ർത്തമാനകാലത്തെ ബ്രിട്ടനിൽ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചയായി കുടിയേറ്റ പ്രശ്നത്തെ ഉയർത്തിക്കൊണ്ടു വരുന്നതിൽ സുവെല്ല ബ്രേവർമാൻ വിജയിച്ചു. മാധ്യമങ്ങളിലും, രാഷ്ട്രീയ സമ്മേളനങ്ങളിലുമെല്ലാം ഇന്ന് ചേരിതിരിഞ്ഞ് വാദിക്കപ്പെടുന്നത് കുടിയേറ്റ പ്രശ്നമാണ്. പ്രശ്നം ചൂടായി വരുന്നതിനനുസരിച്ച് സുവെല്ല ബ്രേവർമാനും നിലപാട് കൂടുതൽ കടുപ്പിക്കുകയാണ്. അനധികൃതമായി കുടിയേറ്റക്കാരെ യു കെയിൽ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന വക്കീലന്മാർക്ക് നേരെ അന്വേഷണം തിരിക്കാനാണ് ഇപ്പോൾ സർക്കാർ ഉദ്ദേശിക്കുന്നത്.

നാഷണൽ ക്രൈം ഏജൻസി (എൻ സി എ) ഇത്തരത്തിലുള്ള വക്കീലന്മാരെ കുറിച്ചുള്ള അന്വേഷണവുമായി മുൻപോട്ട് പോവുകയാണ്. മനുഷ്യക്കടത്ത് സംഘങ്ങളെ സഹായിക്കുന്നവർ എന്ന് സംശയിക്കപ്പെടുന്ന നൂറോളം വക്കീലന്മാർ ഇതിനോടകം തന്നെ എൻ സി എയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഈ വിഭാഗത്തിലെ പെട്ട വക്കീലന്മാരെ കണ്ടെത്താൻ ലോ സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസും ഒന്നിച്ചാണ് എൻ സി എ പ്രവർത്തിക്കുന്നത്.

ബ്രിട്ടനിൽ അഭയാർത്ഥിപ്പട്ടം ലഭിക്കാനായി ആധുനിക അടിമത്ത വിരുദ്ധ നിയമത്തെ ദുരുപയോഗം ചെയ്യുന്ന ചില സോളിസിറ്റർമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. യു കെയിലേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനുള്ള വിപുലമായ പരിപാടികളുടെ ഭാഗമാണ് ഈ പരിശോധനയും. തൊഴിലിനായും, ലൈംഗികാവശ്യങ്ങൾക്കായും മനുഷ്യക്കടത്ത് നടത്തുന്നത് വലിയ ക്രിമിനൽ കുറ്റം തന്നെയാണ്.

പലവിധ ചതികളിലൂടെ മനുഷ്യക്കടത്ത് സംഘങ്ങൾക്ക് തങ്ങളുടെ ഇരകളെ വരുതിയിൽ നിർത്താൻ കഴിയും. അതുവഴി അവരെ പലവിധത്തിലും ദുരുപയോഗം ചെയ്യാനും കഴിയും. അതുകൊണ്ടു തന്നെ, മനുഷ്യക്കടത്തുകാരെ സഹായിക്കുന്ന വക്കീലന്മാർക്ക് എതിരായ അന്വേഷണത്തെ പലരും സ്വാഗതം ചെയ്തിട്ടുമുണ്ട്. അതേസമയം, തങ്ങളുടെ കക്ഷികളെ സഹായിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരെ ഇരകൾ ആക്കി മാറ്റാനാണ് ഈ നടപടി എന്ന വിമർശനവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

എന്നാൽ, മനുഷ്യക്കടത്ത് സംഘങ്ങളെ സഹായിച്ചു എന്നതിനുള്ള മതിയായപ്രാഥമിക തെളിവുകൾ ലഭിച്ചവർക്ക് നേരെ മാത്രമാണ് അന്വേഷണം എന്ന് എൻ സി എവ്യക്തമാക്കിയിട്ടുണ്ട്. എൻ സി എയുടെ അന്വേഷണം തുടരുകയാണ്. എത്ര അഭിഭാഷകർക്ക് എതിരെ കേസ് ചാർജ്ജ് ചെയ്യുമെന്നോ, കുറ്റം തെളിഞ്ഞാൽ ശിക്ഷ എന്തായിരിക്കുമെന്നോ ഇപ്പോൾ വ്യക്തമല്ല. എന്നിരുന്നാലും, മനുഷ്യക്കടത്തിനെതിരായ സുപ്രധാന നടപ്ടി എന്നാണ് പൊതുവെ എല്ലാവരും ഇതിനെ വിലയിരുത്തുന്നത്.