ലണ്ടൻ: നാല് രോഗികൾക്കെതിരെ ലൈംഗിക പീഡനം നടത്തി എന്ന പരാതിയിൽ താൻ നിരപരാധിയാണെന്ന് ഒരു ഡോക്ടർ കോടതിയിൽ ബോധിപ്പിച്ചു. മലയാളിയായ ഡോക്ടർ മോഹൻ ബാബുവാണ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കോടതിയിൽ എത്തിയത്. ചികിത്സാ സമയത്ത് നാല് വനിത രോഗികളെ മോശമായി സ്പർശിച്ചു എന്നതാണ് 46 കാരനായ ഡോക്ടർക്കെതിരെയുള്ള പരാതി.

2019സെപ്റ്റംബറിനും 2021 ജൂലായ്ക്കും ഇടയിലായി ബ്രിട്ടണിലെ ഹാംപ്ഷയറിലെ ഹാവന്റ് എന്നിടത്താണ് സംഭവം നടന്നിട്ടുള്ളതെന്ന് നാല് വനിതകൾ നൽകിയ പരാതിയിൽ പറയുന്നു. അതിൽ ഒരു രോഗിക്ക് ഇതേ അനുഭവം രണ്ടു തവണ ഉണ്ടായതായും പരാതിയിൽ പറയുന്നുണ്ട്. ഹവന്റിലെ സ്റ്റോൺടൻ സർജറിയിൽ വെച്ച് നടന്നതായി പറയുന്ന ഈ സംഭവം പാടെ നിഷേധിക്കുകയാണ് ഡോക്ടർ മോഹൻ ബാബു.

പോർട്ട്സ്മൗത്ത് ക്രൗൺ കോടതിയിലാണ് കേസ് തിങ്കളാഴ്‌ച്ച വിചാരണക്കെത്തിയത്. നിബന്ധനകൾക്ക് വിധേയമായി ജാമ്യത്തിൽ വിട്ടിരിക്കുകയാണ് ഇപ്പോൾ ഈ ഡോക്ടറെ. 2024 ജനുവരി 8 ന് ആയിരിക്കും കേസ് വീണ്ടും വിചാരണക്ക് എത്തുക. മൂന്നാഴ്‌ച്ചക്കാലത്തോളം വിചാരണ നീണ്ടു നിൽക്കും എന്നാണ് ജഡ്ജ് തിമോത്തി മൗസ്ലി പറഞ്ഞത്.

അതേസമയം മോഹൻ ബാബുവിന് എതിരായുള്ള നടപറ്റി വംശീയ വിദ്വേഷത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നവരും ഏറെയാണ്. എൻ എച്ച് എസ് ഉൾപ്പടെ പലയിടങ്ങളിലും വംശീയ വിവേചനം നിലനിൽക്കുന്നുണ്ട് എന്ന് അടുത്ത കാലത്ത് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.