ലണ്ടൻ: എല്ലാം ശരിയാക്കാം എന്ന് ആരെങ്കിലും പറയുന്നത് കേട്ട് കണ്ണടച്ച് വിശ്വസിച്ചാൽ ചിലപ്പോൾ പെരുവഴിയിൽ ആയെന്നിരിക്കും. ഇവിടെ അരങ്ങേറിയ പുതിയ തട്ടിപ്പ് അതാൺ' പറയുന്നത്. മലയാളികൾ ഉൾപ്പെട്ട നിരവധി വിസ തട്ടിപ്പുകളെ കുറിച്ച് ഇതിനു മുൻപും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരെണ്ണം ഇതാദ്യമായിട്ടാണ്. ട്രാൻസിറ്റ് വിസയിൽ യു കെയിൽ എത്തിയാൽ അത് ഹെൽത്ത് കെയർ വിസയിലേക്ക് മാറ്റാം എന്നായിരുന്നു തട്ടിപ്പിന് ഇരയായവർക്ക് ലഭിച്ച വാഗ്ദാനം.

ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ, നിലവിൽ ഹെൽത്ത് കെയർ വിസ ലഭിക്കുവാൻ ഏറെ കാഠിന്യമേറിയ ചട്ടങ്ങൾ ഒന്നും തന്നെയില്ല. പക്ഷെ ട്രാൻസിറ്റ് വിസ അല്ലെങ്കിൽ വിസിറ്റിങ് വിസയിൽ യു കെയിൽ എത്തിയവർക്ക്, അത് ഹെൽത്ത് കെയർ വിസയിലേക്ക് മാറ്റി നൽകാം എന്നാണ് എസെക്സിലെചെംസ്ഫോർഡിൽ താമസിക്കുന്ന, സനീഷ് എന്ന് പേരു പറഞ്ഞ ഈ ഏജന്റ് വാഗ്ദാനം നൽകിയത്.

ട്രാൻസിറ്റ് വിസയിൽ യു കെയിൽ എത്തിയ ശേഷംഒരു ഹ്രസ്വകാല പരിശീലന കോഴ്സിന് അയയ്ക്കുമെന്നും അതിനു ശേഷം ഇവർക്കൊപ്പം പ്രവർത്തിക്കുന്ന ആറ് ഏജൻസികളിലെ ഏതെങ്കിലും ഒന്ന് ഇവരെ ജോലിയിൽ നിയമിക്കും എന്നുമായിരുന്നു വാഗ്ദാനം. 20 മുതൽ 30 ദിവസം വരെയായിരിക്കും പരിശീലനം എന്നും അതുകഴിഞ്ഞാൽ, സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളിൽ തന്നെ ജോലി ഉറപ്പാക്കാം എന്നും ഏജന്റ് ഉറപ്പ് നൽകി. സ്വകാര്യ മേഖലയിലേതിനേക്കാൾ വേതനവും ആനുകൂല്യങ്ങളും സർക്കാർ മേഖലയിലാണെന്നും അതിനു കാരണമായി ഇയാൾ പറയുന്നുണ്ട്.

പരിശീലനം കഴിഞ്ഞാൽ ഏജൻസികൾ അഭിമുഖം നടത്തുമെന്നും അത് കഴിഞ്ഞാൽ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാം എന്നും ഇയാൾ പറഞ്ഞു.കൂടുതൽ വിശ്വാസ്യത ജനിപ്പിക്കാനായി, സിയോൺ എന്ന് പേരുള്ള ഈ ഓർഗനൈസേഷൻ ഒരു ക്രിസ്ത്യൻ സംഘടനയാണെന്നും, ഇതിന്റെ നടത്തിപ്പുകാർ തദ്ദേശവാസികളായ ബ്രിട്ടീഷുകാരാണെന്നും, മലയാളികൾ അല്ല എന്നും ഏജന്റ് വ്യക്തമാക്കി.

ഇതുവരെ മൂന്ന് മലയാളികളാണ് ഇയാളുടെ തട്ടിപ്പിനിരയായത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ലക്ഷം രൂപ വീതമാണ് ഇയാൾ ഓരോരുത്തരുടെ കൈയിൽ നിന്നും ഇയാൾ വാങ്ങിയിരിക്കുന്നത്. പണം നൽകി ഏറെ വൈകാതെ ഇയാളുടെ ഫോൺ പ്രവർത്തന രഹിതമാവുകയായിരുന്നു.

തട്ടിപ്പുകാർ ഇനിയും പല വഴികളിലൂടെ നിങ്ങളെ തേടിയെത്തും. ഏജന്റുമാർ വിസ നൽകാം എന്ന വാഗ്ദാനം നൽകുമ്പോൾ, സ്വപ്നങ്ങൾക്ക് അടിമപ്പെട്ട് വിവേകം കൈമോശം വരാതെആലോചിക്കുക. പലരുമായും കൂടിയാലോചിച്ചതിനു ശേഷം മാത്രം ഒരു തീരുമാനം എടുക്കുക. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ ശ്രമിക്കുക.