- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കൊല്ലം മുൻപ് മാത്രം യു കെയിൽ എത്തിയ മലയാളിയായ നടരാജന് ഏറെ വൈകാതെ ചാൾസ് രാജാവിനോടൊപ്പം വിരുന്നുണ്ണാം; അംഗീകാരം, നടരാജൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; കോവിഡ് ദുരന്തത്തിനിടെ ആശ്വാസമായ ഒലവക്കോട് സ്വദേശി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്ഷണം
ലണ്ടൻ: ചിലരങ്ങനെയാണ്, ആർദ്രമായ മനസ്സും, കാരുണ്യം വഴിഞ്ഞൊഴുകുന്ന ഹൃദയവും കൊണ്ട് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കും. അത്തരത്തിലൊരു വ്യക്തിയാണ് പ്രഭു നടരാജൻ. യു കെയിൽ എത്തി രണ്ടു വർഷം കൊണ്ടു തന്നെ ബാൻബറി കമ്മ്യുണിറ്റിയുടെ ജീവാത്മാവും പരമാത്മാവുമായി മാറാൻ ഈ മലയാളിക്ക് കഴിഞ്ഞത് തന്റെ ഹൃദയ വിശുദ്ധികൊണ്ടായിരുന്നു. തന്റെ ഭാര്യ ശിൽപക്കും മകനുമൊപ്പം പ്രഭു നടരാജൻ ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയത് 2020 മാർച്ചിൽ ആയിരുന്നു. കോവിഡിന്റെ താണ്ഡവം ആരംഭിക്കുന്ന സമയം. തൊഴിൽ സാധ്യതകൾ എല്ലാം മങ്ങിക്കിടക്കുന്നു. എന്നാൽ, അതൊന്നും പ്രഭു നടരാജന്റെ മനസ്സിനെ തകർത്തില്ല.
കോവിഡ് കാലത്ത് ഏറെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാം എന്നായിരുന്നു പ്രഭു വിചാരിച്ചത്. അതിനായി ആദ്യം അയാൾ ചെയ്തത് 15 പാക്കറ്റ് ഭക്ഷണം വാങ്ങി ആവശ്യക്കാർക്ക് സൗജന്യമായി നൽകുക എന്നതായിരുന്നു. യു കെയിൽ വന്ന സമയം ആയതിനാൽ പ്രഭുവിന് അന്ന് ഏറെ സുഹൃത്തുക്കളോ പരിചയക്കാരോ ഇല്ല. അതുകൊണ്ടു തന്നെ ആവശ്യക്കാർക്ക് ഭക്ഷണം നൽകാൻ തയ്യാറാണെന്ന് കാണിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു പ്രഭു ചെയ്തത്. ഒന്നര മണിക്കൂറിനുള്ളിൽ നൂറോളം ഫോണുകളായിരുന്നു പ്രഭുവിനെ തേടിയെത്തിയത്. ഇവിടെയായിരുന്നു പ്രഭു നടരാജൻ എന്ന മലയാളി യു കെയിൽ തന്റെ ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കുന്നത്.
ഇതൊക്കെ കൂടാതെ 1500 ഫേസ് മാസ്‌ക്, 500 കുപ്പി ഹാൻഡ് സാനിറ്റൈസർ എന്നിവയും പ്രഭു പ്രദേശത്താകെ വിതരണത്തിന് എത്തിച്ചു. ഭക്ഷണത്തിനും പലവ്യഞ്ജനങ്ങൾക്കും മറ്റ് സഹായങ്ങൾക്കും എല്ലാം ആവശ്യക്കാർ ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രഭു പിന്നെ അവരെ സഹായിക്കാനായി ഇറങ്ങുകയായിരുന്നു. സാന്റാക്ലോസിന്റെയും, ബാറ്റ്മാനും സൂപ്പർമാനും ഉൾപ്പടെയുള്ള കാർട്ടൂൺ ഹീറോകളുടെയും വേഷം കെട്ടി പ്രഭു തെരുവിലിറങ്ങി. ചില ദിവസങ്ങളിൽ ഭാര്യ ശിൽപയും കൂടെ വേഷപ്രച്ഛന്നയായി ഇറങ്ങിയിട്ടുണ്ട്.
പ്രഭുവിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ പ്രദേശ വാസികളും ബിസിനസ്സ് സ്ഥാപനങ്ങളും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായി. സാമാന്യം നല്ലൊരു തുക ഇതുവഴി പിരിഞ്ഞു കിട്ടുകയും ആവശ്യക്കാർക്കെല്ലാം ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാൻ കഴിയുകയും ചെയ്തു. 2020 ൽ മാത്രം 11,000 ഭക്ഷണപ്പൊതികളായിരുന്നു പ്രഭു ഇങ്ങനെ വിതരണം ചെയ്തത്. ഭക്ഷണത്തിനു പുറമെ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചോക്ക്‌ലേറ്റുകൾ എന്നിവയും പ്രഭു സൗജന്യമായി വിതരണം ചെയ്തു.
