- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെംബ്ലിയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ബോർഡർ പൊലീസിന്റെ മിന്നൽ പരിശോധന; അടുക്കളയിൽ കിടന്നുറങ്ങിയിരുന്ന അഞ്ച് അനധികൃത ജീവനക്കാർ പിടിയിൽ; മണിക്കൂറിന് 4 പൗണ്ട് വീതം ആഴ്‌ച്ചയിൽ 60 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചെന്ന് ആരോപണം
ലണ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി മുൻപോട്ട് പോകുന്നതിനിടയിൽ അനധികൃതമായി ജോലിചെയ്യുന്നവരെയും പൂട്ടാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. വെംബ്ലിയിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോം ഓഫീസ് എൻഫോഴ്സ്മെന്റ് ടീം നടത്തിയ തെരച്ചിലിൽ അനധികൃതമായി ജോലി ചെയ്തിരുന്ന അഞ്ചുപേർ പിടിയിലായി.
റെസ്റ്റോറന്റിലെ അടുക്കളയിലായിരുന്നു ഹോട്ടലുടമ അനധികൃതമായി ഇവരെ ജോലിയെടുപ്പിച്ചിരുന്നത്. റെസ്റ്റോറന്റിന്റെ ബേസ്മെന്റിലുള്ള അടുക്കള പുറത്തു നിന്നും എളുപ്പത്തിൽ കാണാനാകാത്ത വിധത്തിലുള്ളതാണ്. 2022 ഏപ്രിലിൽ നാഷണൽ മിനിമം വേജസിലും താഴ്ന്ന തുകയായിരുന്നു ഇവർക്ക് വേതനമായി നൽകിയിരുന്നത്. എല്ലാം പണമായിട്ട് തന്നെയായിരുന്നു നൽകിയിരുന്നതും.
പിടിയിലായവരിൽ ഒരാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത് പ്രതിദിനം പത്ത് മണിക്കൂർ വരെ ജോലി ചെയ്യാറുണ്ടായിരുന്നു എന്നും ആഴ്‌ച്ചയിൽ ആറ് ദിവസം ജോലി ചെയ്യാറുണ്ടായിരുന്നു എന്നുമാണ്. അതിനായി, ഇന്ത്യൻ വംശജനായ ഹോട്ടലുടമ നൽകിയിരുന്നത് പ്രതിദിനം 30 അപുണ്ടോ 40 പൗണ്ടോ ആയിരുന്നത്രെ.
തന്റെ കടമകളും ഉത്തരവാദിത്തങ്ങളും നന്നായി അറിയുന്ന തൊഴിലുടമ അടുക്കളയിലെ ജീവനക്കാരുടെ കാര്യത്തിൽ അത് പാലിച്ചില്ലെന്ന് ഹോം ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. പിടിയിലായവരിൽ ഒരാളുടെ വിസ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വർഷമായി എന്നും അതിൽ പറയുന്നുണ്ട്. വിസയുടെ കാലാവധി കഴിഞ്ഞ കാര്യമൊ, അവർക്ക് ബ്രിട്ടനിൽ ഔദ്യോഗികമായി ജോലി ചെയ്യാൻ അനുവാദമില്ലെന്ന കാര്യമോ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഉടമ പറയുന്നത്. ഇന്ത്യയിൽ ഏറെ കഷ്ടപ്പാടുകൾ ഉള്ളവരായതിനാൽ അവരെ സഹായിക്കാൻ ശ്രമിക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് റേസ്റ്റോറന്റ് ഉടമ പറയുന്നത്.
അതേസമയം, തങ്ങൾക്ക് നിയമപരമായി യു കെയിൽ ജോലി ചെയ്യാൻ ആകില്ലെന്ന കാര്യം റെസ്റ്റോറന്റ് ഉടമക്ക് അറിയാമെന്നാണ് പിടിയിലായവരിൽ മറ്റൊരാൾ പറഞ്ഞത്. മാസം 900 പൗണ്ട് ക്യാഷ് ആയി നൽകുകയായിരുന്നു എന്ന് ഇയാൾ പറഞ്ഞു. കൂടാതെ സൗജന്യ ഭക്ഷണവും നൽകും. മൂന്ന് മാസമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു എന്ന് സമ്മതിച്ച ഇയാൾ, ജോലിക്ക് കയറുന്നതിന് മുൻപായി ഉടമ രേഖകൾ ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും പറഞ്ഞു.
എന്നാൽ, താൻ പാസ്സ്പോർട്ടിന്റെ കോപ്പി അവരോട് ആവശ്യപ്പെട്ടിരുന്നെന്നും അവർ തന്നില്ലെന്നുംഉടമ പറയുന്നു. ജോലിത്തിരക്കിനിടയിൽ അത് പിന്നീട് ചോദിച്ചു വാങ്ങാൻ വിട്ടുപോയതാണെന്നും ഉടമ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥർ തിരച്ചിലിനെത്തിയപ്പോൾ അടുക്കളയിൽ ഉറങ്ങുകയായിരുന്ന ഇവർ ഒരു ലോറിയിൽ ഒളിച്ചിരുന്ന് 2006 ൽ ആയിരുന്നു യു കെയിൽ എത്തിയത് എന്ന് പറയുനു.
ഇവർക്ക് പുറമെ ഉപഭോക്തൃ സേവന വിഭാഗത്തിൽ മറ്റ് ഏഴുപേർ കൂടി അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ലൈസൻസ് പുന പരിശോധിക്കുവാൻ ഹോം ഡിപ്പാർട്ട്മെന്റ് ബ്രെന്റ് കൗൺസിലിലെ ബന്ധപ്പെട്ട സബ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്