- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ എത്തിയത് നഴ്സുമാരായ ഭാര്യമാരുടെ വിലാസത്തിൽ; മറ്റുപണി കിട്ടാതെ വന്നപ്പോൾ 'പൂളിലെ' ബജറ്റ് റീറ്റെയ്ൽ സ്റ്റോറിൽ രാത്രി ഷിഫ്റ്റിൽ ജോലി; മൈക്രോ വേവ് ഓവനും, അയേൺ ബോക്സും, കളിപ്പാട്ടവും, അടക്കം മോഷ്ടിച്ച് ട്രോളിയിൽ കടത്തി; അഞ്ചു ന്യൂജെൻ ഫ്രീക്കന്മാർ പ്രവാസി മലയാളികളെ നാണം കെടുത്തിയ കഥ
കവൻട്രി : ഒന്നും രണ്ടും മൂന്നും തലമുറ മലയാളികൾ യുകെയിൽ പ്രവാസ ജീവിതം നയിച്ചപ്പോഴും കേൾപ്പിക്കാതെ ഒരു പേരുദോഷമാണ് ഇപ്പോൾ തെക്കൻ ഇംഗ്ലണ്ടിലെ ഡോർസെറ്റിന് സമീപമുള്ള പൂളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു ജോലി കിട്ടാൻ വിദ്യാർത്ഥി വിസക്കാരും പുതുതായി എത്തുന്ന ഡിപെൻഡന്റ് വിസക്കാരും തെക്ക് വടക്ക് അലയുമ്പോഴാണ് അലിവ് തോന്നി മലയാളി മാനേജർ നിയമിച്ച ഫ്രീക്കൻ ന്യൂ ജെൻ ചെറുപ്പക്കാർ കളവ് നടത്തി തിരിച്ചടി നൽകിയിരിക്കുന്നത്. മലയാളി സമൂഹം ബ്രിട്ടനിലെ കള്ളന്മാരുടെ ശല്യത്തിൽ പൊറുതി മുട്ടി കഴിയുമ്പോഴാണ് സ്വന്തം സമൂഹത്തിൽ ഉള്ളവർ തന്നെ കള്ളന്മാരായി മാറിയ അപൂർവ വാർത്ത. എന്നാൽ മോഷണം നടത്തിയ സംഘത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകളും വിവരങ്ങളും ലഭ്യമാണെങ്കിലും മാനേജരായ മലയാളി നടത്തിയ അഭ്യർത്ഥനയെ തുടർന്ന് മോഷണം നടന്ന കടയെ കുറിച്ചുള്ള സൂചനകളും മോഷ്ടാക്കളെ പറ്റിയുള്ള വിവരവും മറച്ചു വച്ചാണ് ഈ റിപ്പോർട്ട് തയ്യാറാകുന്നത് .
യുകെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ബജറ്റ് റീറ്റെയ്ൽ കടയിലാണ് മലയാളി സംഘത്തിന്റെ നേതൃത്വത്തിൽ വൻ കൊള്ള നടന്നത് . ഈ റീറ്റെയ്ൽ കടയ്ക്ക് പൂള് , വെമൗത് , ഡോർസെറ്റ് എന്നിവിടങ്ങളിൽ ഉള്ള മൂന്നു കടകളിലും മലയാളികൾ സംഘം ചേർന്ന് മോഷണം നടത്തിയതായാണ് ലഭ്യമാകുന്ന വിവരം. തങ്ങൾ നിയമിക്കപ്പെട്ട കട ഒഴിവാക്കി, ഷിഫ്റ്റ് കവർ ചെയ്യാൻ എത്തുന്ന കടയിൽ മോഷണം നടപ്പാക്കുക എന്നതായിരുന്നു കവർച്ചാ രീതിയുടെ പ്രത്യേകത. ഇതോടെ പെട്ടെന്ന് നഷ്ടമായ സാധനം ആര് വഴി പുറത്തു പോയി എന്ന് കണ്ടുപിടിക്കാൻ ആകില്ലെന്ന് മോഷ്ടാക്കളായ മലയാളികൾ ഉറപ്പിക്കുകയും ചെയ്തു. ഈ പദ്ധതി നാലോ അഞ്ചോ തവണ വിജയകരമായി നടപ്പാക്കപ്പെട്ട ശേഷമാണു ഒടുവിൽ പിടി വീഴുന്നത് .
രാത്രി ഷിഫ്റ്റ് ചെയ്യാൻ എത്തിയ മലയാളി യുവാക്കളാണ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം വിദഗ്ധമായി നടപ്പാക്കി വിജയിച്ചത്. അഞ്ചു പേരുടെയും ഭാര്യമാർ അടുത്തിടെ ഹോസ്പിറ്റലുകളിൽ നേഴ്‌സുമാരായി ജോലി തേടി വന്നവരാണ്. ഭർത്താക്കന്മാരുടെ വിലാസവുമായി യുകെയിൽ എത്തിയ യുവാക്കൾക്ക് എവിടെയും ജോലി കണ്ടു പിടിക്കാൻ കഴിയാതെ വന്നതോടെ രാജ്യമെങ്ങും സ്റ്റോറുകൾ ഉള്ള കടയുടെ മാനേജരായ മലയാളി യുവാവ് സഹതാപം തോന്നി ഇവർക്ക് ജോലി നൽകിയത്. ഇവർ കൂടാതെ വേറെയും മലയാളികൾ ഇപ്പോഴും ഈ കടകളിൽ ജോലി ചെയ്യുന്നുണ്ട് .
