ലണ്ടൻ: സാമ്പത്തിക വളർച്ചക്ക് തൊഴിൽ വിപണിയിലെ മാന്ദ്യം നീക്കുകയാണ് ആദ്യം വേണ്ടതെന്ന തിരിച്ചറിവാണ് ബ്രിട്ടീഷ് സർക്കാരിനെ വിവിധ മേഖലകളിലേക്ക് വിദേശ തൊഴിലാളികളെ ആകർഷിക്കാൻ പ്രേരിപ്പിക്കുന്നത്. തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലെല്ലാംവിദേശത്തു നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കൂടുതൽ സുഗമമാക്കുവാനാണ് ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റ് രൂപീകരിച്ചത്. ഇപ്പോൾ കെട്ടിട നിർമ്മാണ മേഖലയെ കൂടി അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

അതുകൊണ്ട് ഇനി മുതൽ മരപ്പണിക്കാർ, കൽപണിക്കാർ, മേസ്തിരിമാർ എന്നിവർക്ക് യു കെയിലേക്കുള്ള വിസ ലഭിക്കാൻ എളുപ്പമാകും. മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി എന്ന വിദഗ്ദ്ധർ അടങ്ങിയ ഒരു സ്വതന്ത്ര ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ ഇപ്പോൾ ഈ മേഖലയെ കൂടി ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മാർച്ച് 2023 ലെ ബജറ്റ് സമ്മേളനത്തിലാണ് കെട്ടിട നിർമ്മാണ മേഖലയിലെ അഞ്ച് ജോലികൾ കൂടി ഇതിൽ ഉൾപ്പെടുത്താൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സമ്മതിച്ചത്. ഇതനുസരിച്ച് മേസ്തിരിമാർ, കൽപ്പണിക്കാർ, മേൽക്കൂര പണിയുന്നവർ, മരാശാരിമാർ, പ്ലാസ്റ്റർ ചെയ്യുന്നവർ, എന്നീ തൊഴിലുകൾ ഇപ്പോൾ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

2023 ലെ ശരത്കാലത്തിൽ ഈ ലിസ്റ്റ് പുനർ വിശകലനം ചെയ്യുന്നത് വരെ ഈ തൊഴിലുകൾ ഈ ലിസ്റ്റിൽ ഉണ്ടായിരിക്കും. കെട്ടിട നിർമ്മാണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകൾ ഉൾപ്പടെ പല മേഖലകളിൽ നിന്നായി 26 ഓളം തൊഴിലുകളാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിലേക്ക് ശൂപാർശ ചെയ്യുവാനായി പരിഗണിച്ചത്.

കോവിഡ് പ്രതിസന്ധിയും ബ്രെക്സിറ്റും ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിൽ ക്ഷാമത്തിന് ഇടയാക്കി എന്ന് കമ്മിറ്റി പരാമർശിച്ചെങ്കിലും, ഈ മേഖലയിൽ നിന്നും തൊഴിലുകൾ ഒന്നും തന്നെ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിലേക്ക് കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ല. സാധാരണ സ്‌കിൽഡ് വർക്കർ വിസയിൽ എത്തണമെങ്കിൽ ചുരുങ്ങിയത് 25,600 പൗണ്ട് ശമ്പളം വേണമെന്നിരിക്കെ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട തൊഴിലുകൾക്ക് മിനിമം 20,480 പൗണ്ട് ശമ്പളം നൽകി ആളെ വിദേശത്തു നിന്നും കൊണ്ടുവരാനും കഴിയും.

മാത്രമല്ല, വിസ ഫീസിലും ഇളവ് ലഭിച്ചേക്കും. ഈ അവസരം മുതലെടുത്ത് പല വ്യാജ ഏജൻസികളും രംഗത്ത് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. നിങ്ങൾ സമീപിക്കുന്ന ഏജൻസിയുടെ വിശ്വാസ്യത ഉറപ്പ് വരുത്തിയതിനു ശെഷം മാത്രം ഇടപാടുകൾ നടത്തുക.