ലണ്ടൻ: തൊഴിലാളി ക്ഷാമം പല മേഖലകളേയും ഏതാണ്ട് സ്തംഭനാവസ്ഥയിൽ എത്തിക്കുമ്പോൾ, കൂടുതൽ ഉദാരമായ വിസ സമീപനങ്ങളോടെ വിദേശത്തു നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തത്രപ്പാടിലാണ് ബ്രിട്ടൻ. അതിനിടയിലാണ് ഇപ്പോൾ ആസ്ട്രേലിയൻ സംഘം ബ്രിട്ടനിലെത്തുന്നത്. അവിടത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ബ്രിട്ടീഷുകാരെ വലവീശിപ്പിടിക്കാൻ തയ്യാറായാണ് അവർ എത്തുന്നത്.

പടിഞ്ഞാറൻ ആസ്ട്രേലിയയിൽ നിന്നെത്തിയ ഒരു സംഘം ഫെബ്രുവരി 25 ന് ഒരു ജോബ് ഫെയർ ഒരുക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥർ, നഴ്സുമാർ തുടങ്ങി വിവിധ മേഖലകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുകയാണ് അവരുടെ ഉദ്ദേശം. പൊലീസ് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രി മന്ത്രി പോൾ പാപാലിയയുടെ നേതൃത്വത്തിൽ എത്തിയ സംഘം പറയുന്നത് പടിഞ്ഞാറൻ ആസ്ട്രേലിയയിൽ മാത്രം 30,000 ഒഴിവുകൾ ഉണ്ടെന്നാണ്.

കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യമൊരുക്കി നിങ്ങളുടെ തൊഴിലാളികളെ ആകർഷിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് എന്നായിരുന്നു പപാലിയ മാധ്യമങ്ങളോട് പറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഭൂമികകളിൽ ഒന്നായ പടിഞ്ഞാറൻ ആസ്ട്രേലിയ ഈ ഗ്രഹത്തിലെ തന്നെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം പറയ്ഹുന്നു.

ആസ്ട്രേലിയയിലെ വേതനം ബ്രിട്ടനിലേതിനേക്കാൾ കൂടുതലാണെന്നും ജീവിത ചെലവ് കുറവാണെന്നും അദ്ദെഹം ചൂണ്ടിക്കാട്ടി. അതുപോലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ ഒന്നാണ് ആസ്ട്രേലിയയിൽ ഉള്ളതെന്നും അദ്ദേഹം പറയുന്നു. പെർത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ജീവിക്കുന്നത് കടൽക്കരയിൽ നിന്നും ഏറെ ദൂരെയല്ലാതെയാണ്. പാർക്കിങ് ഫീസ് ഇല്ല, റോഡുകളിൽ ടോൾ ഇല്ല. യു കെയിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ ഗതാഗത തടസ്സങ്ങളുമില്ല. പൊതുഗതാഗത സംവിധാനവും ഏറെ മെച്ചപ്പെട്ടതാണ്, അദ്ദേഹം വിശദീകരിച്ചു.

നഴ്സുമാർക്ക് യു കെയിൽ ലഭിക്കുന്നതിന്റെ അഞ്ചിൽ മൂന്ന് തുക അധികവേതനമായി ആസ്ട്രേലിയയിൽ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. കാർ മെക്കാനിക്കുകൾക്കാണെങ്കിൽ യു കെയിൽ സമ്പാദിക്കാൻ കഴിയുന്നതിന്റെ ഇരട്ടി സമ്പാദിക്കാൻ കഴിയും അതുപോലെ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകർക്കും വളരെ ഉയർന്ന ശമ്പളമാണ്. അതേസമയം എനർജി ബിൽ, യു കെയുമായി താരതമ്യം ചെയ്യുമ്പോൾ തീരെ കുറവാണു താനും.

നഴ്സുമാർ, ഡോക്ടർമാർ, അദ്ധ്യാപകർ എന്നിവർക്ക് പുറമെ ചൈൽഡ് കെയർ വർക്കർമാർ, സിവിൽ എഞ്ചിനീയർമാർ, വെൽഡർ, ഡ്രില്ലർ, കാർ മെക്കാനിക്ക് എന്നീ ഒഴിവുകളും ഇപ്പോൾ ഉണ്ട്. എഡിൻബർഗ്, ബ്രിസ്റ്റോൾ, ഡുബ്ലിൻ എന്നിവിടങ്ങളിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണെന്ന് ആസ്ട്രേലിയൻ സംഘം പറയുന്നു.