എന്നാൽ പാല് കൊടുത്ത കൈക്ക് കടിക്കുന്ന ഏർപ്പാടാണ് മലയാളി യുവാക്കൾ ജോലി നൽകിയ മാനേജർക്ക് തിരികെ നൽകിയത്. രാത്രി ഷിഫ്റ്റിന് എത്തുന്നവർ ഷെൽഫുകളിൽ തീർന്നു പോകുന്ന സാധനങ്ങൾ വീണ്ടും നിറയ്ക്കുക എന്ന ജോലി ചെയ്യുന്നതിനാൽ ഇവരല്ലാതെ മറ്റാരും കടയിൽ ഉണ്ടാകാറില്ല. ഇത്തരത്തിൽ മലയാളികൾ മാത്രമായി എത്തിയ രാത്രികളിലാണ് വിദഗ്ധമായി മോഷണം നടപ്പിലാക്കിയത് . മൈക്രോ വേവ് ഓവനും, അയേൺ ബോക്സും, കളിപ്പാട്ടവും, ഒക്കെ കടത്തിയ സാധനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. വലിയ ട്രോളിയിൽ സാധനം അടുക്കി, ശബ്ദം ഉണ്ടാക്കാതെ വെളിയിൽ പാർക്ക് ചെയ്ത കാറിലേക്ക് മാറ്റുക ആയിരുന്നു മോഷണ രീതി. തിരികെ കാലിയായ ട്രോളി ഉന്തുമ്പോൾ ശബ്ദം കേൾക്കാതിരിക്കാനായി രണ്ടും മൂന്നും പേര് ചേർന്ന് ട്രോളി എടുത്തു പൊക്കി കൊണ്ട് വരുന്നതും മോഷണം പുറത്തറിയരുത് എന്ന അതിബുദ്ധിയിൽ സൃഷ്ടിച്ചെടുത്തതാണ് .
എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്ന ചൊല്ല് പോലെ ഒരു രാത്രിയിൽ മാനേജർ നൽകിയ അധിക ജോലി മോഷണത്തിന്റെ ബദ്ധപ്പാടിൽ ചെയ്തു തീർക്കാൻ ഫ്രീക്കന്മാർക്കു കഴിഞ്ഞില്ല. കാരണം ശ്രദ്ധ മുഴുവൻ മോഷണം വിജയകരമായി നടപ്പാക്കുന്നതിൽ ആയിരുന്നു. പിറ്റേന്ന് ജോലിക്കെത്തിയ മാനേജർ ജോലി ചെയ്തു തീർത്തിട്ടില്ല എന്ന് മനസിലാക്കി സിസിടിവി ദൃശ്യങ്ങളിൽ രാത്രി മുഴുവൻ മലയാളി സംഘം എന്ത് ചെയ്യുക ആയിരുന്നു എന്ന് പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ തുമ്പു കിട്ടിയത്. ഇതോടെ കാര്യങ്ങൾ തിരക്കിയപ്പോൾ ആദ്യം വിദഗ്ധമായി കഥകൾ മെനയാൻ തയാറായ സംഘം പൊലീസ് കേസാകും എന്നായപ്പോൾ കാലിൽ വീഴുക ആയിരുന്നു. ഇതിനിടയിൽ പൊലീസ് റിപ്പോർട്ട് ആയാൽ ഒരുപക്ഷെ ഡീപോർട് ചെയ്യപ്പെട്ടേക്കും എന്നൊക്കെ ആരോ പറഞ്ഞതോടെ മാനേജരുടെ മനസ്സലിഞ്ഞു .
ഇതോടെ പിടിക്കപ്പെട്ട അഞ്ചു പേരെയും കയ്യോടെ ജോലിയിൽ നിന്നും പറഞ്ഞു വിടുക ആയിരുന്നു. സംഭവം ഇപ്പോഴും പൊലീസ് കേസായിട്ടി. എന്നാൽ ബേൺമൗത് , ഡോർസെറ്റ് , പൂള് എന്നിവിടങ്ങളിലെ മലയാളികൾക്കിടയിൽ ആഴ്ചകൾക്ക് മുൻപ് നടന്ന സംഭവം അങ്ങാടിപ്പാട്ടാണ് . കടയുടെ ഇൻഷുറൻസ് , പൊലീസ് നടപടികൾ, ബ്രാൻഡിന്റെ ഗുഡ്വിൽ എന്നിങ്ങനെ പല കാരണങ്ങളാലാണ് മാനേജറെ സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും തടഞ്ഞത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് എന്നാണ് ഇപ്പോൾ വിവരമറിഞ്ഞു തുടങ്ങിയ ഓരോരുത്തരും പ്രതികരിക്കുന്നത്. പൊലീസ് കേസായാൽ അഞ്ചു പേർക്കും ഭാവിയിൽ പൊലീസ് ക്ലിയറൻസ് വേണ്ട ഒരു ജോലിയും കണ്ടെത്തുവാൻ സാധിക്കുകയില്ല എന്നതാണ് വസ്തു. ചെയ്ത തെറ്റിന്റെ ആഴം ഇവർക്ക് ബോധ്യപ്പെടണമെങ്കിൽ പൊലീസ് കേസ് ഉണ്ടാവുക തന്നെ വേണം എന്നാണ് സ്ഥലത്തെ പൊതുപ്രവർത്തകരുടെ അഭിപ്രായം