ലണ്ടൻ: ''നീണ്ട നിശബ്ദതക്ക് ശേഷം വരുന്ന, ഉച്ചരിച്ചതിനു ശേഷം കൂടുതൽ ആഴത്തിലുള്ള നിശബ്ദതയെ അവശേഷിപ്പിക്കുന്ന ഒരു വാക്ക് ലോകത്തിന് സമ്മാനിച്ച ഒരു രാജ്യത്തു നിന്നാണ് ഞാൻ വരുന്നത്'' 2009- ൽ ഓസ്‌കാർ അവാർഡ് സ്വീകരിച്ചു കൊണ്ട് ഇന്ത്യയുടെ അഭിമാനമായ റസൂൽ പൂക്കുട്ടി പറഞ്ഞ വാക്കുകളാണിത്. നിശബ്ദതയെ ആവാഹിച്ച്, നിശബ്ദതയെ സൃഷ്ടിക്കുന്ന ആ ഓങ്കാരത്തെ ലോകത്തിനു സമ്മാനിച്ച ഇന്ത്യയിൽ നിന്നു തന്നെ ശബ്ദത്തിന്റെ മാസ്മരികത് സൃഷ്ടിക്കാൻ മറ്റൊരാൾ എത്തുന്നു. അതും ഒരു മലയാളി ആണെന്നത് ലോകം മുഴുവനുമുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

ആറാമത് യൂറോപ്യൻ 3 ഡി ഓഡിയോ പ്രൊഡക്ഷൻ മത്സരത്തിൽ സ്വർണ്ണമെഡൽ നേടിക്കൊണ്ടാണ് യൂണിവേഴ്സിറ്റി ഓഫ് ഹഡിഫീൽഡിലെ അവസാന വർഷ സൗണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥിയായ രോഹിത് ശക്തി ഇന്ത്യയുടെ അഭിമാന ഭാജനമായത്. മ്യുസിക് റെക്കോർഡിങ്/ സ്റ്റുഡിയോ പ്രൊഡക്ഷൻ വിഭാഗത്തിൽ മത്സരിച്ച രോഹിത്, ഈ വിഭാഗത്തിൽ സമ്മാനർഹനായ എക യു കെ വിദ്യാർത്ഥി കൂടിയാണ്.

ക്ലാസിക്കൽ സംഗീതം അഭ്യസിച്ചിട്ടുള്ള രോഹിത് തന്നെ സംഗീതം നൽകി, പാടിയ ട്രാക്കിനാണ് സമ്മാനം ലഭിച്ചത്. ഈ വർഷം യൂണിവേഴ്സിറ്റിയിൽ നിന്നുംസൗന്റ് എഞ്ചിനീയറിങ് ആൻഡ് മ്യുസിക് പ്രൊഡക്ഷനിൽ ബി എസ് സി (ഹോണേഴ്സ്) കോഴ്സ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്ീ മൂവാറ്റുപുഴക്കാരൻ.

രോഹിതിന്റെ ഈ നേട്ടം ഹഡിസ്ഫീൽഡ് യൂണിവേഴ്സിറ്റിയുടെ ന്യുസ് ലെറ്ററിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. പ്ലേസ്മെന്റ് ഇയർ ബ്രേക്കിന് ശേഷം ഇപ്പോൾ ഫൈനൽ ഇയർ പൂർത്തിയാക്കാൻ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തിയിട്ടുള്ള രോഹിതിന്റെ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ അതിനു ശേഷം റിക്വെസ്റ്റുകൾ കൊണ്ട് നിറയുകയാണ്.

തന്റെ നേട്ടങ്ങൾക്കെല്ലാം കാരണം മാതാപിതാക്കളാണെന്ന് രോഹിത് പറയുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി ടെക് ബിരുദം എടുത്ത ശേഷമായിരുന്നു സൗണ്ട് എഞ്ചിനീയറിംഗിൽ മറ്റൊരു ബിരുദമെടുക്കാൻ രോഹിത് തുനിഞ്ഞത്. സാധാരണ മാതാപിതാക്കൾ ഒന്നും അത്തരമൊരു നീക്കത്തെ പിന്തുണക്കില്ല എന്ന് രോഹിത് പറയുന്നു. പ്രത്യേകിച്ച്, എഞ്ചിനീയറിംഗിൽ ബിരുദമെടുത്ത ഒരാൾ സംഗീതവുമായി ബന്ധപ്പെട്ട രംഗത്തേക്ക് കടക്കുന്നത് അപൂർവ്വവുമാണ്.

എഞ്ചിനീയറിങ് കഴിഞ്ഞതിനു ശേഷം രോഹിത് കുറച്ചു നാൾ ആ മേഖലയിൽ ജോലി ചെയ്തിരുന്നു. എന്നാൽ, അതല്ല തന്റെ രംഗം എന്ന് ബോദ്ധ്യപ്പെടുകയായിരുന്നു എന്ന് രോഹിത് പറഞ്ഞു. സംഗീതമായിരുന്നു എക്കാലവും ആകർഷിച്ചിരുന്നത്. ആഗ്രഹം അറിയിച്ചപ്പോൾ മാതാപിതാക്കൾ ഒരു എതിർപ്പും കൂടാതെ സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ, താൻ ഏതെങ്കിലും സംഗീത സൃഷ്ടി ഏതാനും മാസങ്ങൾ ഉണ്ടാക്കാതിരുന്നാൽ മാതാപിതാക്കൾ തന്നെ വഴക്കു പറയുമെന്നും രോഹിത് പറയുന്നു.

രോഹിതിന്റെ ആദ്യ സൃഷ്ടി ഒരു തമിഴ് ട്രാക്ക് ആയിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ആയിരുന്നു അത് യൂട്യുബിൽ റിലീസ് ചെയ്തത്.വിദേശത്തു തന്നെ സംഗീതവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന രോഹിത് അതിനിടയിൽ നാട്ടിൽ എത്തി ഇവിടെ ഒരു സ്റ്റുഡിയോ ആരംഭിക്കാനും ആഗ്രഹിക്കുന്നുണ്ട്.