- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സുമാർക്ക് സന്തോഷ വാർത്ത! ബ്രിട്ടനിൽ നഴ്സിങ് ക്ഷാമം തീരുന്നില്ല; സ്വകാര്യ നഴ്സിങ് ഹോമുകൾക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ സർക്കാർ ഫണ്ട്; ഇനി എൻ എച്ച് എസ്സിലേതിനേക്കാൾ ശമ്പളത്തിൽ നഴ്സിങ് ഹോമുകളിൽ ജോലി ചെയ്യാൻ വിസ എടുക്കാം; നഴ്സുമാരെ കാത്തിരിക്കുന്ന പ്രതിവർഷ ശമ്പളം 45 ലക്ഷം വരെ!
ലണ്ടൻ: മലയാളികൾ അടക്കം ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് യുകെയിൽ നിന്നും പുറത്തുവരുന്നത്. നഴ്‌സിങ് മേഖലയിൽ യുകെയിൽ നിന്നും കൂടുതൽ അവസരങ്ങൾ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കോവിഡ് പ്രതിസന്ധിയിൽ താറുമാറായ ബ്രിട്ടീഷ് ആരോഗ്യ സംരക്ഷണ രംഗത്ത് ജീവനക്കാരുടെ കുറവ് കൂടി ശക്തമായി അനുഭവപ്പെട്ടതോടെ ഒരു താത്ക്കാലിക പരിഹാരം ആയിട്ടായിരുന്നു. ഹെൽത്ത് കെയർ വർക്കർമാരേയും സ്‌കിൽഡ് വർക്കർ വിസ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 2022 ഫെബ്രുവരി 15 ന് ഉത്തരവിറക്കിയത്. ഇതനുസരിച്ച്, സ്‌കിൽഡ് വർക്കർ സ്പോൺസർ ലൈസൻസുള്ള ഏത് സ്ഥാപനത്തിനും അന്നു മുതൽ ഒരു വർഷത്തേക്ക് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉള്ള തസ്തികകളിലേക്ക് വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നു.
ഇത് തുടരുമോ ഇല്ലയോ എന്നതിനെ കുറിച്ച് 2023 ഫെബ്രുവരി 15 ന് ശേഷവും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാൽ, 2023 ഫെബ്രുവരി 10 ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഒരു ഇന്റേണൽ റിക്രൂട്ട്മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ചു. വരും വർഷങ്ങളിൽ ബ്രിട്ടനിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഏറെ പ്രയോജനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ആയിരുന്നു അതിൽ.
ഇതനുസരിച്ച് ഡി എച്ച് എസ് സി, ഗ്രാന്റ് തുക എല്ലാ ലോക്കൽ അഥോറിറ്റികളെയും പ്രതിനിധീകരിക്കുന്ന ഒരു പ്രധാനലോക്കൽ അഥോറിറ്റിക്ക് കൈമാറും. ലോക്കൽ അഥോറിറ്റികൾ പ്രാദേശികമായ കെയർ അലയൻസുകളുമായും പ്രാദേശിക സേവന ദാതാക്കളുമായും ഒരുമിച്ച് പ്രവർത്തിക്കും. ഡി എച്ച് എസ് സിയുടെ നിർദ്ദേശമനുസരിച്ച്, വിഭവങ്ങളെ പരിപാലിക്കുന്നതിനായി റീജിയണൽ, സബ് റീജിയണൽ പാർട്ട്ണർഷിപ്പുകൾ രൂപപ്പെടുത്തണം.
ഒൻപത് ഇംഗീഷ് റീജിയനുകൾക്കും ഉള്ള പരമാവധി ധനസഹായം എത്രയെന്ന് ഡി എച്ച് എസ് സി തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ, തങ്ങൾക്ക് എത്ര ധനസഹായം ആവശ്യമാണെന്നും, അത് ഏത് വിധത്തിൽ ഉപയോഗിക്കുമെന്നും കാണിച്ച് ലോക്കൽ അഥോറിറ്റികൾ 2023 ഫെബ്രുവരി 24 ന് മുൻപായി അപേക്ഷ നൽകേണ്ടതുണ്ട്. 2023-24 കാലത്തേക്ക് ലഭ്യമാകുന്ന ഈ ധനസഹായം, സോഷ്യൽ കെയറിലെ വർധിച്ചു വരുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു നടപടിയാണ്.
