ലണ്ടൻ: യുകെയിൽ എത്തി വെറും മൂന്നു ആഴ്ചക്കകം ജയിലിൽ എത്തിയ റെക്കോർഡ് ഇപ്പോഴും ചെഷയറിലെ ക്രൂ എന്ന സ്ഥലത്തെ മലയാളി യുവാവിന്റെ പേരിൽ തന്നെ . കഴിഞ്ഞ ദിവസം ന്യൂപോർട്ടിൽ ജയിലിൽ ആയ ചെറുപ്പക്കാരനും യുകെയിൽ എത്തിയിട്ട് ഒരു മാസം പിന്നിടിക്കുന്നതേയുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരം . ഇന്നലെ ദേശീയ മാധ്യമങ്ങളിൽ അടക്കം ഇയാൾ ടാക്‌സി ഡ്രൈവർ ആയിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അത് നാട്ടിലെ ജോലി പരിചയം മാത്രം ആണെന്നും യുകെയിൽ എത്തിയ ശേഷം പ്രാഥമികമായി ലഭിക്കേണ്ട ബി ആർ പി കാർഡ് പോലും ലഭിക്കും മുമ്പേയാണ് വീട്ടുവഴക്ക് ഉണ്ടായതെന്നും പറയപ്പെടുന്നു . ക്രൂവിലെ യുവാവ് 2021 ഡിസംബർ മുതൽ ജയിൽവാസം അനുഭവിക്കുബോൾ കോടതി നൽകിയിരിക്കുന്ന ശിക്ഷ അഞ്ചു വർഷത്തേക്കാണ് .

ഇപ്പോൾ ന്യൂപോർട്ടിലെ മലയാളിക്ക് ലഭിച്ചിരിക്കുന്നത് അല്പം കുറഞ്ഞ കാലയളവ് ആണെങ്കിലും ഒരു വർഷത്തിൽ അധികം ജയിലിൽ കിടന്നാൽ നാട്ടിലേക്കു നാടുകടത്തപ്പെടും എന്നാണ് ലഭ്യമാകുന്ന നിയമ ഉപദേശം . എന്നാൽ പലപ്പോഴും ജയിൽ ശിക്ഷയിൽ ഇളവുകൾ ലഭിക്കുന്ന സാഹചര്യത്തിൽ എട്ടോ പത്തോ മാസത്തെ ശിക്ഷക്ക് ശേഷം ഇയാൾക്ക് പുറത്തു വരാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട് . ആ സാഹചര്യത്തിൽ ഒരു പക്ഷെ നാടുകടത്തപ്പെടൽ ഒഴിവാക്കപ്പെടുകയും ചെയ്‌തേക്കാം . എന്നാൽ ന്യൂപോർട് മലയാളി ജയിലിൽ ആയ കാര്യം റിപ്പോർട്ട് ചെയ്ത ബ്രിട്ടീഷ് മാധ്യമ വാർത്തകളുടെ ചുവടെ എത്തുന്ന കമന്റുകളിൽ ശിക്ഷ കുറഞ്ഞു പോയതിൽ നാട്ടുകാർ പ്രകടിപ്പിക്കുന്ന അമർഷം വക്തമാണ് . ശിക്ഷ വിധിച്ച ജഡ്ജിയെ പോലും രൂക്ഷമായി വിമർശിക്കുന്ന കമന്ടുകൾ മാധ്യമ വാർത്തകളുടെ ചുവടെ കാണാനാകുന്നുണ്ട് .

ക്രൂവിൽ ഭാര്യയെ ഫ്‌ളാറ്റിലെ മൂന്നാം നിലയിൽ നിന്നും തള്ളി താഴെയിട്ടു എന്ന കുറ്റത്തിനാണ് അഞ്ചു വര്ഷം മലയാളി യുവാവ് ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്നത് . സംഭവത്തിൽ ലെയ്റ്റൻ ഹോസ്പിറ്റലിൽ നേഴ്‌സ് ആയ ഭാര്യ കടുത്ത നിലപാട് എടുത്തതും പ്രധാനമായി , കഴുത്തിനും നട്ടെലിനും ഒക്കെ പരുക്കേറ്റ യുവതി ഏറെക്കാലം ആശുപത്രിവാസത്തിലും ആയിരുന്നു . ഈ സാഹചര്യങ്ങൾ പരിശോധിച്ച ശേഷമാണു കോടതി യുവാവിന് കടുത്ത ശിക്ഷ നൽകിയതും . കേസ് റിപ്പോർട്ട് ചെയ്ത ശേഷം യുവാവ് ജാമ്യത്തിൽ ഇറങ്ങിയില്ല എന്നതും പ്രധാനമായിരുന്നു . വിചാരണ തുടങ്ങും മുൻപ് പ്രതിയായ യുവാവ് കുറ്റസമ്മതം നടത്തിയതിനാൽ കോടതി നേരിട്ട് ശിക്ഷ വിധിക്കുക ആയിരുന്നു .

