ലണ്ടൻ: നെറ്റ് ഇമിഗ്രേഷൻ റെക്കോർഡ് ഉയരത്തിലെത്തി എന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് കുടിയേറ്റം ബ്രിട്ടനിൽ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറാനുള്ള കാരണങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു കുടിയേറ്റം. എന്നാൽ, ബ്രിക്സിറ്റിനു ശേഷവും കുടിയേറ്റം കുതിച്ചുയരുന്നത് സർക്കാരിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. അതുകോണ്ട് തന്നെയാണ് കൂടുതൽ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ബാദ്ധ്യസ്ഥമായത്.

അനധികൃത കുടിയേറ്റത്തിനെതിരെ കർശന നിയമങ്ങൾ ഒരു ഭാഗത്ത് ഏർപ്പെടുത്തുമ്പോൾ നിയമപരമായ കുടിയേറ്റങ്ങളും നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. അതിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റുഡന്റ്സ് വിസയിൽ എത്തുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാനുള്ള ആശ്രിത വിസ നിർത്തലാക്കിയത്. യു കെ ജനപ്രതിനിധി സഭയിൽ എഴുതി നൽകിയ പ്രസ്താവനയിൽ സുവെല്ല ബ്രേവർമാൻ പരാമർശിക്കുന്നത്, ഗവേഷ പദ്ധതികളുമായി ബന്ധപ്പെട്ടുള്ളതല്ലാത്ത പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾക്ക് വരുന്ന വിദ്യാർത്ഥികൾക്ക് 2024 ജനുവരി മുതൽ അവരുടെ ആശ്രിതരെ കൊണ്ടു വരാൻ ആകില്ല എന്നാണ്.

2019-ൽ വിദ്യാർത്ഥികളുടെ ആശ്രിതരായി എത്തിയത് 16000 പേർ ആയിരുന്നെങ്കിൽ 2022 ൽ അത് 1,36,000 ൽ എത്തിയിരുന്നു. ഈ കണക്കുകൾ തന്റെ പ്രസ്താവനയിൽ സുവെല്ല ബ്രേവർമാൻ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. അതുപോലെ സ്റ്റുഡന്റ് റൂട്ടിൽ എത്തുന്നവർക്ക് അവരുടെ പഠനം പൂർത്തിയാകുന്നതിന് മുൻപായി വർക്ക് റൂട്ടുകളിലേക്ക് മാറാൻ കഴിയുകയില്ല. ഇതും കർശനമായി നടപ്പിലാക്കും.

അതിനു പുറമെ, യു കെയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടെന്നും തെളിയിക്കേണ്ടതുണ്ട്. ഈ മേഖലയിൽ പരിശോധന കൂടുതൽ കർശനമാക്കും. അതുപോലെ, യു കെയിലെ യൂണിവേഴ്സിറ്റികളിൽ പഠനത്തിന് എന്ന പേരിൽ വിസ ലഭ്യമാക്കി ആളുകളെ യു കെയിലെക്ക് കടത്തുന്ന ഏജന്റുമാരെ നിയന്ത്രിക്കാനും കർശന നടപടികൾ ഉണ്ടാകുമെന്ന സുവെല്ല ബ്രേവർമാൻ ജനപ്രതിനിധി സഭയിൽ വ്യക്തമാക്കി.

അതേസമയം ഗ്രാഡ്വേറ്റ് റൂട്ടിലുള്ള വിസ നിബന്ധനകൾക്ക് മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. പഠന ശേഷം രണ്ടു വർഷക്കാലം കൂടി യു കെയിൽ തുടർന്ന് ജോലിചെയ്യാൻ ഇനിയും കഴിയും. ഈ വ്യവസ്ഥ എടുത്തു മാറ്റുകയോ ഇല്ലെങ്കിൽ കാലാവധി കുറയുക്കുകയോ ചെയ്യും എന്നൊരു അഭ്യുഹം പരന്നിരുന്നു. എന്നാൽ, അത്തരത്തിലൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല.

ഈ വർഷം യു കെയിൽ പഠനത്തിനെത്തിയ വിദേശ വിദ്യാർത്ഥികളിൽ എണ്ണത്തിൽ മുൻപിൽ നിൽക്കുന്നത് ഇന്ത്യാക്കാരാണ്. അതേസമയം ആശ്രിതരെ കൊണ്ടു വരുന്ന കാര്യത്തിൽ നൈജീരിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആശ്രിതരുടെ കാര്യത്തിൽ അല്ലാതെ മറ്റ് നിബന്ധനകളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഇത് വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരെയും ബാധിക്കില്ല എന്നാണ് ഈ രംഗത്തുള്ളവർ പൊതുവെ വിലയിരുത്തുന്നത്.