ലണ്ടൻ: യു. കെ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് തുടങ്ങുന്ന കാര്യം ബ്രിട്ടീഷ് എയർവേയ്സ് സജീവമായി പരിഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇതുമായി ബന്ധൂപ്പെട്ട് ബ്രിട്ടീഷ് എയർവേയ്സ് ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തുകയും പലതവണ ചർച്ചകൾ നടത്തുകയും ചെയ്തു എന്നും റിപ്പോർട്ട് പറയുന്നു. ഒരു അന്തിമതീരുമാനത്തിനായി കാത്തിരിക്കുകയാണിപ്പോൾ.

നിലവിൽ എയർ ഇന്ത്യ മാത്രമാണ് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നത്. ഗാറ്റ്‌വിക്കിൽ നിന്നാണ് കൊച്ചിയിലേക്ക് സർവീസ് ഉള്ളത്. ഈ റൂട്ടിൽ മറ്റൊരു വിമാന കമ്പനിയും നേരിട്ടുള്ള സർവീസ് നടത്താത്തതിനാൽ, ആഴ്‌ച്ചയിൽ മൂന്ന് ദിവസങ്ങൾ ഉള്ള ഈ സർവ്വീസിലെ ടിക്കറ്റ് നിരക്കുകൽ പരമാവധി ഉയർത്തിയിരുന്നു. ഈ സെക്ടർ ഇപ്പോൾ എയർ ഇന്ത്യ കുത്തകയാക്കി വച്ചിരിക്കുകയാണ്.

ബ്രിട്ടീഷ് എയർവേയ്സ് ഉദ്യോഗസ്ഥർ കൊച്ചി വിമാനത്താളവത്തിൽ എത്തുകയും അവിടത്തെ ബാഗേജ് ഹാൻഡ്ലിങ്, റാമ്പ് ഓപ്പറേഷൻ, യാത്രക്കാർക്കുള്ള സേവനം എന്നിവ പരിശോധിച്ചതായും അതിൽ പൂർണ്ണമായും സംതൃപ്തിപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ലണ്ടൻ- കൊച്ചി നേരിട്ടുള്ള വിമാന സർവ്വീസ് ബ്രിട്ടീഷ് എയർവേയ്സ് ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.

ഇത് സംഭവിച്ചാൽ യു കെ മലയാളികൾക്ക് തീർത്തും വലിയൊരു അനുഗ്രഹം തന്നെയാകും. ഈ റൂട്ടിൽ മത്സരം വരുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ എയർ ഇന്ത്യ നിർബന്ധിതമാകും. മാത്രമല്ല, സ്‌കോട്ട്ലാൻഡ്, വെയ്ൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്, ലണ്ടനിൽ എത്തി നേരിട്ടുള്ള വിമാനത്തിൽ കൊച്ചിയിലേക്ക് പോകാൻ സൗകര്യമാകും വിധത്തിൽ കണക്ടീവ് ഫ്ളൈറ്റുകളും ബ്രിട്ടീഷ് എയർവേയ്സിന് നൽകാൻ ആകും.

ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കാൻ ബ്രിട്ടീഷ് എയർവേയ്സിനെ പ്രേരിപ്പിക്കുന്നതിൽ മുൻകൈ എടുത്ത യുണൈറ്റഡ് സ്‌കോട്ട്ലാൻഡ്മലയാളി അസ്സോസിയേഷനിലെ ഡോ. രാജ്‌മോഹൻ പത്മനാഭൻ പറയുന്നത് അതീവ സന്തോഷകരമായ ഒരു കാര്യമാണിതെന്നാണ്. കൊച്ചി കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എന്ന് മാത്രമല്ല, ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലം കൂടിയാണ്. അതിനു പുറമെ ബ്രിട്ടീഷ് ആരോഗ്യ മേഖലയിലേക്ക് കെരളത്തിൽ നിന്നുള്ള നഴ്സുമാരുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ട്.,

അങ്ങനെ നോക്കുമ്പോൾ നിരവധി പേർക്ക് അനുഗ്രഹമാകും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു കെ മലയാളികൾക്ക് മാത്രമല്ല, അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ താമസിക്കുന്നവർക്കും ഇത് അനുഗ്രഹമാകും. കണക്ടിങ് വിമാനത്തിലെത്തി ഇവിടെനിന്നും കൊച്ചിക്ക് നേരിട്ട് പോകുമ്പോൾ വളരെയധികം സമയം ലാഭിക്കാൻ കഴിയും.