പ്രതിക്ക് വേണ്ടി എത്തിയ സൗജന്യ നിയമ സഹായ വിദഗ്ധരും കുറ്റം സമ്മതിച്ചാൽ ശിക്ഷയുടെ കാഠിന്യം കുറയും എന്ന് തർജ്ജമക്കാരുടെ സഹായത്തോടെ പ്രതിയെ ബോധ്യപെടുത്തിയതും അതിവേഗ നടപടികൾക്ക് കാരണമായി . ഏറെക്കുറെ സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോൾ ന്യൂപോർട്ടിൽ സംഭവിച്ചിരിക്കുന്നതും . ഈ രണ്ടു സംഭവങ്ങളിൽ ഒരാളുടെ ഭാര്യ വിവാഹ മോചനത്തിന് തയ്യാറെടുക്കുമ്പോൾ മറ്റൊരാളുടെ ഭാര്യ ഭർത്താവ് ജയിൽ ശിക്ഷ കഴിഞ്ഞു എത്തിയാൽ മര്യാദക്കാരനായി മാറും എന്ന വിശ്വാസത്തിലാണ് . പക്ഷെ ശിക്ഷ കാലയളവ് ഇളവ് കിട്ടിയില്ലെങ്കിൽ രണ്ടു യുവാക്കൾക്കും നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്നുറപ്പാണ് . വീട്ട് വഴക്കുകളിൽ അതിവേഗ ശിക്ഷ , ബ്രിട്ടീഷ് നിയമത്തോടുള്ള അനാദരവും അറിവില്ലായ്മയും മലയാളി യുവാക്കളെ അതിവേഗം ജയിലിൽ എത്തിക്കുന്നു

കഴിഞ്ഞ മൂന്നു വർഷമായി അനേകം വീട്ടുവഴക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് . വാടക ലഭിക്കാൻ വീടുകൾ ഷെയർ ചെയ്തവരും മോഹിച്ചെത്തിയ നാട്ടിൽ സ്വപ്ന തുല്യ ജീവിതമല്ല എന്ന സാഹചര്യം നേരിടുന്നവരും ഒക്കെ വീട്ടു വഴക്കുകളിൽ പ്രതികളായി മാറുകയാണ് . കോടതിയുടെ സമയ ലാഭത്തിനു പല കേസുകളിലും പ്രതികളോട് കുറ്റസമ്മതം നടത്തുന്നതാണ് അഭികാമ്യം എന്ന് നിയമ ഉപദേശം ലഭിക്കുന്നതോടെ വേഗത്തിൽ ശിക്ഷ നടപടികൾ പൂർത്തിയാക്കുകയാണ് . പല സംഭവങ്ങളിലും പൊലീസ് റിപ്പോർട്ട് ആയിക്കഴിഴുമ്പോൾ കരഞ്ഞു കാലുപിടിച്ചു വാദിയും പ്രതിയും കേസിൽ നിന്നും ഒഴിവാകാൻ ഉള്ള ശ്രമം നടത്തുന്നതും സാധാരണമായിക്കൊണ്ടിരിക്കുകയാണ് . അടുത്തിടെ നോർത്തപ്റ്റണിൽ നിന്നും ഒന്നിലേറെ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ലെസ്റ്ററിലും കവൻട്രിയിലും പോര്ടസ്മൗത്തിലും കെന്റിലെ ഒക്കെ സമാനമായ തരത്തിൽ കേസുകൾ വർധിക്കുകയാണ് .

ബ്രിട്ടീഷ് നിയമ വ്യവസ്ഥയെ വളരെ ലഘുവായി കാണുന്ന മലയാളി മനോഭാവമാണ് കേസുകളുടെ എണ്ണം കൂടാൻ കാരണമായി വിലയിരുത്തപ്പെടുന്നത് . കേരളത്തിൽ വീട്ടുവഴക്ക് നടത്തുന്നത് പോലെ യുകെയിലും ആകാം എന്ന് ചെറുപ്പക്കാർ തീരുമാനിക്കുന്നതും ഇപ്പോൾ സാധാരണമാകുകയാണ് . നിയമ നടപടികൾ ശക്തമാണെന്ന് ചെറുപ്പക്കാർ തിരിച്ചറിയുന്നത് കേസുകളിൽ നിയമ സഹായം തേടി എത്തുമ്പോൾ മാത്രമാണ് . അടുത്തിടെ ലിവിങ് ടുഗെദറിൽ കഴിഞ്ഞ യോർക്കിലെ മലയാളി നേഴ്‌സ് വിവാഹത്തിന് തയാറായ വിദ്യാർത്ഥിയായ യുവാവിന് എതിരെ വ്യാജ പരാതി നൽകിയതും യുകെയിലെ നിയമ വ്യവസ്ഥയെ നിസാരമായി കാണുന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് .

ഈ കേസിൽ നിയമ സഹായം തേടി ബന്ധപ്പെട്ട യുവാവിനെ സഹായിക്കാൻ തയാറായത് മലയാളി അഭിഭാഷകൻ തന്നെയാണ് . ഒടുവിൽ യുവാവിന് എതിരെ കേസെടുക്കാൻ കാരണം കണ്ടെത്താനാകാതെ പോയ പൊലീസ് വ്യാജ പരാതിയുമായി എത്തിയ യുവ മലയാളി നേഴ്സിനെ താക്കീത് നൽകി മടക്കുക ആയിരുന്നു . ഈ കേസുമായി യുവതി മുന്നോട്ട് പോയിരുന്നെകിൽ പിൻ നമ്പർ അടക്കം നഷ്ടമാകുന്ന സാഹചര്യം കൂടി ആയിരുന്നു . ഇത്തരത്തിൽ വ്യാജവും അല്ലാത്തതും എന്നൊക്കെ തരംതിരിക്കാൻ കഴിയും വിധമാണ് മലയാളി ചെറുപ്പക്കാർക്കിടയിൽ യുകെയിൽ കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് .