ഇംഗ്ലണ്ടിൽ ഈ മേഖലയിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ എണ്ണത്തിൽ 2021-22 കാലത്ത് ഉണ്ടായത് 52 ശതമാനം വർദ്ധനവായിരുന്നു. റീട്ടെയിൽ പോലുള്ള മേഖലകൾ ആകർഷകമായ വേതനം വാഗ്ദാനം നൽകി ഈ മേഖലയിൽ ഉള്ളവരെ ആകർഷിച്ചതും ബ്രെക്സിറ്റിനു ശേഷം യൂറോപ്പിൽ നിന്നുള്ള ജോലിക്കാരുടെ വരവ് ഇല്ലാതായതുമാണ് ഇതിന് പ്രധാന കാരണം.
ഇപ്പോൾ ഈ ധന സഹായം നൽകുന്നത് വിദേശത്തു നിന്നുള്ള ജോലിക്കാരെ ആകർഷിക്കാൻ, തൊഴിൽ ദാതാക്കളെ സഹായിക്കുന്നതിനായിട്ടായിരുന്നു. ഒരു മേഖലയുടെ മുഴുവൻ ആവശ്യവും പരിഗണിച്ചുകൊണ്ട്, സഹകരിച്ചുകൊണ്ടുള്ള ഒരു റിക്രൂട്ട്മെന്റ് സ്രോതസ്സ് ഉണ്ടാക്കുക എന്നതാണ് ഇതുകൊണ്ട് ഉന്നം വയ്ക്കുന്നത്. അതുപോലെ വിദേശത്തു നിന്നും എത്തുന്ന ഹെൽത്ത് കെയർ ജീവനക്കാർക്ക് താമസ സൗകര്യം, ബ്രിട്ടീഷ് ഡ്രൈവിങ് ലൈസൻസ് എന്നിവ ലഭ്യമാക്കാൻ സഹായിക്കുക,. യാത്രാ രേഖകൾ തയ്യാറാക്കൻ സഹായിക്കുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
ഈ ഉദ്ദേശങ്ങൾക്കായി 15 മില്യൺ പൗണ്ടിന്റെ ധനസഹായമാണ് 2023-24 കാലത്തേക്ക് ഡി എച്ച് എസ് സി ഒരുക്കിയിരിക്കുന്നത്. ഇത് സ്വകാര്യ മേഖലയ്ക്ക് കൂടി ബാധകമാണ്.അതായത്, സ്വകാര്യ നഴ്സിങ് ഹോമുകളിലേക്കും ഇനി മുതൽ വിദേശത്ത് നിന്നും നഴ്സുമാരെയും മറ്റ് അനുബന്ധിത വിഭാഗത്തിൽ പെടുന്നവരെയും റിക്രൂട്ട് ചെയ്യുന്നതിന് സർക്കാർ ധനസഹായം നൽകുമെന്നർത്ഥം.
മലയാളികളെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ
ഈ പുതിയ നയം മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർക്ക് മുൻപിൽ വലിയ തൊഴിലവസരങ്ങളാണ് വന്നിരിക്കുന്നത്. നേരത്തെ എൻ എച്ച് എസിനു മാത്രമുണ്ടായിരുന്ന ഈ ധനസഹായം സ്വകാര്യ മേഖലയ്ക്ക് കൂടി നൽകിയതോടെ കൂടുതൽ ശമ്പളം നൽകുന്ന സ്വകാര്യ നഴ്സിങ് ഹോമുകളിലുംജോലിക്ക് കയറുന്നതിനുള്ള അവസരം നഴ്സുമാർക്ക് കൈവന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയതും മലയാളി നഴ്സുമാർക്ക് ഏറെ ഉപകാരം ചെയ്യും.
