- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിക്രൂട്ടിംഗുകാർ കൂട്ടത്തോടെ കുടുങ്ങുന്നു; രണ്ടു മലയാളി ഏജൻസികൾക്ക് ലൈസൻസ് നഷ്ടം; ഡോം കെയർ വിസയിൽ 19 ലക്ഷം വരെ നൽകിയവർ മാസങ്ങളായി ജോലിയില്ലാത്ത സാഹചര്യത്തിൽ ഹോം ഓഫീസ് റിപ്പോർട്ടിങ്; സൗജന്യ നിയമ സഹായത്തിനു ആർക്കും വിളിക്കാൻ സർക്കാർ ഏജൻസി നൽകിയ ഹെൽപ്പ് ലൈൻ നമ്പർ ബ്രിട്ടീഷ് മലയാളികൾക്ക് ആശ്വാസമാകും
ലണ്ടൻ: രണ്ടു വർഷമായി ബ്രിട്ടണിൽ നടക്കുന്ന കാമ്പയിനിംഗിന് ഫലം എത്തി തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു മലയാളി റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ ലൈസൻസ് നഷ്ടമായതായി വിവരം പുറത്തെത്തി. ഈ ഏജൻസികൾ വഴി ജോലിക്കെത്തിയ നൂറോളം പേരുടെ ഭാവി ഇതോടെ തുലാസിലാവുകയാണ്. സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവ് വന്നതോടെ പരിഭ്രാന്തിയിലായ മലയാളി കെയർ ജീവനക്കാർ മാധ്യമ സഹായം തേടുക ആയിരുന്നു.
ചതിയിൽ കുടുങ്ങുന്നവരെ സഹായിക്കാൻ സജീവ പ്രവർത്തനം നടത്തുന്ന ഏതാനും യുകെ മലയാളികളുടെ ഇടപെടലിൽ ഇവരിൽ മുപ്പതോളം പേർക്ക് എങ്കിലും മറ്റൊരു ജോലി കണ്ടെത്താനാകുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്. എങ്കിലും മറ്റനേകം പേർക്ക് എന്ത് സംഭവിക്കും എന്ന് വ്യക്തതയില്ലാത്ത സാഹചര്യമാണ്. ലൈസൻസ് നഷ്ടമായ സ്ഥാപനങ്ങൾ കൂറ്റൻ പിഴ പ്രതീക്ഷിക്കുന്നതിനാൽ ഒരാൾക്ക് പോലും വാങ്ങിയ പണം മടക്കി നൽകാനും സാധ്യതയില്ല.
കെയർ ഹോം, ഡോം കെയർ വിസകളിൽ എത്തി ചതിക്കപ്പെട്ട നിലയിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ് ഇപ്പോൾ സഹായം തേടി ഓരോ ദിവസവും യുകെ മലയാളികളെ ബന്ധപ്പെടുന്നത്. എന്നാൽ ആർക്കും ആരെയും സഹായിക്കാൻ കഴിയുന്ന സാഹചര്യമല്ല എന്നതാണ് വാസ്തവം. സ്പോൺസർഷിപ്പ് ലൈസൻസ് എന്ന പിടിവള്ളിയിൽ നൂറുകണക്കിന് ആളുകളെ ഒറ്റയടിക്ക് യുകെയിൽ എത്തിച്ചു കോടികൾ കൈപ്പറ്റിയ റിക്രൂട്ടിങ് ഏജൻസിക്കാരുടെ ആർത്തിക്ക് ബലിയാടായി മാറിയിരിക്കുകയുമാണ് ഓരോ കുടുംബവും. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുമായി നാട്ടിൽ നിന്നും പോന്നതിനാൽ തിരികെ നാട്ടിൽ പോകാൻ പറ്റാത്ത സാഹചര്യവും ജോലി ഇല്ലാത്തതിനാൽ യുകെയിൽ തുടരാനാകാത്ത സാഹചര്യവുമാണ് നിസ്സഹായാവസ്ഥയിലായ മലയാളി കുടുംബങ്ങൾ ഇപ്പോൾ നേരിടുന്നത്. ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയില്ല എന്നതാണ് മിക്കവരും സഹായം തേടി വിളിക്കുമ്പോൾ പറയുന്ന സങ്കടവും.
ഡോം കെയർ വിസകൾ പുകയുന്ന അഗ്‌നിപർവ്വതങ്ങൾ
എന്താണ് ജോലിയെന്നോ എവിടെയാണ് ജോലിയെന്നോ എന്ന് മാത്രമല്ല ആർക്കാണ് ലക്ഷക്കണക്കിന് രൂപ കൊടുക്കുന്നത് എന്ന് പോലും അറിയാതെയാണ് ഭൂരിഭാഗം മലയാളികളും ഡോം കെയർ വിസ എന്ന പേരിൽ അറിയപ്പെടുന്ന വീടുകളിൽ പോയി പരിചരിക്കുന്ന ജോലിക്കായി യുകെയിൽ എത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നോട്ടിൻഹാമിൽ നിന്നും ബ്രിട്ടീഷ് മലയാളിയിൽ ബന്ധപ്പെട്ട മലയാളി യുവതി ഈ വിസയ്ക്കായി 19 ലക്ഷം രൂപയാണ് എറണാകുളത്തെ ഏജൻസിക്ക് കൈമാറിയത്.
