- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കലയിൽ നിന്നും ലണ്ടനിൽ പഠിക്കാനെത്തിയ മഞ്ജു അടുത്ത ബ്രിട്ടീഷ് പാർലമെന്റിൽ എം പി ആയി എത്തുമോ ? ലേബർ പാർട്ടി പരിഗണിക്കുന്ന അഞ്ചുപേരുടെ ലിസ്റ്റിൽ ക്രോയ്ഡോണിലെ മുൻ മേയറും ഇടം പിടിച്ചു; ബ്രിട്ടണിലെ മലയാളി സമൂഹം ആവേശത്തിൽ
ലണ്ടൻ: ബ്രിട്ടനിൽ ഒരു മലയാളി എം പി ആകുമോ എന്നാണ് എല്ലാ യു കെ മലയാളികളും ഇപ്പോൾ ഉറ്റുനോക്കുന്നത്. ക്രോയ്ഡോൺ ബ്രോഡ് ഗ്രീൻ വാർഡ് കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് ലേബർ പാർട്ടിയുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചതോടെയാണിത്. 2025 ജനുവരി 24 ന് മുൻപായി നടക്കുന്ന അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബാരോ ആൻഡ് ഫർണസ് മണ്ഡലത്തിൽ നിന്നാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. സ്ഥാനാർത്ഥിയാകാൻ പരിഗണിക്കുന്ന അവസാന അഞ്ചുപേരുടെ പട്ടികയിൽ അവർ ഇടം നേടിയിട്ടുണ്ട്.
നിലവിൽ ബ്രോഡ് ഗ്രീൻ വാർഡിൽ നിന്നുള്ള കൗൺസിലർ ആയ മഞ്ജു 2014-15 കാലഘട്ടത്തിൽ ക്രോയ്ഡോൺ മേയറും ആയിരുന്നു. തിരുവനന്തപുരം സ്വദേശിയായ മഞ്ജു, 1996-ൽ ലണ്ടൻ ട്രാൻസ്പോർട്ടിൽ ജോലിചെയ്യുന്ന റാഫി ഷാഹുൽ ഹമീദിനെ വിവാഹം കഴിച്ചാണ് യു കെയിൽ എത്തുന്നത്. ചെമ്പഴന്തി എസ് എൻ കോളേജിൽ നിന്നും ബിരുദം നേടിയ ഇവർ ലണ്ടനിലെ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് ആൻഡ് എഞ്ചിനീയറിങ് സോഫ്റ്റ്‌വെയറിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ലണ്ടനിലെ പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു മഞ്ജു. ന്യുഹാം കഴിഞ്ഞാൽ യു കെയിൽ ഏറ്റവും അധികം മലയാളികൾ ഉള്ള നഗരമാണ് ക്രോയ്ഡോൺ. വർഷങ്ങളായി ഇവിടെ താമസിക്കുന്ന മഞ്ജുവിന് കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും ബാരോ ആൻഡ് ഫർണസ്സ് സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന് ലേബർ പാർട്ടി കരുതുന്നു. മഞ്ജുവിന് പുറമെ ക്രിസ് ആറ്റ്ലി, ട്രിസ് ബ്രൗൺ, എറിക്ക ലൂയിസ്, മിഷേൽ സ്‌ക്രോഗാം എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.
തൊട്ടു മുൻപത്തെ തെരഞ്ഞെടുപ്പുകളിലെല്ലാം ഇവിടെ ജയിച്ച ലേബർ പാർട്ടിക്ക് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചിരുന്നു. ബാരോ ആണ്ഡ് ഫർണസ് ലേബർ പാർട്ടിയുടെ മുൻ ചെയർമാൻ കൂടിയായ ക്രിസ് ആറ്റ്ലിയായിരുന്നു കഴിഞ്ഞ തവണ ഇവിടെ പാർട്ടി സ്ഥാനാർത്ഥി. ഒരിക്കൽ കൂടി ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാൺ്യൂ് ക്രിസ് ആറ്റ്ലി ഇവിടെ. അതിനിടയിൽ മുതിർന്ന രാഷ്ട്രീയകാര്യ ലേഖകൻ ആയ മിഷേൽ ക്രിക്ക് ആണ് മഞ്ജുവിന്റെ പേര് നിർദ്ദേശിച്ചത്.
കാലാവധിക്ക് മുൻപായി രാജാവ് പാർലമെന്റ് പിരിച്ചുവിട്ടില്ലെങ്കിൽ 2024 ഡിസംബർ 17 ചൊവ്വാഴ്‌ച്ച പാർലമെന്റിന്റെ കാലാവധി തീരും. 2025 ജനുവരി 24 ന് മുൻപായി അടുത്ത പൊതുതെരഞ്ഞെടുപ്പ് നടത്തണം. നിലവിലെ സാഹചര്യത്തിൽ ലേബർ പാർട്ടി തൂത്തുവാരി വിജയിക്കും എന്നാണ് കരുതപ്പെടുന്നത്. അടുത്തിടെ നടത്തിയ വിവിധ അഭിപ്രായ സർവേകളിലെല്ലാം തന്നെ ലേബർ പാർട്ടിക്ക് അനുകൂലമായിരുന്നു ഫലം.
ലങ്കാഷയറിലെ കംബ്രിയയിൽ ആണ് ബാരോ ആൻഡ് ഫർണസ് എന്ന നിയോജക മണ്ഡലം. ബാരോ ഇൻ ഫർണസ് എന്ന് അറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തെ 2019 മുതൽ പ്രതിനിധാനം ചെയ്യുന്നത് കൺസർവേറ്റീവ് പാർട്ടിയിലെ സൈമൺ ഫെൽ ആണ്.
മറുനാടന് മലയാളി ബ്യൂറോ