ബാൻബറിയിൽ അവിചാരിതമായി വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനയിൽ എത്തിയതാണ് പ്രഭുവിനെ ഇവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലേക്ക് എത്തിക്കുന്നത്. തുടർന്ന് തന്റെ മകന്റെ പിറന്നാൾ ആഘോഷം വേണ്ടെന്നു വച്ച് 600 പൗണ്ടിലേറെ തുക കൂടെ ജോലി ചെയ്യുന്നവരുടെയും മറ്റും സഹായത്തോടെ സമാഹരിച്ചു മകൻ പഠിക്കുന്ന സ്‌കൂളിലെ 25 കുടുംബങ്ങൾക്ക് ഭക്ഷണവും വസ്ത്രവും അടങ്ങുന്ന സമ്മാനപ്പൊതികൾ നൽകിയാണ് പ്രഭു തുടക്കമിടുന്നത്. എന്നാൽ പലരും ചെയ്യുന്നത് പോലെ, മറ്റുള്ളവരെ സഹായിക്കുക എന്നത് ഒറ്റത്തവണ കൊണ്ട് അവസാനിപ്പിക്കുവാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
യുകെയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രാദേശിക സമൂഹത്തിനു ഹീറോ ആയി മാറുവാൻ പ്രഭുവിന് കഴിഞ്ഞിരുന്നു. തനിക്കു ലഭിക്കുന്ന തുച്ഛമായ വേതനത്തിൽ ഒരു പങ്കു ബ്രിട്ടനിലെ പാവങ്ങൾക്കായി മാറ്റിവയ്ക്കാൻ തയ്യാറായതിലൂടെയാണ് ഈ യുവാവ് പ്രാദേശിക സമൂഹത്തിന്റെ ലോക്കൽ ഹീറോ എന്നറിയപ്പെടാൻ തുടങ്ങിയത്. പ്രഭുവിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ കണ്ട് യുകെയിലെ പ്രശസ്ത ഫർണിഷിങ് ബ്രാൻഡ് ആയ ഡനം തങ്ങളുടെ ബാൻബറിയിലെ പുതിയ ഷോറൂം തുറക്കാൻ ഉള്ള അവസരം പ്രഭുവിന് നൽകിയിരുന്നു.
താൻ നടത്തുന്ന പ്രവർത്തനങ്ങൾ മാധ്യമ ശ്രദ്ധയിൽ എത്തിക്കാനൊന്നും കാര്യമായ ശ്രമം ഒന്നും ഇദ്ദേഹം ചെയ്യുന്നില്ല എന്നതും പ്രത്യേകതയാണ്. ഈസ്റ്റർ ചാരിറ്റിക്കായി ഓൺലൈൻ ഫണ്ട് ശേഖരണത്തിലൂടെ രണ്ടായിരം പൗണ്ടിലേറെ ഒറ്റയ്ക്ക് കണ്ടെത്താനും പ്രഭുവിനായി. ഇക്കാര്യങ്ങൾ അറിഞ്ഞതോടെ പ്രാദേശിക എംപി വിക്ടോറിയ പെന്റിസ് പ്രഭുവിന് കത്തയച്ചാണ് നന്ദി അറിയിച്ചത്. ഇതോടെ സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കുന്ന പ്രഭുവിന്റെ കാർ സർവീസ് ചെയ്യുന്നത് പോലും സൗജന്യമായി ചെയ്യാൻ പ്രദേശത്തെ ഒരു മെക്കാനിക് തയ്യാറായി. ഒരു പഴയ ടിവി വാങ്ങാൻ താൽപര്യം ഉണ്ടെന്നു ഫേസ് ബുക്കിൽ കുറിപ്പിട്ടപ്പോൾ പുത്തൻ ടിവിയുമായി പ്രദേശത്തെ ഒരു സ്ഥാപന ഉടമയും പ്രഭുവിന്റെ വീട്ടിലെത്തി.
കോവിഡ് കാലത്തെ ദുരന്തത്തിനിടയിൽ ഒരു കൈത്തിരിവെട്ടമായി തെളിഞ്ഞു നിന്ന പ്രഭുവിനെ തേടി നിരവധി ബഹുമതികൾ എത്തിച്ചേരുകയുണ്ടായി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പോയിന്റ്‌സ് ഓഫ് ലൈറ്റ്‌സ് അവാർഡും പ്രഭുവിന് സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ, ഈ നിഷ്‌കാമ കർമ്മിയെ തേടി മറ്റൊരു ബഹുമതി കൂടി എത്തുന്നു. രാജാവിന്റെ കിരീടധാരണത്തിനോടനുബന്ധിച്ച് കൊറോണേഷൻ ചാമ്പ്യൻസ് ആയി തെരഞ്ഞെടുക്കപ്പെട്ടവരിൽ പ്രഭു നടരാജനും ഉണ്ട്. റോയൽ വോളന്ററി സർവ്വീസ് നൽകുന്ന ഈ അവാർഡിനായി പ്രഭു ഉൾപ്പടെ 500 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ബഹുമതി നേടിയവർക്കെല്ലാം പതക്കത്തോടൊപ്പം രാജാവും രാജ്ഞിയും ഒപ്പിട്ട സർട്ടിഫിക്കറ്റും ലഭിക്കും. മാത്രമല്ല, കിരീടധാരണ ചടങ്ങിലേക്ക് ഇവർക്ക് പ്രത്യേക ക്ഷണവും ലഭിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയാണ് പ്രഭു നടരാജൻ. ആലപ്പുഴ സ്വദേശിയാണ് ഭാര്യ ശിൽപ. ഇവർക്ക് എട്ട് വയസ്സായ ഒരു മകനുമുണ്ട്.
മറുനാടന് ഡെസ്ക്