ദുബായ്: ടൂറിസ്റ്റ് വിസയിൽ ദുബായിലെത്തി ഡാൻസ് ബാറിൽ ജോലിക്കെത്തിയ മലയാളി പെൺകുട്ടി അനാശാസ്യത്തിനു നിർബന്ധിക്കപ്പെട്ടതോടെ ഓടിരക്ഷപ്പെട്ടു. ഇടുക്കി സ്വദേശിനിയാണു ദെയ്‌റയിലെ ഒരു ഡാൻസ് ബാറിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടത്. രണ്ടുദിവസം മുൻപ് 60 ദിവസത്തെ ടൂറിസ്റ്റ് വീസയിലാണു റിസപ്ഷനിസ്റ്റിന്റെ ജോലിക്കായി യുവതി യുഎഇയിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയതിന് ശേഷമാണ് താൻ ചതിക്കപ്പെടുകയാണെന്ന വിവരം പെൺകുട്ടി മനസ്സിലാക്കുന്നത്.

'നാട്ടിലെ ഒരു ചേച്ചി വഴിയാണ് ജോലി തരപ്പെടുത്തിയത്. ടൂറിസ്റ്റ് വീസയും വിമാന ടിക്കറ്റുമെല്ലാം അവർ തന്നെ ഏർപ്പാടാക്കി. പ്രഫഷനൽ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ഗൾഫിലേയ്ക്കു ജോലിക്കായി പോകാനായിരുന്നു തീരുമാനം. എന്നാൽ കോഴ്‌സിന്റെ പരിശീലനം പൂർത്തിയാക്കാനായില്ല. ആ സമയത്താണു ചേച്ചിയെ പരിചയപ്പെട്ടത്. ദുബായിൽ തനിക്ക് ആളുകളുണ്ടെന്നും അവിടെ റിസപ്ഷനിസ്റ്റിന്റെ ജോലി ശരിയാക്കിത്തരാമെന്നും അവർ പറഞ്ഞു.

വൈകാതെ തന്നെ വീസയും വിമാന ടിക്കറ്റും കയ്യിൽ കിട്ടിയതോടെ പോകാൻ തന്നെ തീരുമാനിച്ചു. കൂടാതെ, ടൂറിസ്റ്റ് വീസയായതിനാൽ താമസിക്കാൻ പ്രതിദിനം 150 ദിർഹം വാടകയുള്ള ഹോട്ടൽ മുറി ബുക്ക് ചെയ്ത രേഖയും കൈമാറിയിരുന്നു'. ഇതോടെ അവരുടെ വാക്കുകളിൽ പൂർണമായും വിശ്വസിച്ച് പോകുകയും ചെയ്തു. തുടർന്നു ജോലിയേക്കുറിച്ചോ കമ്പനിയെക്കുറിച്ചോ കൂടുതൽ അന്വേഷിക്കാതെ വിമാനം കയറുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.

മദ്യം വിളമ്പണം, സഹകരിക്കണം
'ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ ആളുകൾ കൂട്ടാനെത്തിയിരുന്നു. ദെയ്‌റയിലെ ഒരു ഹോട്ടലിലേയ്ക്കാണു നേരെ കൊണ്ടുപോയത്. ഡാൻസ് ബാറിലാണു ജോലി എന്നറിഞ്ഞത് അപ്പോഴായിരുന്നു. മലയാളികളടക്കം കുറേ സ്ത്രീകൾ ഇതേ ജോലി ചെയ്യുന്നുണ്ട്. അറിയാവുന്ന പോലെ നൃത്തം ചെയ്യണം. ആളുകൾക്കു മദ്യം ഒഴിച്ചുകൊടുക്കണം. രാത്രിയായപ്പോൾ മറ്റൊരു കെട്ടിടത്തിലെ താമസ സ്ഥലത്തേയ്ക്കു കൊണ്ടുപോയി. തുടർന്ന് അനാശാസ്യത്തിന് പ്രേരിപ്പിച്ചതായും യുവതി പറഞ്ഞു.

അനാശാസ്യത്തിന് വലിയ തുകയാണ് വാഗ്ദാനം ചെയ്തത്. മറ്റു പല സൗകര്യങ്ങളും വിവരിച്ചു. എന്നാൽ ചെറുത്തുനിന്നപ്പോൾ ചീത്ത പറയുകയും മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഭക്ഷണം പോലും നൽകിയില്ല. ആകെ ഭയന്ന താൻ വീട്ടിലേയ്ക്കു വാട്‌സാപ്പ് സന്ദേശം അയച്ചു. ഒടുവിൽ ഒരു ബന്ധു വഴി ദുബായിലെ അവരുടെ സുഹൃത്തിനെ ബന്ധപ്പെട്ടു. അവരാണ് ആരും കാണാതെ അവിടെ നിന്ന് രക്ഷപ്പെടാൻ വഴി പറഞ്ഞു കൊടുത്തത്'.

'ചെറിയൊരു കുടുസ്സുമുറിയിൽ എട്ടോളം സ്ത്രീകൾ താമസിക്കുന്നുണ്ടായിരുന്നു. രാത്രി മുഴുവൻ ജോലി ചെയ്ത് പകലാണുറക്കം. പകൽ സമയത്തു രക്ഷപ്പെടാൻ തീരുമാനിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏതെങ്കിലും സമയത്ത് മുറി തുറക്കാതിരിക്കില്ലെന്നും ആ തക്കം നോക്കി ഓടി രക്ഷപ്പെടണമെന്നും സുഹൃത്ത് ഉപദേശിച്ചു. പാസ്‌പോർട്ട് കൈവശം ഉണ്ടായിരുന്നു'. ഇന്ന് രാവിലെ മുറി പൂട്ടാൻ വിട്ടപോയ സമയത്ത് പാസ്‌പോർട്ടും മൊബൈൽ ഫോണും മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നെന്നു പെൺകുട്ടി പറഞ്ഞു. സഹായത്തിനായി ഏർപ്പാടാക്കിയിരുന്ന ഒരു യുവാവുമായി ബന്ധപ്പെട്ട് സുരക്ഷിതമായിരിക്കുകയായിരുന്നു.

എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് പോകണമെന്നാണ് പെൺകുട്ടിയുടെ ആഗ്രഹം. നല്ലൊരു ജോലി ലഭിക്കുകയാണെങ്കിൽ ഇവിടെ തന്നെ തുടരണമെന്നും ആഗ്രഹമുണ്ട്. എന്നാൽ പ്ലസ് ടു മാത്രമാണു വിദ്യാഭ്യാസയോഗ്യത. അതേസമയം പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ വേണ്ടി സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും ജോലി എന്ന് കേൾക്കുമ്പോൾ മറ്റൊന്നും ആലോചിക്കാതെ ചാടി വരരുതെന്നും പെൺകുട്ടി പറഞ്ഞു.