അൽഹസ: ഉറ്റവരും ഉടയവരുമായി യാതൊരു ബന്ധവുമില്ലാതെ ഏഴ് വർഷത്തോളം മരുഭൂമിയിൽ 'ഒട്ടകജീവിതം' അനുഭവിച്ച ഇന്ത്യക്കാരൻ ഒടുവിൽ നാടണയുന്നു. അന്തമില്ലാത്ത മരുഭൂമിയിൽ ഒട്ടകത്തെ മെയ്‌ച്ചും പട്ടിണി കിടന്നും നരക ജീവിതം നയിച്ച വാരണാസി സ്വദേശിയായ അസാബ് ആണ് ദുരിതപർവം താണ്ടി നാട്ടിലെത്തിയത്. സൗദി മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് മടക്കം. 2016 സെപ്റ്റംബറിലാണ് അസബ് ഖത്തറിൽ വിമാനമിറങ്ങിയത്. 42 കാരനായ അസാബ് നല്ലൊരു പാചകക്കാരനായിരുന്നു. എന്നാൽ പാചക ജോലി സ്വപ്‌നം കണ്ട് ഖത്തറിലെത്തിയ അസബ് സ്‌പോൺസറുടെ ചതിയിൽ ആടുമെയ്‌ക്കാൻ നിർബന്ധിതനായി.

വീട്ടുകാരുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവും ഉണ്ടായില്ല. മാത്രമല്ല മരുഭൂമിയിലെ മണലാരണ്യത്തിൽ സ്വന്തം നാട്ടുകാരായ ഒരാളെ പോലും കണ്ടെത്താൻ അസബിന് കഴിഞ്ഞില്ല്. ഒട്ടകത്തെ മെയ്ക്കുന്നതിനിടെ ഖത്തറിലെ സ്‌പോൺസർ ഇതിനിടെ അനധികൃതമായി അതിർത്തി കടത്തി സൗദിയിലേക്ക് എത്തിച്ചു. അയാളുടെ അവിടെയുള്ള നാൽപതോളം ഒട്ടകങ്ങളെ പരിപാലിക്കാനായിരുന്നു അസാബിന്റെ നിയോഗം. വീസയും മറ്റു രേഖകളുമെല്ലാം അറബി കൈക്കലാക്കുകയും ചെയ്തു. രാവും പകലും കൃത്യമായി ഭക്ഷണമോ വിശ്രമമോ ഇല്ലാതെ മസറയിലെ കഠിന ദിവസങ്ങളിലൂടെ ഇയാൾ കടന്നുപോയി.

ദുരിതം നിറഞ്ഞ ഒട്ടക ജീവിതത്തിൽ നിന്ന് മോചനം നേടി നാട്ടിലേക്ക് എന്ന് എങ്ങനെ തിരികെ പോകുമെന്നോ മറ്റോ അറിയാതെ മാസങ്ങളും വർഷങ്ങളും കടന്നു പോയി. സംസാരിക്കാൻ പോലും മറന്ന നാളുകളായിരുന്നു അത്. നാട്ടിൽ നിന്നു പോരുമ്പോൾ ഏഴു വയസ്സ് മാത്രമുണ്ടായിരുന്ന തന്റെ ഏക മകളെയും പ്രിയപ്പെട്ട ഭാര്യയെയും പ്രായമായ അമ്മയെയും ഇനിയെന്നു കാണാനാവുമെന്ന് അറിയാതെ കരഞ്ഞു തീർത്തു ഇതിനിടയിലാണ് അടുത്ത പരീക്ഷണം കടന്നു വന്നത്. ഖത്തറും സൗദിയിലും തമ്മിൽ ബന്ധത്തിൽ ഉലച്ചിൽ തട്ടിയതോടെ അതിർത്തി അടക്കുന്നതു വരെ കാര്യങ്ങളെത്തി. സ്‌പോൺസർ സ്വദേശമായ ഖത്തറിലേക്കു മടങ്ങിയെങ്കിലും അസാബിനെ കൂട്ടിയില്ല. അയാൾ പിന്നീട് തന്റെ സഹോദരങ്ങൾ വഴി സൗദിയിലെ മസറയിലുള്ള ഒട്ടകങ്ങളെ ഓരോന്നായി വിറ്റൊഴിവാക്കിയിരുന്നു.

