ടൊറന്റോ: കാനഡയിൽ കഴിഞ്ഞയാഴ്ച കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ വിഷയ് പട്ടേലിന്റേതെന്നു (20) സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മാനിറ്റോബ പ്രവിശ്യയിലെ ബ്രാൻഡൻ നഗരത്തിലെ ഹൈവേ 110 പാലത്തിനു സമീപം അസിനിബോയിൻ നദീതീരത്തു ഞായറാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്.

അസിനിബോയിൻ കമ്യൂണിറ്റി കോളജ് വിദ്യാർത്ഥിയായ പട്ടേൽ നദീതീരത്തേക്കു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പരിശോധനകൾ പൂർത്തിയായാലേ മൃതദേഹം പട്ടേലിന്റേതാണോ എന്ന് ഉറപ്പിക്കാനാവൂ എന്നു പൊലീസ് പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കും.