രാധനാലയത്തിൽ എത്തി വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും മതനിന്ദ നടത്തുകയും ചെയ്ത കുറ്റത്തിന് ഇന്ത്യൻ യുവാവ് കാനഡയിൽ അറസ്റ്റിലായി. ശരൺ കരുണാകരൻ എന്ന 28 കാരനാണ് മർഖം നഗരത്തിലെ മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറിയതിനും, ഭീഷണി മുഴക്കിയതിനും മതനിന്ദ നടത്തിയതിനും അറസ്റ്റിലായത്. ഇയാൾ മലയാളിയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഇസ്ലാമിക് സൊസൈറ്റി ഓഫ് മാർഖമിന്റെ പാർക്കിങ് സ്ഥലത്തായിരുന്നു സംഭവം നടന്നത്. പ്രാദേശിക സമയം രാവിലെ 6.55 ന് വിവരം ലഭിച്ച പൊലീസ് സംഭവസ്ഥലത്ത് എത്തി. ഒരു കാറിൽ എത്തിയ യുവാവ് അപകടകരമാം വിധം വിശ്വാസികൾക്ക് നേരെ വാഹനമോടിച്ചെത്തുകയും ഭീഷണി മുഴക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. അതിനൊപ്പം വിദ്വേഷം പരത്തുന്ന രീതിയിൽ തന്നെ മതനിന്ദ നടത്തുന്നുമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

പള്ളിമുറ്റത്തു നിന്ന് പോകുന്നതിനു മുൻപായി പാർക്കിങ് സ്ഥലത്ത് വീണ്ടും ഒരു വട്ടം ചുറ്റുക കൂറ്റി ചെയ്തു. ആളെ തിരിച്ചറിഞ്ഞ പൊലീസ് ഇയാൾക്കായി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഏപ്രിൽ 7 ന് ടൊറന്റൊയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇയാൾ ജാമ്യത്തിലാണ്.

സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഹൗസിങ് മന്ത്രി അഹമ്മദ് ഹുസൈൻ പറഞ്ഞത്, ഇത്തരത്തിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഹീനമായ ഒരു നടപടി പുണ്യ റമദാൻ മാസത്തിൽ സംഭവിച്ചതിൽ ഏറെ ദുഃഖിക്കുന്നു എന്നായിരുന്നു. ഇസ്ലാമോഫോബിയ വീണ്ടും തലപൊക്കാൻ തുടങ്ങിയിരിക്കുന്നു, വെറുപ്പിന് വിജയം സമ്മാനിക്കാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇസ്ലാമോഫോബിയയ്ക്ക് കാനഡയിൽ ഇടമില്ല എന്നായിരുന്ന് എം പി, മേരി നഗ് പറഞ്ഞത്. വംശീയ വിദ്വേഷവും വംശീയ വിവേചനവും കാനഡ വെച്ചു പൊറുപ്പിക്കില്ല എന്നും അവർ വ്യക്തമാക്കി.രാജ്യത്തെ ഓരോ പൗരനും അവന്റെ ആരാധനാലയങ്ങളിൽ സുരക്ഷിതത്വം അനുഭവപ്പെടണം. ഭയക്കാതെ, ശാന്തമായ മനസ്സോടെ പ്രാർത്ഥിക്കാൻ കഴിയണം, അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അവർ ഉറപ്പ് നൽകി.

നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസും സംഭവത്തെ അപലപിച്ചു. വിദ്വേഷം വിളമ്പുക മാത്രമല്ല, ചില വിശ്വാസികൾക്ക് മേൽ കാർ ഓടിച്ചു കയറ്റാനും അയാൾ ശ്രമിച്ചതായി അവർ പറയുന്നു. റമദാൻ മാസമായതിനാൽ അക്രമം നടക്കുന്ന സമയത്ത് മോസ്‌കിൽ ധാരാളം വിശ്വാസികൾ ഉണ്ടായിരുന്നതായും കൗൺസിൽ വക്താവ് പറഞ്ഞു.

ഭീഷണി മുഴക്കൽ, ആയുധം ഉപയോഗിച്ച് ആക്രമണം നടത്തൽ, അപകടകരമാം വിധം വാഹനമോടിക്കൽ എന്നീ കുറ്റങ്ങളാണ് ഇപ്പോൾ അയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഹേറ്റ് ക്രൈം യൂണിറ്റിന്റെ സംഘം സംഭവസ്ഥലം സന്ദർശിച്ചു. മതനിന്ദ , വംശീയ വിദ്വേഷം പരത്തുക തുടങ്ങിയ കൂടുതൽവകുപ്പുകൾ ഇയാൾക്ക് മേൽ ചാർത്തിയേക്കും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ 11 ന് ഇയാളെ കോടതിയിൽ ഹാജരാക്കും.