരിക്കെ, ആരോഗ്യമേഖലയിലെ നഴ്സുമാർ ഉൾപ്പടെയുള്ളവരുടെ സമരം എൻ എച്ച് എസ് പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നെൻ എച്ച് എസ് കോൺഫെഡറേഷൻ നേതാവ് മാത്യു ടെയ്ലർ പറയുന്നു. നഴ്സുമാരുടെയും മറ്റും സമരം എൻ എച്ച് എസിന്റെ മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കട്ടി

അതേസമയം എൻ എച്ച് എസ് ജീവനക്കാരുടെ സമരം ഒത്തു തീർപ്പാക്കാൻ തയ്യാറാകാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. 19 ശതമാനത്തിന്റെ ശമ്പള വർദ്ധനവാണ് നഴ്സുമാരുടെ യൂണിയൻ ആവശ്യപ്പെടുന്നതെങ്കിലും അക്കാര്യത്തിൽ ചില വിട്ടുവീഴ്‌ച്ചകൾ ആകാം എന്ന നിലപാട് യൂണിയൻ വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏകദേശം പത്ത് ശതമാനത്തോളം ശമ്പള വർദ്ധനവിന് യൂണിയൻ തയ്യാറായേക്കുമെന്ന ചിൽ വാർത്തകളുംവരുന്നുണ്ട്. എന്നാൽ അഞ്ചു ശതമാനം എന്ന പരിധിയിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.

ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ അതിലേറെ വർദ്ധനവ് അനുവദിക്കാൻ ആകില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്. ഈ പിടിവാശി ഉപേക്ഷിച്ച് യൂണിയനുകളുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് ഒരു സമവായത്തിൽ എത്തണമെന്ന് എൻ എച്ച് എസ് അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയുടെ പ്രവർത്തനം സർക്കാർ കൂടുതൽ ഗൗരവമായി എടുക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

നളെ ആംബുലൻസ് ജീവനക്കാർ പണിമുടക്കാനിരിക്കെ കൂടുതൽ ദുരിതങ്ങളായിരിക്കും ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സമരത്തിൽ ജീവാപായമുണ്ടാകുന്ന സാഹചര്യങ്ങൾ ഉള്ള കാറ്റഗറി 1 ൽ ഉൾപ്പെടുന്ന കോളുകൾക്ക് മാത്രമായിരുന്നു ആംബുലൻസ് സേവനം ലഭ്യമാക്കിയിരുന്നത്. അതല്ലാത്തവർക്ക് ആംബുലൻസ് സേവനം ഏതാണ്ട് നിഷേധിക്കപ്പെട്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പൂർണ്ണ ഗർഭിണികൾ വരെ ഇത്തരത്തിൽ ആംബുലൻസ് ലഭിക്കാതെ കഷ്ടപ്പെട്ടതായ വാർത്തകൾ പുറത്തു വന്നിരുന്നു.

അടുത്തമാസം, ഫെബ്രുവരി 6 നും 7 നും നഴ്സുമാർ വീണ്ടും പണിമുടക്കാനിരിക്കുകയാണ്. കഴിഞ്ഞ സമരത്തിൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ എൻ എച്ച് എസ് ട്രസ്റ്റുകൾ ഈ സമരങ്ങളിൽ പങ്കെടുക്കുമെന്ന് അറിയുന്നു. അതിനു പുറമെ ജനുവരി 26 നും ഫെബ്രുവരി 9 നും ഫിസിയോ തെറാപ്പിസ്റ്റുകളും സമരത്തിനിറങ്ങുകയാണ്. 30 എൻ എച്ച് എസ് ട്രസ്റ്റുകളിൽ നിന്നായി 4000 ഫിസിയോതെറപിസ്റ്റുകളാണ് പണിമുടക്കുന്നത്.