ദുബായ്: ദുബായിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങി മരിച്ച മലയാളി യുവാവ് അമൽ സതീഷിന്റെ (29) മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മാസങ്ങൾക്ക് മുൻപാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂർ പുത്തലത്തു വീട്ടിൽ അമലിനെ ദുബായിലെ ജോലി സ്ഥലത്തു നിന്നും കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ ദിവസം റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങി മരിച്ച നിലയിൽ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏഴു മാസം മുൻപാണ് അമൽ യുഎഇയിലെത്തിയത്. ദുബായ് വർസാനിലെ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് വൈകിട്ട് 4.30ന് ടീ ബ്രേയ്ക്ക് സമയത്ത് പുറത്തിറങ്ങിയ യുവാവ് പിന്നീടു ജോലിക്കെത്തിയില്ല. തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അമലിനെ കണ്ടെത്താനായില്ല.ടട

ബന്ധുക്കളും സുഹൃത്തുക്കളും ഇതോടൊപ്പം തിരച്ചിൽ തുടർന്നു. എന്നിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് കുറച്ചു നാൾ മുൻപ് പിതാവും ബന്ധുവും യുഎഇയിലെത്തി തിരിച്ചിലിനു നേതൃത്വം നൽകി. യാതൊരു വിവരം ലഭിക്കാത്തതിനെ തുടർന്ന് ഇവർ ഒരാഴ്ച മുൻപു തിരിച്ചുപോയി. തുടർന്നും ബന്ധുക്കളും സുഹൃത്തുക്കളും പൊലീസും അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. നാട്ടിലേക്ക് തിരികെ പോകണമെന്ന് ആഗ്രഹിച്ചിരുന്ന അമൽ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് വിവരം.

ബിരുദ പഠനം പൂർത്തിയാക്കാതെയാണ് അമൽ യുഎഇയിലേക്കു വന്നത്. ജോലിയോട് അത്ര തൽപരനല്ലാത്ത ഇയാൾ നാട്ടിലേക്കു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനു സാധിക്കാതെ വന്നതോടെ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവത്രെ. കാണാതായ ശേഷം അമൽ തന്റെ സുഹൃത്തിനെ ഫോൺ വിളിച്ചിരുന്നു. താനൊരു ബസിലാണെന്നും കാടുള്ള ഒരു സ്ഥലത്തൂടെയാണു പോകുന്നതെന്നുമാണു പറഞ്ഞത്. പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു.

അതിനു ശേഷം മൊബൈൽ ഫോണും സ്വിച്ഡ് ഓഫാണ്. അടുത്ത ദിവസം തന്നെ ബന്ധുക്കൾ റാഷിദിയ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. എങ്കിലും അമൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും. ഇതിനിടെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി ചേതനയറ്റ ശരീരം കണ്ടെത്തിയത്