- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയിൽ തടാകത്തിൽ വീണു മരിച്ച വിദ്യാർത്ഥികളിൽ കൊല്ലം സ്വദേശിയും; പൊലിഞ്ഞത് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ്: അപകടം സെൽഫി എടുക്കാൻ ശ്രമിക്കവേ കാൽ വഴുതി വീണ പ്രത്യുഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
കൊല്ലം: റഷ്യയിൽ തടാകത്തിൽ വീണു മരിച്ച എംബിബിഎസ് വിദ്യാർത്ഥികളിൽ കൊല്ലം സ്വദേശിയായ യുവാവും. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയും സിദ്ധാർഥ കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാഗര നഗർ 48 ബി.യിൽ സുനിൽ കുമാറിന്റെ മകനുമായ സിദ്ധാർഥ് സുനിൽ (24) ആണു മരിച്ചത്. തടാകത്തിൽ വീണു മരിച്ച കണ്ണൂരിലെ പ്രത്യുഷയ്‌ക്കൊപ്പമാണ് സിദ്ധാർത്ഥും അപകടത്തിൽപ്പെട്ടത്. പ്രത്യുഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ധാർത്ഥും മരണപ്പെട്ടത്.
കണ്ണൂർ മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ ഷെർളി ദമ്പതികളുടെ മകൾ പ്രത്യുഷ (24) മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്നലെയാണ് സിദ്ധാർത്ഥിന്റെ മരണ വാർത്ത പുറത്ത് വരുന്നത്. തടാകത്തിന്റെ കരയിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന പ്രത്യുഷ കാൽ തെന്നി വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച സിദ്ധാർഥും അപകടത്തിൽപ്പെടുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതെന്ന് സിദ്ധാർഥിന്റെ പിതാവ് പറഞ്ഞു.
റഷ്യയിലെ സ്‌മോളൻസ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥി ആയിരുന്നു സിദ്ധാർഥ്. യൂണിവേഴ്‌സിറ്റിക്കു സമീപമാണ് തടാകം. സുഹൃത്തുക്കളോടൊപ്പം ആണു സിദ്ധാർത്ഥും പ്രത്യുഷയും തടാകം കാണാൻ പോയത്. എന്നാൽ അത് ഇരുവരുടേയും അവസാന യാത്രയായി മാറുകയായിരുന്നു. ആറു മാസത്തിനകം പഠനം പൂർത്തിയാക്കി സിദ്ധാർത്ഥ് നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് മരണം തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിൽ വന്നിരുന്നു. മൃതദേഹം ദുബായ് വഴി നാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. മാതാവ്: സന്ധ്യ സുനിൽ. സഹോദരി; പാർവതി.