നെറ്റ്ഫ്ളിക്സ് സീരീസ് ആയ ഇന്ത്യൻ മാച്ച് മേക്കിങ് സീസൺ 3 യിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടത് ലണ്ടൻ മലയാളിയായ ബോബി സീഗൾ ആയിരുന്നു. ഗണിതശാസ്ത്ര വിശാരദൻ, ടി വി അവതാരകൻ, എഴുത്തുകാരൻ, കോളമിസ്റ്റ് എന്നീ നിലകളിലൊക്കെ പ്രശസ്തനായ ബോബി സീഗൾ ഇപ്പോഴും ബാച്ചിലറായി തുടരുന്നതിന്റെ രഹസ്യവും അതിൽ വെളിപ്പെട്ടു. വിവാഹം കഴിക്കുന്നതിനായി ഗണിത ശാസ്ത്രത്തിലെ അൽഗൊരിതങ്ങളും സ്ട്രാറ്റജീസുമൊക്കെ താൻ ഉപയോഗിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നാണ് ബോബി പറഞ്ഞത്.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായ അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കൽപം പാശ്ചാത്യർക്ക് എന്നും ഒരു പ്രഹേളികയായിരുന്നു. പ്രണയിക്കാതെയുള്ള വിവാഹത്തെയും, ആ ജീവിതം നൽകുന്ന സുസ്ഥിരതയേയുമെല്ലാം അവർ എന്നും അദ്ഭുതത്തോടെയായിരുന്നു വീക്ഷിച്ചിരുന്നതും. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒരു പരമ്പരയാണിത്.

ബ്രിട്ടീഷ് ടി വി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒരു പേരാണ് ബോബി സീഗൾ. ഗണിതശാസ്ത്ര വിശാരദൻ കൂടിയായ ബോബി ഒരു അദ്ധ്യാപകൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തികൂടിയാണ്. തന്റെ ഗണിതശാസ്ത്രത്തിലെ വൈദഗ്ധ്യം കൊണ്ട് സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള ബോബി ഫിനൻഷ്യൽ ടൈംസിലെ ഒരു കോളമിസ്റ്റു കൂടിയാണ്.

മലയാളിയായ ബോബി സീഗൾ, ബി ബി സിയുടെ യൂണിവേഴ്സിറ്റി ചലഞ്ച് എന്ന ഷോയിലൂടെയായിരുന്നു ഏറെ പ്രശസ്തനായത്. 2016- 17 ലെ യൂണിവേഴ്സിറ്റി ചലഞ്ച് പ്രധാനമായും കനേഡിയൻ വംശജനായ വോൾഫ്സൺ കോളേജിലെ എറിക് മോൻക്മാനും ഇമ്മാനുവൽ കോളേജ് കേംബ്രിഡ്ജിലെ ബോബി സീഗള്ളും തമ്മിലായിരുന്നു. യൂണിവേഴ്സിറ്റി ചലഞ്ചിലെ റോണാൾഡോയും മെസ്സിയും എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്.

മത്സരങ്ങളിൽ ഒപ്പത്തിനൊപ്പം എത്തിയ ഇവർ തമ്മിൽ അസാധാരണമായ ഒരു സൗഹൃദവും പിന്നീട് വളർന്ന് വന്നു. ഈ സൗഹൃദത്തിന്റെ ഉല്പന്നമായിരുന്നു ബി ബി സി റേഡിയോ 4 ന്റെ മോൻക്മാൻ ആൻഡ് സീഗൾസ് പോളിമാത്തിക് അഡ്വെഞ്ചർ എന്ന പരിപാടി. ഇതുകൂടാതെ, മോൻക്മാൻ ആൻഡ് സീഗൾ ക്വിസ് ബുക്ക്, ബി ബി സി ടു വിലെ മോൻക്മാൻ ആൻഡ് സീഗൾസ് ജീനിയസ് ഗൈഡ് ടു ബ്രിട്ടൻ, ബി ബി സി ടുവിൽ ഇപ്പോഴുള്ള മോൻക്മാൻ ആൻഡ് സീഗൾസ് ജീനിയസ് അഡ്വെഞ്ചേഴ്സ് എന്നിവയും ഇവരുടെതായിട്ടുണ്ട്.

പിന്നീട് ബി ബി സി വണ്ണിലെ സെലെബ്രിറ്റി മാസ്റ്റർമൈൻഡ് പരിപാടി വിജയിച്ചുകൊണ്ട് ബോബി വീണ്ടും വെള്ളിവെളിച്ചത്തിലെത്തി. ബി ബി സി ബ്രേക്ക്ഫാസ്റ്റിനു വേണ്ടി പത്രാവലോകനം നടത്തുന്ന ബോബി ഫിനാൻഷ്യൽ ടൈംസിൽ ഗണിതശാസ്ത്രത്തിന്റെ മനോഹാരിത എടുത്തു കാണിക്കുന്ന ലേഖനങ്ങൾ എഴുതുന്ന കോളമിസ്റ്റു കൂടിയാണ്. ബോബിയുടെ ഏറ്റവും പുതിയ പുസ്തകമായ ''ദി ലൈഫ് ചേഞ്ചിങ് മാജിക് ഓഫ് നമ്പേഴ്സ്'', ദൈനം ദിന ജീവിതത്തിലെ പല കാര്യങ്ങളിലും ഗണിതശാസ്ത്രം പ്രയോഗിക്കുന്നത് എങ്ങനെയെന്ന് ഉദാഹരണങ്ങളിലൂടെ വരച്ചു കാട്ടുന്നു. ആമസോൺ യു കെയിലെ ഏറ്റവും അധികം വിറ്റ 50 പുസ്തകങ്ങളിൽ ഒന്നാണത്.

ബി ബി സി റേഡിയോ 4 ന് വേണ്ടി പസിലുകൾ തയ്യാറാക്കുന്ന ബോബി, തന്റെ സ്വന്തം പോഡ്കാസ്റ്റായ മാത്ത്സ് അപ്പീലും നടത്തുന്നു. കോവിഡ് കാലത്ത് കുട്ടികളിൽ ഉത്സാഹം പകരാൻ തന്റെ യൂട്യുബ് ചാനലിലൂടെ നിരവധി വീഡിയോകളും ബോബി പുറത്തിറക്കിയിട്ടുണ്ട്.