ലണ്ടൻ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർ അറിയുക, യു കെയിൽ നിങ്ങളെ കാത്തിരിക്കുന്നത് ജയിലാണ്. ദളിത് സമൂഹത്തെ അപമാനിച്ചുകൊണ്ട് ടിക് ടോക് വീഡിയോ പ്രചരിപ്പിച്ച അമ്രിക് ബജ്വ എന്ന ഇന്ത്യൻ വംശജനായ 68 കാരന് യു കെ കോടതി വിധിച്ചത് ഒന്നര വർഷത്തെ തടവ് ശിക്ഷയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിന്ദ്യമായ സന്ദേശം പ്രചരിപ്പിച്ചു എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം.

തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ബെർക്ക്ഷയർ സ്വദേശിയായ ഇയാൾക്ക് തടവ് ശിക്ഷക്ക് പുറമെ 240 പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ചയായിരുന്നു വിധി വന്നത്. തെംസ് പൊലീസിന്റെ അന്വേഷണത്തെ തുടർന്നായിരുന്നു ഇയാൾ ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലായ് 19 ന് ആയിരുന്നു ദളിത് സമൂഹത്തെ ലക്ഷ്യംവെച്ച് നിന്ദ്യമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തത്.

ആന്റി കാസ്റ്റ് ഡിസ്‌ക്രിമിനെഷൻ അലയൻസ് (എ സി ഡി എ) ഉൾപ്പടെയുള്ള നിരവധി സാമൂഹിക സംഘടനകൾ ഈ വീഡിയോയ്ക്കെതിരെ പരാതി നൽകിയിരുന്നു. ഒന്നര വർഷത്തെ തടവ് എന്നത് ദളിത് സമൂഹത്തിൽ അമ്രിക് ബജ്വ ഉണ്ടാക്കിയ മുറിവ് എത്രമാത്രം ഗുരുതരമാണെന്ന് കാണിക്കുന്നു എന്നാണ് എ സി ഡി എ വക്താവ് പറഞ്ഞത്.

നിരവധി സാമൂഹിക-സാമുദായിക സംഘടനകളുടെ പ്രവർത്തനഫലമാണ് ഈ വിധി എന്നും എ സി ഡി എ പറഞ്ഞു. ജാതി എന്നത് ബ്രിട്ടീഷ് നിയമങ്ങളിൽ പരാമർശിക്കാത്തതിനാൽ, ജാതി വിദ്വേഷത്തിന്റെ പേരിലായിരുന്നില്ല കേസ്. മറിച്ച് ഒരു വിഭാഗത്തെ അപമാനിക്കുവാൻ ചില പ്രത്യേക പദങ്ങൾ ഉപയോഗിച്ചതിന്റെ പേരിലാണ് ഇയാൾക്ക് നടപടികൾക്ക് വിധേയനാകേണ്ടി വന്നത്. കൊടും വിഷം വമിക്കുന്നതായിരുന്നു ഇയാൾ ടിക് ടോകിൽ പോസ്റ്റ് ചെയ്ത വീഡിയോ എന്നും എ സി ഡി എ ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ എല്ലാത്തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്കും എതിരെ കരുതൽ എടുക്കാൻ തങ്ങൾ കടമപ്പെട്ടിരിക്കുന്നതായി തെംസ് പൊലീസ് വക്താവ് പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ, കഴിഞ്ഞ വർഷം ജൂലായ് 22 ന് ഇയാൾ അറസ്റ്റിലായി. ഈ വർഷം മാർച്ച് 2 ന് പോസ്റ്റൽ റിക്വിസിഷൻ വഴിയായിരുന്നു ഇയാളെ ചാർജ്ജ് ചെയ്തത്.