ഹൈദരാബാദ്: ലണ്ടനിൽ ഒരു നരാധമന്റെ പിച്ചാത്തി പിടിക്ക് ഇരയായപ്പോൾ തേജസ്വിനി യാത്രയായത് വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി. ഹൈദരാബാദ് സ്വദേശിനിയായ 27കാരി കൊല്ലപ്പെടുന്നത് വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവെയായിരുന്നു. ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തവെയാണ് കോന്തം തേജസ്വിനി എന്ന 27കാരിയാണ് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പഠനത്തിനായി ലണ്ടനിൽ പോയ സ്വദേശിനി കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അവസാനമായി നാട്ടിൽ എത്തിയത്. കഴിഞ്ഞ മേയിൽ വരാനിരുന്നതാണെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഇത്തവണ വരുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ആ പെൺകുട്ടി കത്തിക്കിരയായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

മൂന്നു വർഷം മുമ്പാണ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യാൻ ലണ്ടനിൽ പോയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു തേജസ്വിനി കൊല്ലപ്പെട്ടത്. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും സാരമായി പരുക്കേറ്റു.

തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനായ കെവിൻ അന്റോണിയോ ലോറെൻസോ ഡി മോറിസ് ആണ് തേജസ്വിനിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.