എൻ എച്ച് എസിൽ ബാൻഡ് 5 നഴ്സിന് ലഭിക്കുന്ന ശമ്പളം പ്രതിവർഷം 27,000 പൗണ്ട് മുതൽ 32,000 പൗണ്ട് വരെയാണ്. ബാൻഡ് 6 ൽ 33,000 പൗണ്ട് മുതൽ 40,000 പൗണ്ട് വരെയും ബാൻഡ് 7 ൽ 41,000 പൗണ്ട് മുതൽ 47,000 പൗണ്ട് വരെയും ആണ്. അതി സമർത്ഥരായവർ ചിലപ്പോൾ രണ്ടോ മൂന്നോ വർഷം കൊണ്ടുതന്നെ ബാൻഡ് 7 ൽ എത്താറുണ്ടെങ്കിലും, അതിനായി പത്തും പന്ത്രണ്ടും വർഷങ്ങൾ എടുക്കുന്നവരുമുണ്ട്.
അതേസമയം, നഴ്സിങ് ഹോമുകൾ കൊടുക്കുന്ന ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളം മണിക്കൂറിൽ 17 പൗണ്ടാണ്. ചില നഴ്സിങ്റ്റ് ഹോമുകൾ ആദ്യവർഷം മണിക്കൂറിൽ 16 പൗണ്ടും പിന്നീട് 17 പൗണ്ടുംനൽകുന്നുണ്ട്. 18 പൗണ്ടും 19 പൗണ്ടും നൽകുന്ന നഴ്സിങ് ഹോമുകളും ഇവിടെയുണ്ട്. മണിക്കൂറിന് 16 പൗണ്ട് വെച്ച് കൂട്ടിയാൽ തന്നെ, ആഴ്‌ച്ചയിൽ നാല് ഷിഫ്റ്റ് ചെയ്യുന്ന ഒരു നഴ്സിന് പ്രതിവർഷം ലഭിക്കുക 36,000 പൗണ്ടായിരിക്കും.
17 പൗണ്ട് മണിക്കൂറിൽ വാങ്ങുന്നവർക്ക് പ്രതിവർഷം ലഭിക്കുക 38,000 പൗണ്ടാണ്. അതായത് എൻ എച്ച് എസിലെ ബാൻഡ് 6 ന്റെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ശമ്പളം സ്വകാര്യ നഴ്സിങ് ഹോമിൽ ആരംഭത്തിൽ തന്നെ ലഭിക്കും എന്നർത്ഥം. മണിക്കൂറിന് 19 പൗണ്ട് വച്ചാണെങ്കിൽ പ്രതിവർഷം ലഭിക്കുക 43,000 പൗണ്ട് ആയിരിക്കും. അതായത് ബാൻഡ് 7 നഴ്സിനി് എൻ എച്ച് എസിൽ ലഭിക്കുന്ന ശമ്പളമാണിത്.
അതേസമയം, എൻ എച്ച് എസ് നഴ്സുമാർക്ക് ലഭിക്കുന്ന ചില ആനുകൂല്യങ്ങൾ സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് ലഭിക്കില്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന് എൻ എച്ച് എസ് നഴ്സുമാർക്ക് ശമ്പളത്തോടു കൂടിയ സിക്ക് ലീവ് ലഭിക്കുമ്പോൾ സ്വകാര്യ മേഖലയിൽ അതില്ല.
എൻ എച്ച് എസിനൊപ്പം സ്വകാര്യ മേഖലയിലും നഴ്സിങ് തസ്തികകൾ വളരെയേറെ ഒഴിഞ്ഞു കിടക്കുകയാണ്. ഇപ്പോൾ റിക്രൂട്ട്മെന്റിന് സർക്കാർ ധനസഹായം കൂടി ലഭിക്കുന്നതോടെ സ്വകാര്യ മേഖലയിലെ റിക്രൂട്ട്മെന്റും ഇനി കൂടുതൽ ഉഷാറാകും. വൻ അവസരങ്ങളാണ് ഇതുവഴി മലയാളി നഴ്സുമാർക്ക് കൈവന്നിരിക്കുന്നത്.
മറുനാടന് ഡെസ്ക്