- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിലെ പുതിയ നഴ്സുമാരിൽ മൂന്നിൽ രണ്ടും വിദേശത്ത് നിന്നെത്തിയവർ; മഹാ ഭൂരിപക്ഷം പേരും ഇന്ത്യാക്കാരെങ്കിൽ ഫിലിപ്പൈൻസുകാർ തൊട്ടു പിന്നാലെ; മൂന്നാം സ്ഥാനത്ത് നൈജീരിയൻ നഴ്സുമാർ; യുകെയിൽ നേഴ്സുമാരുടെ കണക്കിൽ ചർച്ച
ലണ്ടൻ: യു കെയിലേക്കുള്ള വിദേശ നഴ്സുമാരുടെ വരവ് എൻ എച്ച് എസിനെ ദോഷകരമായി ബാധിക്കുമോ? വിദേശ നഴ്സിങ് റിക്രൂട്ട്മെന്റിന് നിയന്ത്രണമില്ലെങ്കിൽ എൻ എച്ച് എസ് ഭാവിയിൽ പ്രതിസന്ധിയിലാകുമോ? 2019 മുതൽ യു കെയിൽ റെജിസ്റ്റർ ചെയ്ത നഴ്സുമാരുടെ കണക്കുകൾ പുറത്ത് വന്നതോടെ യു കെയിലെ മാധ്യമങ്ങളിൽചൂടുപിടിച്ച ചർച്ച ആയിരിക്കുകയാണിത്. കഴിഞ്ഞകുറേക്കാലമായി യു കെയിൽ റെജിസ്റ്റർ ചെയ്യുന്ന നഴ്സുമാരിൽ മൂന്നിൽ രണ്ടു പേരും വിദേശി നഴ്സുമാരാണ് എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വിദേശത്തു നിന്നുമെത്തുന്ന നഴ്സുമാരേയും മിഡ്വൈഫ്മാരേയും എൻ എച്ച് എസ് അമിതമായി ആശ്രയിക്കുന്നത് സുസ്ഥിരതയുള്ള സമീപനമല്ല എന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 2019 മുതൽ, യു കെയിൽ പരിശീലനം ലഭിച്ച് റെജിസ്റ്റർ ചെയ്യുന്ന നഴ്സുമാരുടെ എണ്ണത്തിൽ 22000 പേരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, വിദേശത്ത് പരിശീലനം നേടി എത്തുന്നവരുടെ എണ്ണത്തിന്റെ പകുതി മാത്രമാണിതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വിദേശ നഴ്സുമാരുടെ എണ്ണത്തിൽ ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത് 44000 പേരുടെ വർദ്ധനവാണ്. അതായത് എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവിൽ മൂന്നിൽ രണ്ട് ഭാഗം സംഭാവന ചെയ്തിരിക്കുന്നത് വിദേശികളാണെന്ന് ചുരുക്കം.
ഈ കണക്കുകൾ വ്യക്തമാക്കുന്നത്, ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ എൻ എച്ച് എസ് വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നു എന്നാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുമവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021-22 കാലത്തെ നഴ്സിങ് റിക്രൂട്ട്മെന്റിൽ സിംഹഭാഗവും ഇന്ത്യാക്കാരും ഫിലിപ്പൈൻസുകാരുമാണ്. എന്നാൽ, അഞ്ചിൽ ഒരു ഭാഗം റെഡ് ലിസ്റ്റിൽ ഉള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ഈ രാജ്യങ്ങളിൽ നിന്നും നഴ്സുമാരെ എടുക്കുന്നതിന് എൻ എച്ച് എസിന് വിലക്കുള്ളതാണ്.
