- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ നഗരത്തിലൂടെ ജോലി കഴിഞ്ഞു നടന്നു പോയ മലയാളിയെ ആക്രമിച്ചു കൊന്ന 16 കാരന്റെ പേരു വിവരം പോലും അറിയാൻ വീട്ടുകാർക്ക് അവകാശമില്ല; ജെറാൾഡിന്റെ സംസ്കാരം കഴിയും മുൻപ് കൊലയാളി ജാമ്യം എടുത്ത് വിലസുന്നു; യുകെയിൽ നീതി തേടി മലയാളി കുടുംബം രംഗത്ത്
ലണ്ടൻ: തികച്ചും നിരപരാധിയായ ഒരു മലയാളിയെ കൊന്ന 16 കാരനായ കൊലപാതകിക്ക്, ഇരയുടെ ശവസംസ്‌കാര ചടങ്ങുകൾ കഴിയുന്നതിനു മുൻപ് തന്നെ ജാമ്യം ലഭിച്ചിരിക്കുന്നു. കൊലപാതകി സ്വന്തം വീട്ടിൽ സാധാരണ ജീവിതം നയിച്ചു തുടങ്ങുമ്പോൾ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്ന നിലവിലെ നീതിന്യായ സംവിധാനം ഉടച്ചു വാർക്കണം എന്നാണ് ഇരയുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെടുന്നത്.
ബോസ്റ്റൺ റോഡിന്റെയും അക്സ്ബ്രിഡ്ജ് റോഡിന്റെയും ജംഗ്ഷനിൽ വെച്ച് 2023 മാർച്ച് 19 ന് അതിരാവിലെയായിരുന്നു ജെറാൾഡ് നെറ്റൊ എന്ന മലയാളിയെ ഒരു അജ്ഞാതൻ പുറകിൽ നിന്നും ആക്രമിച്ചത്. നിരത്തിലൂടെ നടന്നു പോകുന്നതിനിടയിലായിരുന്നു 16 കാരനായ അക്രമി ജെറാൾഡിനെ പുറകിൽ നിന്നും ആക്രമിച്ചത്. ആക്രമിച്ച ശേഷം അയാൾ ഓടിമറയുകയും ചെയ്തു.
ആംബുലൻസ് എത്തുമ്പോഴേക്കും ജെറാൾഡ് തികഞ്ഞ അബോധാവസ്ഥയിൽ ആയിരുന്നു. വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ജെറാൾഡിനെ വീട്ടിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ കുടുംബത്തിനോട് ജെറാൾഡ് രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജിവൻ നിലനിർത്തിയിരുന്ന ജെറാൾഡ് മരണമടയുകയും ചെയ്തു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാര കുറ്റവാളികളെ പുനരധിവസിപ്പിച്ച് സമൂഹത്തെ രക്ഷിക്കാൻ നിലവിലെ നിയമ സംവിധാനങ്ങൾ മാറ്റണമെന്ന ആവശ്യവുമായി ജെറാൾഡിന്റെ മകൾ ജെന്നിഫർ നെറ്റൊ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ കൗമാരക്കാരായ കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യമെടുക്കാനുള്ള സാഹചര്യം അപ്പാടെ മാറ്റണമെന്നും അവർ ആവശ്യപ്പെടുന്നു. തന്റെ പിതാവ് ഉൾപ്പടെ കൗമാരക്കാരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് ഇതുവഴി നീതി നിഷേധിക്കപ്പെടുകയാണെന്നും അവർ പറയുന്നു.
തന്റെ പിതാവിന് ജീവൻ നഷ്ടപ്പെട്ടപ്പോൾ അക്രമി സാധാരണ ജീവിതം നയിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് ജെന്നിഫർ ചൂണ്ടിക്കാട്ടുന്നു. മരണത്തിൽ അവസാനിക്കുന്ന ഇത്തരത്തിലുള്ള അക്രമങ്ങൾ ഇരയുടെ കുടുംബത്തെ മാത്രമല്ല സമൂഹത്തെയും പ്രതികൂലമായി ബാധിക്കും എന്നും അവർ ചൂണ്ടിക്കാട്ടുന്നു. എപ്പോഴും വഴക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന ശാന്തസ്വഭാവിയായ തന്റെ പിതാവിന്റെ മരണം അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നും ജെന്നിഫർ പറയുന്നു.
കൗമാര കുറ്റവാളികൾ വേണ്ടതുപോലെ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ അവർക്ക് ചെയ്ത തെറ്റിനെ കുറിച്ച് പശ്ചാത്താപം ഉണ്ടാവുകയില്ലെന്നും അത് പിന്നെയും തെറ്റുകൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുമെന്നും ജെന്നിവർ തന്റെ നിവേദനത്തിൽ പറയുന്നുണ്ട്. ഇരകൾക്ക് നീതി നടപ്പാക്കുന്നതിനായിരിക്കണം നീതി നിർവഹണ വിഭാഗം മുൻഗണന നൽകേണ്ടതെന്നും അവർ പറഞ്ഞു.
ഇത്തരത്തിൽ നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നാൽ ബ്രിട്ടനിലെ തെരുവുകൾ കൂടുതൽ സുരക്ഷിതമാകുമെന്നും ജെന്നിഫർ നിവേദനത്തിൽ പറയുന്നുണ്ട്. മനുഷ്യത്വം നിറഞ്ഞ ഒരു സമൂഹം അതുവഴി രൂപപ്പെടും. മനുഷ്യാവകാശങ്ങളേയും ജീവിക്കുവാനുള്ള അവകാശത്തെയും ഹനിക്കാതെ തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാവുന്നതും ആണ്.
മറുനാടന് മലയാളി ബ്യൂറോ