- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാരിപ്പണിയും മേസ്തിരിപ്പണിയും പ്ലംബിംഗും ഹോട്ടൽ പണിയും വരെ ഷോർട്ടേജ് ഒക്കുപെഷൻ ലിസ്റ്റിൽ പെടുത്തിയേക്കും; ഗൾഫിൽ പോകുമ്പോലെ എല്ലാ പണികൾക്കും വിസ നൽകുന്ന കാലം യു കെയിലും എത്തുമോ? തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി യുകെ സർക്കാർ
ലണ്ടൻ: തൊഴിൽ വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ യു കെ സർക്കാർ ത്വരിത നടപടികളിലേക്ക് നീങ്ങുകയാണ്. പല മേഖലകളിലും വിദേശ തൊഴിലാളികളെ സ്വാഗതം ചെയ്തുകൊണ്ട് തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇപ്പോൾ സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. തുടക്കം എന്ന നിലയിൽ കെട്ടിട നിർമ്മാണ മേഖലയിലായിരിക്കും ആദ്യം ഇത് പ്രാബല്യത്തിൽ വരുത്തുക. ഈ മേഖലയിലെ വിവിധ തൊഴിലുകൾക്കായി യോഗ്യരായവർക്ക് വിസ ചട്ടങ്ങളിൽ ഇളവുകൾ നൽകുവാനാണ് ഉദ്ദേശിക്കുന്നത്.
സമ്പദ്ഘടന വളർത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതൽ വിദേശ തൊഴിലാളികളെ യു കെയിലേക്ക് ആകർഷിക്കാനാണ് നീക്കം. അതിനുള്ള തുടക്കമായി കെട്ടിട നിർമ്മാണ മേഖലയിലെ വിവിധ തൊഴിലുകൾ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആശാരിമാർ, കൽപണിക്കാർ, മേസ്തിരിമാർ തുടങ്ങിയവരെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി നിർദ്ദേശിച്ചതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, വിദേശ തൊഴിലാളികൾക്ക് അവസരങ്ങൾ ഒരുക്കുവാനുള്ള മേഖലകളിൽ ഹോസ്പിറ്റാലിറ്റി മേഖലയും ഉൾപ്പെടുമെന്ന് സൺഡേ ടൈംസും ഗാർഡിയനും റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവിധ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും മറ്റും വിദേശത്തു നിന്നും തൊഴിലാളികളെ എളുപ്പത്തിൽ റിക്രൂട്ട് ചെയ്യാൻ ഉതകും വിധം ഈ മേഖലയിലെ തൊഴിലുകളും ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ഉപദേശം സർക്കാർ തേടിയിട്ടുണ്ട്.
കമ്മിറ്റിയുടെ ഉപദേശം ഹോം സെക്രട്ടരി സുവെല്ല ബ്രേവർമാൻ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുനത്. കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്തയാഴ്‌ച്ച പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഷോർട്ടേജ് ഒക്കുപെഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിലുകളിലേക്ക് ഇപ്പോൾ സ്‌കിൽഡ് വർക്കർ വിസയിൽ ഉള്ളവർക്ക് നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയും.
നിലവിൽ സ്‌കിൽഡ് വർക്കർ വിസയി ആളുകളെ റിക്രൂട്ട് ചെയ്യുവാൻ മിനിമം വേതന പരിധി 25,600 പൗണ്ട് ആണ്. എന്നാൽ, ഷോർട്ടേജ് ഒക്കുപെഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന തൊഴിലുകൾക്ക് 20,480 പൗണ്ടോ, നിലവിൽ നൽകുന്നതിന്റെ 80 ശതമാനമോ ഏതാണ് കൂടുതൽ അത് പരിധിയായി കണക്കാക്കും. അതുപോലെ വിസ ഫീസിലും ഇളവുകൾ ഉണ്ടാകും. ആശാരിമാർ, മേസ്തിരിമാർ തുടങ്ങിയ തസ്തികകളെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി നിർദ്ദേശിച്ചതായി ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു ഫിനാൻഷ്യൽ ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചതിന് പുറകെ എത്തിയ ഈ തീരുമാനം ഭരണകക്ഷിയിൽ വിവാദമായിട്ടുണ്ട്. നിലവിൽ, ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉള്ളത് ഹെൽത്ത് ആൻഡ് കെയർ വർക്കർമാർ, സിവിൽ എഞ്ചിനീയർമാർ, വെറ്റിനരി ഡോക്ടർമാർ, ആർകിടെക്ട് എന്നിവരാണ്. എന്നാൽ, ഇത്തരത്തിൽ പുതിയ മേഖലകളെ കൂടി ഉൾപ്പെടുത്താൻ നിർദ്ദെശിച്ചതായി കമ്മിറ്റി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
മറുനാടന് ഡെസ്ക്