ലണ്ടൻ: സ്വന്തം നാട്ടിൽ, നികുതി നൽകി ജീവിക്കുന്നവർ പോലും മുണ്ടുമുറുക്കിയുടുത്ത് ജീവിതം മുൻപോട്ട് തള്ളുമ്പോൾ, കള്ളബോട്ട് കയറിയെത്തിവർ കിട്ടിയ സൗകര്യം പോരെന്ന് പറഞ്ഞ് സമരത്തിനിറങ്ങുന്ന വിചിത്രമായ കാഴ്‌ച്ചയാണ് ബ്രിട്ടനിൽ കാണുന്നത്. ഇംഗ്ലീഷ് ചാനലിലൂടെ ചെറു യാനങ്ങളിൽ അനധികൃതമായി യു കെയിൽ എത്തി, പിന്നീട് സർക്കാർ ചെലവിൽ സെൻട്രൽ ലണ്ടനിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്നവരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്.

താമസിക്കുന്ന ഹോട്ടലിലേക്കുള്ള പ്രവേശനമാർഗ്ഗം തടഞ്ഞുകൊണ്ട് അവർ ആവശ്യപ്പെടുന്നത് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകണം എന്നാണ്. ബാംഗ്ലദേശ്, എരിത്രിയ, എത്യോപ്യ, ഇറാൻ, ഇറാഖ്, സൊമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 25 ഓളം അഭയാർത്ഥികളാണ് സമരത്തിനിറങ്ങിയിരിക്കുന്നത് സെൻട്രൽ ലണ്ടനിലെ കംഫർട്ട് ഇൻ പിംലികോയിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

മെച്ചപ്പെട്ട സൗകര്യത്തിന് ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു ഇവർ വഴിയടച്ച് സമരം ചെയ്തത്. തങ്ങളുടെ ബാഗുകളും മറ്റും തൂക്കി, കമ്പിളിയുമായി ഹോട്ടലിന് പുറത്ത് നിരത്തിൽ കിടന്ന് ഉറങ്ങുമെന്നും അവർ വാശിപിടിച്ചു. ഹോട്ടലിന്റെ മുൻ വാതിൽ അടച്ച് കുറ്റിയിട്ടശേഷം മാർക്കർ പെൻ താത്ക്കാലിക പൂട്ടായി ഉപയോഗിച്ച് വാതിൽ എളുപ്പത്തിൽ തുറക്കാൻ സാധിക്കാത്ത വിധത്തിൽ ആക്കുകയും ചെയ്തു.

ഒരു മുറിയിൽ രണ്ടുപേർക്ക് താമസിക്കാൻ കഴിയില്ല എന്നായിരുന്നു പ്രധാനമായും അവർ ചൂണ്ടിക്കാട്ടിയത്. ഒരു മുറിയിൽ ഒരാൾ എന്ന രീതിയിൽ താമസം ക്രമീകരിക്കുന്നത് വരെ സമരം തുടരും.ചില ഹോട്ടലുകളിൽ അത്തരത്തിലുള്ള സൗകര്യം അഭയാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ കംഫർട്ട് ഇന്നിൽ ഒരു മുറിയിൽ നാലുപേർ വീതമുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

രണ്ട് ചതുരശ്രമീറ്റർ സ്ഥലം നാല് പേർക്ക് ഉറങ്ങാൻ മതിയായതല്ലെന്ന് ഇറാനിൽ നിന്നെത്തിയ ഒരു അഭയാർത്ഥി പറഞ്ഞു. മാത്രമല്ല, വളരെ വൃത്തിഹീനമായ ശുചിമുറികളുമാണെന്നും അവർ പരാതിപ്പെടുന്നു. തങ്ങലെ ഹോട്ടലിലല്ല, ജയിലിലാണ് അടച്ചിരിക്കുന്നതെന്ന് അവർ പറയുന്നു.

കള്ളബോട്ട് കയറിയെത്തുന്ന അഭയാർത്ഥികൾക്കായി പ്രതിദിനം 6 മില്യൺ പൗണ്ടാണ് സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കുന്നത്. താമസ സൗകര്യത്തിനു പുറമെ അഭയാർത്ഥികൾ ഓരോരുത്തർക്കും പ്രതിവാരം 45 പൗണ്ട്‌പോക്കറ്റ് മണിയും നൽകുന്നുണ്ട്. ഇവർക്ക് സൗകര്യമൊരുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 400 ഹോട്ടലുകളാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതിൽ ഫോർസ്റ്റാർ കൺട്രി എസ്റ്റേറ്റുകളും, വിവാഹ ഹോളുകളും ഉൾപ്പെടും.

ഹോട്ടലുകൾക്ക് പകരമായി ഉപയൊഗ ശൂന്യമായ രണ്ട് എയർഫോഴ്സ് ക്യാമ്പുകൾ അനധികൃത അഭയാർത്ഥികളെ താമസിപ്പിക്കാനായി സർക്കാർ പരിഗണിക്കുന്നുണ്ട്. അതുപോലെ ചില മുൻ ജയിലുകൾ, സൈനിക ബാരക്കുകൾ തുടങ്ങിയവയും ഇതിനായി പരിഗണിക്കുന്നുണ്ട്. എന്നാൽ, തദ്ദേശവാസികൾ ഈ നീക്കത്തിന് എതിരാണ്.