- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്‌കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
ലണ്ടൻ: തീവ്ര വലതുപക്ഷക്കാരും നവ നാസികളും കുടിയേറ്റക്കാർക്കെതിരെ പൊരുതാൻ പദ്ധതികൾ തയ്യാറാക്കുമ്പോൾ, കുടിയേറ്റ നിയമങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാനാണ് ബ്രിട്ടണിലെ ഋഷി സുനക് സർക്കാർ ആലോചിക്കുന്നത്. കുടിയേറ്റത്തിനോടുള്ള മൃദസമീപനം സർക്കാർ മാറ്റി വയ്ക്കുകയാണെന്നാൺ' പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇൻഡഫനിറ്റ് ലീവ് ടു റെമെയ്ൻ (ഐ എൽ ആർ) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പൊൾ ഹോം ഓഫീസ് അധികൃതർ പരിഗണിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എൽ ആർ ലഭിക്കുന്നതിന് യു കെ യിൽ തുടർച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വർഷം എന്നതിൽ നിന്നും എട്ടുവർഷമായി ഉയർത്താനാണ് ആലോചന. അതുമാത്രമല്ല, ഐ എൽ ആർ ലഭിക്കണമെങ്കിൽ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും യു കെയിൽ ജോലി ചെയ്തതായോ സ്‌കൂൾ പഠനം നടത്തിയതായോ തെളിയിക്കേണ്ടതായും വരും.
അതിനു പുറമെ അപേക്ഷിക്കുന്നതിന് മുൻപുള്ള പത്ത്വർഷക്കാലയളവിൽ ക്രിമിനൽ കുറ്റങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവിൽ 65 വയസ്സിന് മുകളിലുള്ളവർക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയിൽ നിന്നുള്ള ഇളവും ഇല്ലാതെയാക്കും. കുടിയേറ്റ നയങ്ങൾ കൂടുതൽ കർശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളിൽ പ്രഥമ പരിഗണന ലഭിക്കുന്നവയിൽ ഒന്നാണെന്ന് പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് ഈ നീക്കം.
വർദ്ധിച്ചു വരുന്ന കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാഷ്ട്രത്തലവന്മാരുടെ ഒരു ചർച്ചയും ഋഷി സുനക് കഴിഞ്ഞയാഴ്‌ച്ച മുൻകൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിൻ' മുൻപായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളിൽ ഒന്നാണ് ചാനൽ വഴിയുള്ള അനധികൃത അഭയാർത്ഥി പ്രവാഹം തടയും എന്നത്. മിഡ്ലൻഡ്സിലെയും വടക്കൻ മേഖലയിലേയും ലേബർ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകളുടെ സ്വഭാവം നിയന്ത്രിക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്.
ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചത്. അത് നേടിയെടുത്തവർ രാജ്യത്തിനായി നിരവധി സംഭാവനകൾ നൽകിയവരാണെന്നും വക്താവ് പർഞ്ഞു. യു കെയിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യു കെ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകാൻ സർ കീർ സ്റ്റാർമർ ആലോചിക്കുന്നു എന്ന് കാബിനറ്റ് മന്ത്രി മൈക്കൽ ഗോ കഴിഞ്ഞ ദിവസം ആരോപിക്കുകയും ചെയ്തിരുന്നു.
വർദ്ധിച്ചു വരുന്ന കുടിയേറ്റം ബ്രിട്ടീഷ് ജനതയുടെ ഉറക്കം കെടുത്തുന്നു എന്നാണ് ഈ നീക്കങ്ങൾ തെളിയിക്കുന്നത്. അമിതമായ തോതിലുള്ള കുടിയേറ്റമാണ് തീവ്ര വലതുപക്ഷത്തിന് വളരാനുള്ള മണ്ണ് ഒരുക്കുന്നതെന്ന ഒരു അഭിപ്രായം ചിലയിടങ്ങളിൽ നിന്നെല്ലം ഉയരുന്നുമുണ്ട്. ന്യു ബ്രിട്ടീഷ് യൂണിയൻ എന്ന നവ നാസി സംഘടനയുടെ രഹസ്യ യോഗത്തിനെ കുറിച്ചുള്ള റിപ്പോർട്ടും ഇതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്.
മറുനാടന്‍ മലയാളി ബ്യൂറോ