ഇപ്പോൾ യുകെയിൽ എത്തിയിട്ട് രണ്ടു മാസം ആയെങ്കിലും ട്രെയിനിങ് എന്ന പേരിൽ ഏതാനും ദിവസം ജോലി ചെയ്തത് അല്ലാതെ ഇതുവരെ ഷിഫ്റ്റ് ലഭിച്ചിട്ടില്ല. രണ്ടു മാസമായി ഭർത്താവും മൂന്നു കുഞ്ഞുങ്ങളും അടക്കം വാടക വീട് എടുത്തു കഴിയുന്ന യുവതിക്ക് ആകെയുള്ള സഹായം ഉറ്റ ബന്ധുവാണ്. എന്നാൽ ഈ സഹായം പോലും ഇല്ലാത്തവരാണ് നൂറു കണക്കിന് മലയാളി കുടുംബങ്ങൾ. എല്ലാം ശരിയാക്കാം എന്ന രാഷ്ട്രീയ പാർട്ടിയുടെ മുദ്രാവാക്യം പോലെയാണ് ഈ ഏജൻസികൾ യുകെ മോഹവുമായി ജീവിക്കുന്ന സാധാരണ മലയാളികളിൽ നിന്നും പണം പിടുങ്ങുന്നത് എന്നതാണ് യാഥാർഥ്യം.
ഇപ്പോൾ വിളിക്കാം, സൗജന്യ നിയമ സഹായത്തിന്,
മറുനാടൻ മലയാളി അടക്കം നടത്തുന്ന ഇടപെടലിൽ അനേകം വായനക്കാരാണ് ഈ രംഗത്ത് സഹായ ഹസ്തവുമായി എത്തുന്നത്. ഓരോ വാർത്തകളും തർജ്ജമ ചെയ്തു ഹോം ഓഫീസിനും അന്വേഷണ ഏജൻസികൾക്കും കൈമാറിയതോടെ ഇരകളുടെ എണ്ണം ചെറുതല്ല എന്ന് മനസിലാക്കിയ അന്വേഷണ ഏജൻസികൾ ഇപ്പോൾ സൗജന്യ നിയമ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
യുകെയിലെമലയാളി അഭിഭാഷകരിൽ ഒരാൾ അനേകം പേരെ സൗജന്യമായി സഹായിക്കാൻ രംഗത്ത് എത്തിയിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിനും കൈകാര്യം ചെയ്യാൻ പറ്റാത്ത വിധം പരാതികൾ പ്രവഹിച്ചതോടെയാണ് ഇക്കാര്യത്തിലും സഹായം തേടി ഹോം ഓഫീസിനെയും നാഷണൽ ക്രൈം ഏജന്‌സിയെയും മറ്റും ബന്ധപ്പെടുന്നത്. ഇതോടെയാണ് സൗജന്യ നിയമ സഹായ വാഗ്ദാനം ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ അനേകം പേർ നിയമ പോരാട്ടത്തിന് തയ്യാറാകും എന്ന പ്രതീക്ഷയും സജീവമാകുകയാണ്.
തുടർച്ചയായ വാർത്ത പരമ്പരകൾ വഴി ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ ചെറുതല്ലാത്ത നേട്ടമാണ് ഇപ്പോൾ യുകെ മലയാളി സമൂഹത്തിനു സാധ്യമായിരിക്കുന്നത്. ഒരു സംഘടനയ്ക്കും മേധാവിത്തം അവകാശപ്പെടാൻ ഇല്ലാതെയാണ് ഈ നേട്ടം സാധ്യമായത് എന്നതും പ്രത്യേകതയാണ്. മാത്രമല്ല മിക്ക സംഘടനകളും റിക്രൂട്ടിങ് ഏജൻസികളുടെ പരസ്യവും സ്‌പോൺസർഷിപ്പും കൈക്കലാക്കി സ്വയം സ്വരം നഷ്ടമായ സാഹചര്യം തിരിച്ചറിഞ്ഞാണ് വായനക്കാർ മുൻകൈ എടുത്തു ഹോം ഓഫിസ്, നാഷണൽ ക്രൈം ഏജൻസി, ജിഎൽഎഎ, സാൽവേഷൻ ആർമി എന്നിവയുടെ സഹായം ഉറപ്പാക്കിയത്.
യുകെയിൽ ജോലി നേടാനായി ആർക്കെങ്കിലും പണം കൊടുത്തിട്ടുണ്ടെങ്കിൽ അക്കാര്യം രഹസ്യമായി പോലും അറിയിക്കാൻ ആണ് ഹോം ഓഫിസ് ആവശ്യപ്പെടുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ രണ്ടു മണിക്കൂർ സമയത്തേക്ക് വിളിക്കാനായിട്ടാണ് സൗജന്യ നിയമ സഹായ നമ്പർ ലഭ്യമായിരിക്കുന്നത്. പരാതികളോ രഹസ്യ വിവരങ്ങളോ കൈമാറേണ്ടത് 02087672777 എന്ന നമ്പറിലേക്കാണ്.
മറുനാടന് മലയാളി ബ്യൂറോ