- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടയർ 2 വിസയിൽ യു കെയിൽ എത്തിയ ആൾ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തു; വിസ നിയമ ലംഘനത്തിന് അറസ്റ്റ് ചെയ്ത് ബോർഡർ പൊലീസ്; ഒരു വിസയിൽ ഉള്ളയാൾ മറ്റൊരു ജോലിയെടുത്താലും നിയമലംഘനം; ബ്രിട്ടണിൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുമ്പോൾ സംഭവിക്കുന്നത്
ലണ്ടൻ: യു കെയിൽ കുടിയേറ്റ നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമാവുകയാണ്. അനധികൃതമായി തൊഴിൽ എടുക്കുന്നവരെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇത്. വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന ഇടങ്ങൾ, റെസ്റ്റോറന്റുകൾ, കെയർ ഹോമുകൾ എന്നിവിടങ്ങളിൽ നടത്തുന്ന റെയ്ഡുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ് ഹോം ഓഫീസും അനുബന്ധ ഏജൻസികളും.
ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ ഹോം ഓഫീസ് മറ്റു പല നടപടികളും കൈക്കൊള്ളുന്നുണ്ട്. കുടിയേറ്റക്കാർക്ക് നൽകിയിരിക്കുന്ന വിസയിലെ ചട്ടങ്ങൾ അവർ ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്ന പുതിയ നടപടി കൈക്കൊണ്ടിരിക്കുകയാണ് ഹോം ഓഫീസ് ഇപ്പോൾ. ചില പ്രത്യേക വിഭാഗത്തിൽ പെടുന്ന വിസയിൽ എത്തിയവർക്കിടയിലാണ് ഇത് കൂടുതൽ കർശനമായി നടപ്പിലാക്കുന്നത്.
ഉദാഹരണത്തിന് ടയർ 2 വിസക്ക് പകരമായി എത്തിയ സ്‌കിൽഡ് വർക്കർ വിസയിൽ നിങ്ങൾക്ക് യു കെയിൽ എത്തി അർഹതയുള്ള ജോലി ചെയ്യുവാനുള്ള അനുമതി ഉണ്ട്. എന്നാൽ, ഇത്തരം സ്‌കിൽഡ് വർക്കർ വിസയിൽ എത്തി ഡെലിവറി ഡ്രൈവറുടെ ജോലി ചെയ്ത ഒരാൾക്ക് പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണം കാണിച്ച് നോട്ടീസ് നൽകിയിരിക്കുകയാണിപ്പോൾ. 2023 ജനുവരിയിൽ ആണ് ഈ വ്യക്തി സ്‌കിൽഡ് വിസയിൽ യു കെയിൽ എത്തുന്നത്.
ഈ വിസയിലെ നിബന്ധന പ്രകാരം, ആ വ്യക്തി പരാമർശിച്ചിരിക്കുന്ന സ്‌കിൽ ഉൾപ്പെടുന്ന ജോലികൾ മാത്രമെ ചെയ്യാൻ അനുവാദമുള്ളു. എന്നാൽ, ഈ വ്യവസ്ഥ അനുസരിക്കാതെ, ഡെലിവറി ഡ്രവറായി ജോലി ചെയ്തു വന്ന ഇയാളെ ഫെബ്രുവരി 20 ന് ആയിരുന്നു അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് തടഞ്ഞത്. അയാളുടെ ബൈക്കിൽ, ഭക്ഷണങ്ങൾ ഡെലിവറി ചെയ്യാൻ ഉപയോഗിക്കുന്ന ബാഗും അയാളുടെ ഫോണിൽ ഡെലിവറി ആപ്പും കണ്ടെന്ന് അയാൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
വിസ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഡെലിവറി ഡ്രൈവർ ആയി ജോലി ചെയ്യുന്നത് ഇമിഗ്രേഷൻ നിയമങ്ങൾക്ക് എതിരാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഡെലിവറി ഡ്രൈവറുടെ ജോലി സ്‌കിൽഡ് വർക്ക് കാറ്റഗറിയിൽ പരിഗണിച്ചിട്ടില്ല എന്നും അതിൽ പറയുന്നു. യാതൊരു വിധ പരിഗണനയും നൽകാൻ ആകില്ലെന്നും നോട്ടീസിൽ വ്യക്തമായി പറയുന്നു. അറസ്റ്റിന് ശേഷം ഈ വ്യക്തിക്ക് ഇമിഗ്രേഷൻ ബെയ്ൽ ലഭിച്ചു. കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ഇത് മലയാളികൾ ഉൾപ്പടെയുള്ള എല്ലാ കുടിയേറ്റക്കാർക്കും ഒരു മുന്നറിയിപ്പാണ്. വിസ ചട്ടങ്ങൾ പ്രകാരം ഏതെല്ലാം ജോലി ചെയ്യാം, ഏതെല്ലാം ചെയ്യരുത് എന്നത് വ്യക്തമായി മനസ്സിലാക്കണം. അറിയാതെ കുഴപ്പങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ അത് സഹായിക്കും.
മറുനാടന് മലയാളി ബ്യൂറോ