- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൾസ് രാജാവിന്റെ ജന്മദിനത്തിൽ ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഇന്ത്യാക്കാരും; ആരോഗ്യ പ്രവർത്തരും, ബിസിനസ്സ് പ്രമുഖരും, സാമൂഹ്യ പ്രവർത്തകരും ഒക്കെ പട്ടികയിൽ ഇടംപിടിച്ചു; യു കെ സർക്കാർ പട്ടിക പുറത്തുവിട്ടു
ലണ്ടൻ: പതിവുപോലെ, ബ്രിട്ടീഷ് സിംഹാസനാധിപതിയുടെ പിറന്നാൾ ദിനത്തിൽ, വിവിധ മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകിയവരെ ഈ വർഷവും ആദരിക്കും. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും, ബിസിനസ്സ് പ്രമുഖരും, സാമൂഹ്യ പ്രവർത്തകരും ഒക്കെയായി 40 ൽ അധികം ഇന്ത്യാക്കാർ ഇത്തവണത്തെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. രാജാവായതിനു ശേഷമുള്ള ചാൾസിന്റെ ആദ്യ ജന്മദിനത്തിൽ ആദരിക്കപ്പെടുന്നവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു.
യൂണിവേഴ്സി ഓർ ഓക്സ്ഫോർഡിലെ, ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിന്റെ ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ആയ ഡോ. പർവീന്ദർ കൗർ ആലെ ആണ് അതിൽ പ്രമുഖ. കോവിഡ് 19 കാലത്ത് വാക്സിനേഷൻ പദ്ധതിക്ക് നൽകിയ അമൂല്യമായ സംഭാവനകളെ അനുസ്മരിച്ചാണ് അവർക്ക് ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (ഒ ബി ഇ) ബഹുമതി നൽകുന്നത്. കിങ്സ് കോളേജ് ലണ്ടനിലെ റോബോട്ടിക് സർജറി ആൻഡ് യൂറോളജിക്കൽ ഇന്നോവേഷൻസിന്റെ ചെയർമാൻ പ്രൊഫസർ പ്രോകാർ ദാസ്ഗുപ്തയാണ് ഒ ബി ഇ ലഭിച്ച മറ്റൊരു ഇന്ത്യൻ വംശജൻ.
ബിസിനസ്സ് രംഗത്തു നിന്നും രണ്ട് പ്രമുഖ ഇന്ത്യൻ വംശജർ ഈ പട്ടികയിലുണ്ട്. ഗ്രാന്റ് തോർനോട്ടൻ യു കെഎൽ, എൽ പി യുടെ പങ്കാളിയും സൗത്ത് ഏഷ്യ വിഭാഗത്തിന്റെ തലവനുമായ അനുജ് ചാന്ദ് ആണ് അതിൽ ഒരാൾ. അന്താരാഷ്ട്ര വ്യാപാര- നിക്ഷേപ മേഖലകളിൽ നൽകിയ സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തിന് ഒ ബി ഇ നൽകുന്നത്. സോൾ കോസ്മെറ്റിക്സ് സ്ഥാപക ഹിന സോളങ്കിക്ക് മെംബർ ഓഫ് തെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (എം ബി ഇ) ബഹുമതിയും ലഭിച്ച്യൂ.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രിയായിരുന്നു സർക്കാർ ഈ ലിസ്റ്റ് പുറത്ത് വിട്ടത്. മൊത്തം 1,171 പേരാണ് ഇത്തവണ രാജാവിന്റെ ജന്മദിനത്തിൽ ആദരിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉള്ളത്. വേതനം കൈപ്പറ്റിയോ അല്ലാതെയോ തങ്ങളുടെ പ്രവർത്തന മേഖലകളിലും സമൂഹത്തിനും വിലയേറിയ സംഭാവനകൾ നൽകിയവരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 11 ശതമാനത്തോളം പേർ വംശീയ ന്യുനപക്ഷങ്ങളിൽ നിന്നുള്ളവരാണ്.
കൂട്ടത്തിൽ ഏറ്റവും ഉന്നത ബഹുമതിയായ നൈറ്റ്ഹുഡ് ലഭിച്ചവരിൽ അടുത്തിടെ അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് മാർട്ടിൻ ആമിസും ഉൾപ്പെടുന്നു. അവാർഡ് ജേതാവായ ബ്രിട്ടീഷ് സിനിമാ സംവിധായകൻ സ്റ്റീഫൻ ഫ്രിയേഴ്സ്, ഫാഷൻ മാഗസിൻ വോഗിന്റെ എഡിറ്റർ ഡെയിം അന്ന വിണ്ടൂർ, എഴുത്തുകാരൻ സർ ഇയാൻ മെകെവാൻ എന്നിവരും ഈ ഉന്നത ബഹുമതി ലഭിച്ചവരിൽ ഉൾപ്പെടുന്നു.
ഒ ബി ഇ ബഹുമതി ലഭിച്ച മറ്റ് ഇന്ത്യാക്കാരിൽ കൺസൾട്ടന്റ് ഒബ്സ്ട്രീറ്റീഷൻ അഞ്ജു കുമാർ, ഡിസ്ട്രിക്ട് ക്രൗൺ പ്രോസിക്യുട്ടർ വരിന്ദർ ഹേയ്‌രെ, യു കെ ഗ്രീൻ ബിൽഡിങ് കൗൺസിൽ ചെയർമാൻ സുനന്ദ് പ്രസാദ് എന്നിവർ ഉൾപ്പെടുന്നു. ഫിസിയോതെറാപിസ്റ്റ് റോമ ഭോപാൽ, അടുത്തിടെ മേയർ ആയിരുന്ന ബാവാ സിങ് ഡല്ലു, വയലിനിസ്റ്റ് ജ്യോത്സ്ന ശ്രീകാന്ത്, ഡി ജെയും ബ്രോഡ്കാസ്റ്ററുമായ റിതു ഖുറാന എന്നിവർ എം ബി ഇ ലഭിച്ച മറ്റു ഇന്ത്യാക്കാരാണ്. ഇവരെ കൂടാതെ ബ്രിട്ടീഷ് എമ്പയർ മെഡൽ (ബി ഇ എം ) ലഭിച്ചവരിൽ 11 ഇന്ത്യൻ വംശജർ ഉൾപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