നൈജീരിയ, ഘാന, നേപ്പാൾ, പാക്കിസ്ഥാൻ എന്നിവയാണ് ഇപ്പോൾ റെഡ് ലിസ്റ്റിൽ ഉള്ള രാജ്യങ്ങൾ. നേപ്പാളിൽ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ പ്രത്യേക ഉടമ്പടി ഉണ്ടാക്കുന്നതിനു മുൻപുള്ള ഡാറ്റയാണ് യു കെ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിന്റെ കൈവശമുള്ളത്. അതുപോലെ എൻഎച്ച് എസ്സിലെ ഭൂരിഭാഗം നഴ്സുമാരും ഉൾപ്പെടുന്ന ഫുൾ ടൈം ഇക്വിവലന്റ് അഡൾട്ട് നഴ്സ് വിഭാഗത്തിൽ നഴ്സുമാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും, എൻ എച്ച് എസ്സിൽ മൊത്തത്തിലുള്ള നഴ്സിങ് ഒഴിവുകൾ ഇപ്പോഴും വളരെ ഉയർന്ന് തന്നെയാണ് ഇരിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമയ, ജീവനക്കാരുടെ ക്ഷാമം മൂലം രോഗികൾക്ക് ആവശ്യമായ ശുശ്രൂഷകൾ നൽകുന്നതിനായി വിദേശ നഴ്സുമാരുടെ സഹായം തേടേണ്ടി വന്നതായി എൻ എച്ച് എസ് പ്രൊവൈഡേഴ്സിലെ പോളിസി ആൻഡ് സ്ട്രാറ്റജി ഡയറക്ടർ മിറിയം ഡീകിൻ പറയുന്നു. ബ്രിട്ടീഷ് ആരോഗ്വ്യ രംഗത്ത് ഈ വിദേശ ജോലിക്കാരുടെ സംഭാവനകൾ അമൂല്യമാണ്. എന്നാൽ, വിദേശ തൊഴിലാളികൾ അമിതമായി ആശ്രയിക്കുക എന്നത് സുസ്ഥിരമായ ഒരു സമീപനമല്ല എന്നും അവർ പറഞ്ഞു.
അതുകൊണ്ടു തന്നെ യു കെയിൽ നഴ്സുമാരെ കൂടുതലായി പരിശീലിപ്പിക്കുന്നതിലേക്ക് പണം നിക്ഷേപിക്കേണ്ടതുണ്ട്. അങ്ങനെ ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമത്തിന് പരിഹാരം കാണാനും വിദ്യാഭ്യാസ- പരിശീലന മേഖലകളിൽ വികസനം കൊണ്ടുവരാനും കഴിയും. അതിനായി ഇനി ഏറെ കാത്തു നിൽക്കാനാവില്ല എന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, അന്താരാഷ്ട്ര റിക്രൂട്ട്മെന്റുകൾ പാടെ അവഗണിക്കുന്നത് യു കെ ആരോഗ്യ മേഖലയ്ക്ക് താങ്ങാൻ ആകുന്ന ഒന്നല്ല എന്ന് നട്ട്ഫീൽഡ് ട്രസ്റ്റിലെ സീനിയർ ഫെല്ലോ ആയ ഡോ. ബില്ലി പാമർ അഭിപ്രായപ്പെട്ടു. വിദേശ നഴ്സുമാരെ ആശ്രയിച്ചാണ് എൻ എച്ച് എസ് മുൻപോട്ട് പോകുന്നത്. യു കെ യിൽ പരിശീലനം സിദ്ധിച്ച നഴ്സുമാരേക്കാൾ കൂടുതൽ കാലം ഈ മേഖലയിൽ തുടരുന്നതും വിദേശികളാണെന്ന് പാമർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സേവനങ്ങൾ നൽകുന്നത് നിർത്തലാകാതിരിക്കാൻ വിദേശ റിക്രൂട്ട്മെന്റ് മാത്രമാണ് ഒരു ഉപായം എന്നതിനോട് യോജിക്കാൻ ആവില്ലെന്നും പാമർ കൂട്ടിച്ചേർത്തു.
യു കെയിൽ പരിശീലനം സിദ്ധിച്ച നഴ്സുമാരെ കൂടുതലായി നിയമിക്കുക എന്നത് ഉടനടി സാദ്ധ്യമായ ഒരു കാര്യമല്ല. എന്നാലും ഈ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സർക്കാർ ഉടനടി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി ഈ മേഖലയിലെ തൊഴിൽ കൂടുതൽ ആകർഷണീയമാക്കണം.
നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് 2022 ൽ റെജ്സിറ്റർ ചെയ്ത നഴ്സുമാരിലും മിഡ്വൈഫുമാരിലും പകുതിയോളം പേർ യു കെക്ക് വെളിയിൽ പരിശീലനം ലഭിച്ചവരാണ് എന്നാണ്. നിലവിൽ, യു കെയിലെ മൊത്തം നഴ്സുമാരിലും മിഡ്വൈഫുമാരിലും ഏകദേശം 19 ശതമാനത്തോളം പേർ വിദേശത്ത് പരിശീലനം ലഭിച്ചവരാണ്. 2021 -22 കാലഘട്ടത്തിൽ യു കെ ക്ക് വെളിയിൽ പരിശീലനം സിദ്ധിച്ച 23,444 പേരാണ് കൗൺസിലിൽ റെജിസ്റ്റർ ചെയ്തത്. തൊട്ട് മുൻപത്തെ വർഷം ഇത് 9,884 മാത്രമായിരുന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗം ആളുകളും വരുന്നത് ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമാണ്.
വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെ സേവനം എൻ എച്ച് എസിന് വിലമതിക്കാനാകാത്തതാണെന്ന് പറഞ്ഞ എൻ എച്ച് എസ് എംപ്ലോയേഴ്സിലെ ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് ഡയറക്ടർ കരോലിൻ വാട്ടർഫീൽഡും പറയുന്നത് വിദേശികളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു എന്നത് ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വിടവ് വലുതാണ് എന്ന സൂചനയാണ് നൽകുന്നത് എന്നാണ്. ഇക്കാര്യത്തിൽ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നും അവർ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ തന്നെ ഇവിടെ കൈക്കൊള്ളേണ്ടതുണ്ട് എന്നും അവർ പറഞ്ഞു.
2024 മാർച്ച് ആകുമ്പോഴേക്കും 50,000 നഴ്സുമാരെ പുതിയതായി റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ 2019 ൽ പ്രഖ്യാപിച്ചിരുന്നു. ആ ലക്ഷ്യം കൈവരിക്കുമെങ്കിലും വിദേശത്തുനിന്നുള്ള റിക്രൂട്ടുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. അതു കൂടി മുൻപിൽ കണ്ടുകൊണ്ടായിരുന്നു എൻ എം സി റെജിസ്ട്രേഷനു വേണ്ട നിബന്ധനകളിൽ ചില ഇളവുകൾ വരുത്തിയത്. എന്നാൽ, ലോകാരോഗ്യ സംഘടന റെഡ് ലിസ്റ്റിൽ പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് വേണ്ടെന്ന് എൻ എച്ച് എസിന്റെ പുതിയ കോഡിൽ കർശനമായി പറയുന്നുണ്ട്.
ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് 2030 ഓടെ ആഗോളാടിസ്ഥാനത്തിൽ 13 ദശലക്ഷം നഴ്സുമാരുടെ കുറവുണ്ടാകും എന്നാണ്. തെക്ക് കിഴക്കൻ ഏഷ്യയേയും ആഫ്രിക്കയേയും ആയിരിക്കും ഇത് കൂടുതലായി ബാധിക്കുക. ഈ റിപ്പോർട്ട് പുറത്തു വന്നതോടെ നഴ്സുമാരുടെ വേതന വർദ്ധനവുമായി ബന്ധപ്പെട്ട ചർച്ചകൾ വേഗത്തിൽ വേണമെന്ന് ആർ സി എൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഏതായാലും ഇപ്പോൾ യു കെയിൽ ഉയർന്ന് വരുന്ന ആരോഗ്യ രംഗത്തെ സ്വദേശീവത്ക്കരണം സാധ്യമായാൽ, അത് വൻ തിരിച്ചടി ആവുക ഇന്ത്യയേയും ഫിലിപ്പൈൻസിനേയും പോലുള്ള രാജ്യങ്ങളിൽ ഉള്ളവരെയായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