ലണ്ടൻ: യു കെയിൽ ജോലി ചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് ലഭിച്ച്, ഏറെ പ്രതീക്ഷകളോടേ യു കെയിൽ എത്തിയ നൂറു കണക്കിന് മലയാളി നഴ്സു,മാരാണ് യു കെയിൽ ദുരിതമനുഭവിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യു കെയിൽ എത്തിയ ഇവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴിൽ ലഭിച്ചില്ല. പലരും ആറുമാസത്തോളമായി ഒരു വരുമാനവുമില്ലാതെ യു കെയിൽ തന്നെ കഴിയുകയാണ്.

ഇത്തരത്തിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്നവരെ ഉൾപ്പെടുത്തി യു കെയിലെ കേരള കമ്മ്യുണിറ്റി ആദ്യം ഒരു വാട്ട്സ്അപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. 400 ൽ അധികം പേരായിരുന്നു അന്ന് ദുരിതമനുഭവിക്കുന്നവരായി ഉണ്ടായിരുന്നത്. യു കെയിലെ സോളിസിറ്റർമാരുടെ സഹായം തേടുന്നതിനും, മറ്റ് ജോലികൾക്ക് അപേക്ഷിക്കുന്നതിനുമൊക്കെ യു കെ മലയാളി സമൂഹം ഇവർക്ക് ഒരു തുണയായി നിൽക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി മലയാളികൾക്ക് ഇടയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. യു കെയിൽ എത്തിയതിനു ശേഷമാൺ്യൂ് പലരും തങ്ങൾ കബളിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കുന്നത്. ഇവരെ യു കെയിൽ എത്താൻ സഹായിക്കുന്ന ഏജന്റുമാരുമായി സംസാരിക്കുമ്പോൾ, പലരും സഹായിക്കാമെന്ന് ഏൽക്കുകയല്ലാതെ യാതൊന്നു ചെയ്യാറില്ല. യു കെ മലയാളികൾ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഹോം ഡിപ്പാർട്ട്മെന്റിനെ അറിയിച്ചു എങ്കിലും കാര്യമായ പരിഗണന അതിന് ലഭിച്ചിരുന്നുമില്ല.

കഴിഞ്ഞ ശനിയാഴ്‌ച്ച ഗാർഡിയൻ ഒബ്സർവർ ഇവരുടെ ദുരിതങ്ങൾ, ഒരു ലേഖനത്തിലൂടെ തുറന്ന് കാട്ടിയപ്പോഴായിരുന്നു ഈ വിഷയം പൊതു ശ്രദ്ധയിലെത്തിയത്. യു കെയിൽ ജോലി ചെയ്യുവാനായി റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്സുമാർക്ക് ലഭിക്കുന്ന അവഗണനയും അവരെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നുമുള്ളതിന്റെ നേർ ചിത്രമായിരുന്നു ഈ ലേഖനം

യു കെയിൽ എത്തുന്നതിന് 20 ലക്ഷം രൂപ വരെ പലരും മുടക്കിയിട്ടുണ്ട് എന്ന് ഗാർഡിയന്റെ ലേഖനത്തിൽ പറയുന്നു. സർക്കാർ ധനസഹായമുള്ള, കെയർ ഹോമുകളിലെ ജോലിക്കായാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്. പഠന വൈകല്യമുള്ള കുട്ടികൾ, സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ, വൈകല്യങ്ങളും അവശതകളും ഉള്ള കുട്ടികൾ തുടങ്ങിയവരെ ശുശ്രൂഷിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് ഏറിയപങ്ക് മലയാളി നഴ്സുമാരെയും റിക്രൂട്ട് ചെയ്തിരിക്കുന്നത്.

യു കെയിൽ എത്തി പതിനൊന്നാം നാൾ മുതൽ ശമ്പളം ലഭിക്കുമെന്നാണ് ഇന്ത്യയിൽ റിക്രൂട്ട്മെന്റ് സമയത്ത് പറഞ്ഞിരുന്നത് എന്ന് ഗാർഡിയന്റെ ലേഖനത്തിൽ പറയുന്നു. എന്നാൽ, ഷിഫ്റ്റുകൾ ആരംഭിച്ചതിനു ശേഷം മാത്രമെ ശമ്പളം ലഭിച്ചു തുടങ്ങുകയുള്ളു എന്നതാണ് യാഥാർത്ഥ്യം. അഡിമിൻസ്ട്രേഷനിലെ കാലതാമസവും, ചില ഹോമുകൾ താത്ക്കാലികമായി അടച്ചു പൂട്ടിയതുമെല്ലാം, ഒഴിവുകളുടെ എണ്ണം കുറയാൻ ഇടയാക്കി.

ഇതോടെ പലർക്കും ജോലിക്ക് കയറാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. ഇക്കാലമത്രയും വരുമാനം ലഭിച്ചില്ല എന്ന് മാത്രമല്ല, വിസ തോഴിലുടമയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മറ്റ് തൊഴിലുകളിൽ ഏർപ്പെടാനും ആകില്ല. ഗാർഡിയനിൽ ഈ വാർത്ത വന്നതിനു പുറകെ മലയാളം മാധ്യമങ്ങളും ഇത് എറ്റെടുത്തു. ഇപ്പോൾ കേംബ്രിഡ്ജിലെ ഒരു രാഷ്ട്രീയ നേതാവ് ഇക്കാര്യം ഹോം സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിരിക്കുകയാണ്.

ഈസ്റ്റ് ചെസ്റ്റെർട്ടണിൽ നിന്നുള്ള കൗൺസിലറും കേംബ്രിഡ്ജ് ഡെപ്യുട്ടി മേയറുമായ ബൈജു ത്രിത്താല വർക്കിയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കത്ത്. പാവപ്പെട്ട ഇന്ത്യൻ നഴ്സുമാരെ ചൂഷണം ചെയ്ത് വൻ തുക തട്ടിയെടുക്കുന്നതിനുള്ള ഒരു സംഘടിത കുറ്റകൃത്യമാണിതെന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്.