ലണ്ടൻ: ബ്രിട്ടനിലെ നഴ്‌സുമാരുടെ സമരം കൂടുതൽ ശക്തമാകുന്നു. ആംബുലൻസ് ജീവനക്കാരുമടക്കം എൻ എച്ച് എസിലെ 40,000 ൽ അധികം ജീവനക്കാർ ഇന്ന് പണിമുടക്കുകയാണ്. അതേസമയം നേരത്തേ ആവശ്യപ്പെട്ടതിന്റെ പകുതി വർദ്ധനവ് നടപ്പാക്കിയാലും സമ്മതിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ആംബുലൻസ് ജീവനക്കാരും നഴ്സുമാരും എകോപിച്ചുകൊണ്ട് സമരം നടത്തുന്നത് അനേകം ജീവനുകൾക്ക് ഭീഷണിയാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു.

നാളെ വീണ്ടും നഴ്സുമാർ സമരത്തിനിറങ്ങും വ്യാഴാഴ്‌ച്ചത്തെ സമരത്തിൽ ഫിസിയോതെറാപ്പിസ്റ്റുകളും കൂടുതൽ ആംബുലൻസ് ജീവനക്കാരും നഴ്സുമാർക്കൊപ്പം ചേരും. എത്രയും വേഗം ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രധാനമന്ത്രി ഋഷി സുനകിനോട് കത്ത് വഴി അഭ്യർത്ഥിച്ചിട്ടുണ്ട്.

വെയിൽസിലെ അംഗങ്ങൾ പരിഗണിക്കുന രീതിയിൽ ഫലവത്തായ ഒരു പേ ഓഫർ ലഭിച്ചാൽ സമരം ഉടനടി നിർത്താമെന്ന് യൂണിയൻ നേതാക്കൾ സമ്മതിച്ചിട്ടുണ്ട്. നേരത്തെ 19.2 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്ന യൂണിയനുകൾ 10 ശതമാനം വർദ്ധിപ്പിച്ചാലും സമരം നിർത്താൻ തയ്യാറായേക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ജീവനക്കാരുടെ സമരങ്ങൾ മൂലം ഈയാഴ്‌ച്ചയും എൻ എച്ച് എസിന്റെ പ്രവർത്തനം അവതാളത്തിലാകും. ഇതുവരെയുള്ള സമരങ്ങൾ മൂലം 88,000 ശസ്ത്രക്രിയകളും മറ്റു ചികിത്സകളുമാണ് റദ്ദാക്കപ്പെടുകയോ നീട്ടിവയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. ഡിസംബറിൽ നടന്ന സമരത്തിൽ 44 ട്രസ്റ്റുകളിലെ നഴ്സുമാർ പണിമുടക്കിയപ്പോൾ ജനുവരിയിൽ ഇത് 55 ട്രസ്റ്റുകളിലേതായി മാറി. ഇന്ന് നടക്കുന്ന സമരത്തിൽ 73 ട്രസ്റ്റുകളിലെ നഴ്സുമാർ പണിമുടക്കും എന്നാണ് കരുതപ്പെടുന്നത്.

അതേസമയം എമർജൻസി വിഭാഗത്തിലെ കുറവ് നികത്താൻ എൻ എച്ച് എസ് ഒരു ദിവസം സ്വകാര്യ ആംബുലൻസ് സേവനത്തിനും ടാക്സികൾക്കുമായി 4 ലക്ഷം പൗണ്ട് ചെലവഴിക്കുന്നതായ കണക്കുകൾ പുറത്തു വന്നു. കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടയിൽ സ്വകാര്യ ആംബുലൻസുകളേയും ടാക്സികളേയും ആശ്രയിക്കുന്നത് 62 ശതമാനത്തോളം വർദ്ധിച്ചു എന്നാണ് കണക്കുകൾ പറൗന്നത്. 2022-ൽ ഇതിനായി ചെലവഴിച്ചത് 145 മില്യൺ പൗണ്ടായിരുന്നു.

വിവിധ ആംബുലൻസ് ട്രസ്റ്റുകൾ സ്വകാര്യ ആംബുലസുകൾക്കും ടാക്സികൾക്കുമായി ചെലവാക്കുന്ന തുകയുടെ കണക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ ഡെയ്ലി മെയിൽ രിപ്പോർട്ട് ചെയ്യുന്നത് ഏഴ് ട്രസ്റ്റുകൾ കഴിഞ്ഞവർഷം 10 മില്യണിലധികം ഇതിനായി ചെലവഴിച്ചു എന്നാണ്. പകുതി എണ്ണം ട്രസ്റ്റുകളിൽ സ്വകാര്യ ആംബുലൻസിനായി ചെലവഴിക്കുന്ന തുക കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇരട്ടിച്ചതായും അതിൽ പറയുന്നു.. കഴിഞ്ഞ വർഷം സ്വകാര്യ ആംബുലൻസുകൾക്കായി ചെലവാക്കിയ 145 മില്യൺ പൗണ്ട് കൊണ്ട് 3,100 ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുമെന്നും ഡെയ്ലി മെയിലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.