ദേശവും ദിക്കുമറിയാത്ത മരുഭൂമിയിൽ തളയ്ക്കപ്പെട്ട ജീവിതത്തിൽ നിന്ന് എങ്ങനെയങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമായെങ്കിലും എന്തുചെയ്യണമെന്ന് ആ പാവം മനുഷ്യന് അറിയില്ലായിരുന്നു. വർഷങ്ങളോളമുള്ള മരുഭൂ ജീവിതത്തിൽ നിന്ന് ആരുടെയൊക്കെയൊ സഹായത്താൽ ആദ്യം റിയാദിലും പിന്നീട് അൽഹസയിലുമെത്തിയതാണ് മടങ്ങിപ്പോക്കിന് വഴിയൊരുക്കിയത്. അസാബിന്റെ ദുരിത ജീവിതമറിഞ്ഞ ചിലരുടെയൊക്കെ സഹായത്താൽ ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതിനായി പിന്നീട് തനിക്കറിയാവുന്ന ജോലികൾ ചെയ്തു. മരുഭൂമിയിലെ ദുരന്തനാളുകൾ അവസാനിച്ചുവെങ്കിലും കൈവശം നിയമപരമായ യാതൊരുവിധ രേഖകളുമില്ലാതെ ഒളിച്ചും പാത്തും ഭയന്നും ജീവിതം മുന്നോട്ടു കൊണ്ടുപോയി.

ഏതുവിധേനയും തിരികെ നാട്ടിലേക്ക് പോകാനായി എങ്ങനെയോ അൽഹസ തർഹീൽ (ഡിപോർട്ടേഷൻ) സെന്ററിലെത്തി. അസാബിന്റെ ദുരിത ജീവിതത്തെക്കുറിച്ച് മനസിലാക്കിയ ജവാസത്ത് വിഭാഗത്തിലുള്ള ഓഫിസർ അനുഭാവപൂർവ്വം പെരുമാറി. അൽഹസയിലെ ഒഐസിസി ജീവകാരുണ്യ വിഭാഗം കൺവീനറും ഇന്ത്യൻ എംബസി സോഷ്യൽ വർക്കറുമായ പ്രസാദ് കരുനാഗപ്പള്ളി, ഷാഫി കുദിർ, ഉമർ കോട്ടയിൽ എന്നിവരെ ബന്ധപ്പെട്ട് രേഖകൾ ശരിയാക്കാൻ സഹായം ലഭിക്കുന്നതിന് സമീപിക്കാൻ നിർദ്ദേശിച്ചു.

തുടർന്ന് അസാബിൽ നിന്നും വിവരങ്ങളറിഞ്ഞ ഒഐസിസിസി ഭാരവാഹികൾ റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസടക്കമുള്ള ആവശ്യമായ യാത്രാ രേഖകളെല്ലാം ശരിയാക്കി നൽകി. ഒപ്പം അൽ ഹസ ഒഐസിസി വക വിമാന ടിക്കറ്റും അസാബിന് കൈമാറി. ഒടുവിൽ ഏഴു വർഷത്തോളം നീണ്ട ദുരിതപർവ്വം താണ്ടി കഴിഞ്ഞ വെള്ളിയാഴ്ച ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വാരണാസിയിലെത്തി കൂടുംബത്തോടൊപ്പം ചേർന്നു. നാട്ടിലെത്തിയ അസാബും കുടുംബവും ഒഐസിസി നേതൃത്വത്തോട് തങ്ങളുടെ നന്ദി അറിയിച്ചു.